ഗുണമേന്മയുള്ളതുമായ ഭക്ഷ്യവസ്തുക്കള്‍ ലഭ്യമാക്കാന്‍ പദ്ധതികളുമായി കുടുംബശ്രീ
കല്‍പ്പറ്റ: പരിസ്ഥിതി സൗഹൃദവും ഗുണമേന്മയുള്ളതുമായ ഭക്ഷ്യവസ്തുക്കള്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ കാര്‍ഷിക മേഖലയില്‍ പുതിയ പദ്ധതികളുമായി കുടുംബശ്രീ. അയല്‍ക്കൂട്ടങ്ങളെ ഉപയോഗിച്ച് ജൈവ മാതൃകയില്‍ കൃഷിയിറക്കി ഉല്‍പന്നങ്ങള്‍ വിപണിയിലെത്തിക്കാനാണ് പദ്ധതിയിടുന്നത്. ഇതിനായി ഓരോ അയല്‍ക്കൂട്ടത്തിനും കുറഞ്ഞത് മൂന്ന് സെന്റിലെങ്കിലും ജൈവ രീതിയില്‍ കൃഷി ചെയ്യുന്നതിന് നിര്‍ദേശം നല്‍കും. വിളയിച്ചെടുക്കുന്ന ഉല്‍പന്നങ്ങള്‍ ഓണക്കാലത്ത് കുടുംബശ്രീ ചന്തകളിലൂടെ വിപണനം നടത്തുകയാണ് ലക്ഷ്യം. തദ്ദേശ ഭരണ സ്ഥാപനങ്ങള്‍, ജില്ലാ ഭരണകൂടം, കൃഷി വകുപ്പ്, ആരോഗ്യ വകുപ്പ് എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക.
മഹിള കിസാന്‍ ശാക്തീകരണ പര്യയോജന (എം.കെ.എസ്.പി) പദ്ധതി നിലവില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ മൂവ്വായിരത്തി ഇരുനൂറോളം കൂട്ടുത്തരവാദിത്ത സംഘങ്ങള്‍ ജില്ലയില്‍ കൃഷി ചെയ്തു വരുന്നുണ്ട്. 1826 ഹെക്ടര്‍ സ്ഥലത്താണ് കൃഷിയുള്ളത്. ഇതില്‍ 470 ഹെക്ടറില്‍ നെല്ലും 203 ഹെക്ടറില്‍ പച്ചക്കറിയുമാണ് കൃഷി ചെയ്യുന്നത്. അമ്പലവയല്‍ കാര്‍ഷിക ഗവേഷണ കേന്ദ്രം, എം.എസ് സ്വാമിനാഥന്‍ റിസര്‍ച്ച് സെന്റര്‍, കൃഷി വകുപ്പ് എന്നിവയിലെ വിദഗ്ധരുടെ മേല്‍നോട്ടത്തില്‍ പരിശീലനം നേടിയ അംഗങ്ങളുടെ നേതൃത്വത്തിലാണ് നിലവിലെ കാര്‍ഷിക പ്രവര്‍ത്തനം. കഴിഞ്ഞ വിഷുക്കാലത്ത് കുടുംബശ്രീയുടെ ഇടപെടല്‍ മൂലം വിപണിയില്‍ പച്ചക്കറി വില നിയന്ത്രിക്കുതിന് സാധിച്ചിരുന്നു. ഈ മാതൃക വിജയകരമായതോടെയാണ് തുടര്‍ പ്രവര്‍ത്തനമെന്നോണം കാര്‍ഷിക മേഖലയില്‍ സമഗ്ര ഇടപെടലിന് കുടുംബശ്രീ ജില്ലാ മിഷന്‍ പദ്ധതി തയാറാക്കുന്നത്.
പുതിയ പദ്ധതിയുടെ രൂപരേഖ തയാറാക്കുന്നതിനും ജെ.എല്‍.ജികള്‍ക്കാവശ്യമായ മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കുന്നതിനുമായി സംഘടിപ്പിച്ച ഏഴ് ജില്ലകളിലെ എം.കെ.എസ്.പി ബ്ലോക്ക് കോര്‍ഡിനേറ്റര്‍മാരുടെ സംസ്ഥാനതല സംഗമം അമ്പലവയല്‍ കാര്‍ഷിക ഗവേഷണ കേന്ദ്രം ഡയറക്ടര്‍ ഡോ. പി രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ കെ.പി ജയചന്ദ്രന്‍ അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."