പെരുന്തുരുത്തി-ഏറ്റുമാനൂര്‍ ബൈപാസിലെ പ്രധാന ജംഗ്ഷനുകളില്‍ അപകട ഭീഷണി
ചങ്ങനാശേരി: പെരുന്തുരുത്തിയില്‍ നിന്ന് ഏറ്റുമാനൂരിലേക്ക് പോകുന്ന ബൈപാസിന്റെ പ്രധാന ജംഗ്ഷനായ പായിപ്പാട് പഞ്ചായത്തിലെ നാലുകോടി ജംഗ്ഷനില്‍ വേണ്ടത്ര സുരക്ഷാ ക്രമീകരണം ഇല്ലാത്തത് അപകട ഭീഷണി ഉയര്‍ത്തുന്നതായി പരക്കെ ആക്ഷേപം.
മണിക്കൂറില്‍ നൂറുകണക്കിന് വാഹനങ്ങള്‍ കടന്നു പോകുന്ന പെരുംന്തുരുത്തി ഏറ്റുമാനൂര്‍ ബൈപാസിലെ പ്രധാന ജംഗ്ഷനുകളിലൊന്നാണിത്. ഈ ഭാഗത്ത് വേണ്ടത്ര വിസ്തൃതിയില്ലാത്തതാണ് പ്രധാന പ്രശ്‌നം. ഗതാഗത നിയന്ത്രണത്തിന് ശ്രദ്ധിക്കപ്പെടുന്ന സിഗ്നല്‍ ലൈറ്റുകളോ സൂചക ബോര്‍ഡുകളോ ഇല്ലത്തതും അപകടങ്ങള്‍ക്കു ഇടയാക്കുന്നു. അമിത വേഗത്തിലെത്തുന്ന വാഹനങ്ങള്‍ വേഗം കുറക്കാതെയും മറ്റ് ദിശകളില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ ശ്രദ്ധിക്കാതെയും കടന്നുപോകുന്നത് സാധാരണ കാഴ്ചയാണ്. ചങ്ങനാശേരി കവിയൂര്‍ റോഡ് ഈ ജംഗ്ഷനില്‍ സന്ധിക്കുന്ന ഭാഗത്ത് ഹമ്പുകള്‍ സ്ഥാപിച്ചിട്ടുണ്ട്.
എന്നാല്‍ ബൈപാസിലൂടെ കടന്നുപോകുന്ന വാഹനങ്ങളുടെ വേഗം നിയന്ത്രണത്തിന് സംവിധാനങ്ങളില്ല. പായിപ്പാട് പഞ്ചായത്ത് ഓഫീസ്, ബാങ്കുകള്‍, സെന്റ് തോമസ് പള്ളി, സെന്റ് റീത്താസ് ആശുപത്രി, പുത്തന്‍കാവ് അമ്പലം, സെന്റ് ജോസഫ് സ്‌കൂള്‍, കിളിമല എസ്.എച്ച്. സ്‌കൂള്‍, മറ്റു വ്യാപാര വ്യവസായ സ്ഥാപനങ്ങള്‍ തുടങ്ങിയവ ഈ ജംഗ്ഷനടുത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. സ്‌കൂള്‍ വെക്കേഷന്‍ തീരാറായി. ജൂണ്‍മാസം മുതല്‍ സ്‌കൂള്‍ തുറക്കുന്നതോടുകൂടി വിദ്യാര്‍ഥികളും റോഡില്‍ കൂടുന്നതോടുകൂടി വാഹനങ്ങളുടെ വേഗത നിയന്ത്രിച്ചില്ലെങ്കില്‍ അപകടം
വിദ്യാര്‍ത്ഥികളടക്കം നിരവധി യാത്രക്കാരെത്തുന്ന ഈ ജംഗ്ഷനില്‍ സുരക്ഷാസംവിധാനങ്ങള്‍ ഇല്ലാത്തത് അപകടത്തിന് കാരണമായി ചൂണ്ടികാണിക്കപ്പെടുന്നു. രണ്ടു വര്‍ഷം മുമ്പ് ഈ ജംഗ്ഷനില്‍വെച്ച് ഓട്ടോയില്‍ ലോറി ഇടിച്ച് അന്യ സംസ്ഥാന തൊഴിലാളികളായ മൂന്നുപേര്‍ മരിച്ചിരുന്നു. ജംഗ്ഷനില്‍ സുരക്ഷ ഉറപ്പു വരുത്തുന്നതിന് പഞ്ചായത്തും പോലീസും വിവിധ വകുപ്പുകളും ചര്‍ച്ചകള്‍ നടത്തി സത്വര നടപടി സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം നാട്ടുകാര്‍ പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങുമെന്നും പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."