അക്രമികളില്‍നിന്ന് രക്ഷപ്പെടാന്‍ അടവുകളുമായി ജനമൈത്രി പൊലിസ്
പാലക്കാട്: അക്രമികളില്‍ നിന്നും മോഷ്ടാക്കളില്‍ നിന്നും എങ്ങനെ രക്ഷപെടാമെന്ന് ജനമൈത്രി പോലീസിന്റെ നവകേരളം-2018 നോടനുബന്ധിച്ച് ഇന്ദിരാ ഗാന്ധി മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന പ്രദര്‍ശനമേള ഒരുക്കിയിരിക്കുന്ന സ്റ്റാളില്‍ നിന്ന് മനസിലാക്കാം. നിര്‍ഭയ ടീമിന്റെ നേതൃത്വത്തില്‍ പെണ്‍കുട്ടികള്‍ക്ക്് അതിക്രമങ്ങളില്‍ നിന്നുള്ള പ്രതിരോധമാര്‍ഗങ്ങള്‍ എങ്ങനെയെന്ന്് കാണിച്ചു കൊടുക്കുന്നുണ്ട്്.
സൈബര്‍ സെല്ലിന്റെ സേവനങ്ങള്‍ വിശദമാക്കാന്‍ സൈബര്‍ടീമും മേളയിലുണ്ട്. ഫോണ്‍ കളഞ്ഞുപോയാല്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ടീം വിശദമാക്കുന്നു. സംസ്ഥാന പൊലിസ് സേന ഉപയോഗിക്കുന്ന വിവിധതരം തോക്കുകളും പ്രദര്‍ശനത്തിലുണ്ട്. വിദ്യാര്‍ഥികള്‍ക്ക് കുറ്റവാളികളും തീവ്രവാദികളും രഹസ്യമായി തോക്കുകള്‍ കൈകാര്യം ചെയ്യുതെങ്ങനെയെന്നും ശരീരത്തിലും മറ്റും തോക്കുകള്‍ ഒളിപ്പിച്ചു വയ്ക്കുന്നവരെ കണ്ടാല്‍ എങ്ങനെ തിരിച്ചറിയാമെന്നും പഠിപ്പിക്കുന്നുണ്ട്. ഡോഗ് സ്‌ക്വാഡിലെ പട്ടികളുടെ പ്രദര്‍ശനവും ജനമൈത്രി പൊലിസ് ഒരുക്കിയിട്ടുണ്ട്.
ലീഗല്‍ മെട്രോളജിയുടെ സ്റ്റാളില്‍ വിവിധ അളവു തൂക്ക ഉപകരണങ്ങള്‍ പ്രദര്‍ശനത്തിനുണ്ട്. മണ്ണെണ്ണ, പാല്‍, എണ്ണ, മദ്യം എന്നിവ അളക്കുന്ന ഉപകരണങ്ങള്‍ ഇവിടെ കാണാം. ആളുകളുടെ ഉയരവും തൂക്കവും സൗജന്യമായി അറിയാം. പായ്ക്കിങ് ലൈസന്‍സുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്കുള്ള മറുപടിയും ലഭിക്കും. ഭിന്നശേഷിയുള്ള വ്യക്തികളുടെ അവകാശങ്ങള്‍,വിവിധ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ എന്നിവ അറിയാനും ഭിന്ന ശേഷിയുള്ളവര്‍ക്കായുള്ള ആശ്വാസഭവന്‍ അംഗങ്ങള്‍ തയാറാക്കിയ ഉത്പന്നങ്ങള്‍ വാങ്ങാനും മേളയില്‍ സൗകര്യമുണ്ട്. സിവില്‍ സപ്ലൈസിന്റെ സ്റ്റാളില്‍ എങ്ങനെ ഇ-പോസ് മെഷിന്‍ ഉപയോഗിക്കാം, നേരിട്ട് റേഷന്‍ കടകളില്‍ എത്താന്‍ കഴിയാത്തവര്‍ക്കുള്ള ബദല്‍ മാര്‍ഗങ്ങള്‍ എന്നിവ വിശദമാക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."