മാലിന്യക്കുഴിയെടുക്കാന്‍ മണ്ണുമാന്തി യന്ത്രവുമായി സെക്രട്ടറി
നിലമ്പൂര്‍: ചന്തക്കുന്ന് ചാരംകുളത്ത് വനഭൂമിക്കു സമീപം മാലിന്യക്കുഴിയെടുക്കാന്‍ മണ്ണുമാന്തിയന്ത്രവുമായി എത്തിയ നഗരസഭാ സെക്രട്ടറിയെയും ഒപ്പമുള്ളവരെയും നാട്ടുകാര്‍ തടഞ്ഞു. വനഭൂമിയോട് ചേര്‍ന്ന് റവന്യൂ ഭൂമിയുണ്ടെന്ന വാദവുമായാണ് സെക്രട്ടറി മണ്ണുമാന്തിയുമായി എത്തിയത്. എന്നാല്‍ നാട്ടുകാര്‍ സെക്രട്ടറിയെ തടയുകയും വനം വകുപ്പിനെ വിവരമറിയിക്കുകയും ചെയ്തു. ഇതോടെ സ്ഥലത്തെത്തിയ സെക്ഷന്‍ ഫോറസ്റ്റ് ഓഫിസറുടെ നേതൃത്വത്തിലുള്ള വനപാലകര്‍ ഭൂമി വനംവകുപ്പിന്റേതാണെന്ന് വ്യക്തമാക്കുകയും 2011ല്‍ സ്ഥലത്തോട് ചേര്‍ന്ന് നിര്‍മിച്ച രണ്ട് ജണ്ടകള്‍ കാണിച്ചുകൊടുക്കുകയും ചെയ്തു. ഇതോടെ കുഴിയെടുക്കാന്‍ എത്തിയ സ്ഥലം റവന്യൂ ഭൂമി ആണെന്ന് തെളിയിക്കാനാവാത്തതിനാല്‍ സെക്രട്ടറി മണ്ണുമാന്തി യന്ത്രത്തില്‍ തന്നെ മടങ്ങുകയായിരുന്നു. ചാരംകുളം, ആശുപത്രിക്കുന്ന് ഡിവിഷനുകളുടെ അതിര്‍ത്തിയിലുള്ള വനഭൂമിയുടെ ഭാഗത്താണ് മാലിന്യകുഴി നിര്‍മിക്കാന്‍ ഒരുങ്ങിയത്. നഗരസഭാ പരിധിയില്‍ പുറമ്പോക്ക് ഭൂമി വ്യാപകമായുണ്ടെങ്കിലും ഇതുവരെ അളന്നു തിട്ടപ്പെടുത്താന്‍ കഴിയാത്തതാണ് നഗരസഭയെ വെട്ടിലാക്കിയിരിക്കുന്നത്.
ഞായറാഴ്ച ഗ്രാമസഭ നടന്നെങ്കിലും ഇവിടെ മാലിന്യക്കുഴി എടുക്കുന്ന കാര്യം ചര്‍ച്ച ചെയ്തില്ലെന്നും നിരവധി കുടുംബങ്ങള്‍ താമസിക്കുന്ന ഇവിടെ മാലിന്യനിക്ഷേപം നടത്താന്‍ ഒരു കാരണവശാലും അനുവദിക്കില്ലെന്നും നാട്ടുകാര്‍ പറഞ്ഞു. ഈ ഭൂമിയോട് ചേര്‍ന്ന കുറ്റിക്കാട്ടില്‍ മാസങ്ങളായി കാട്ടുപന്നികളടക്കം അധിവസിക്കുന്ന സ്ഥലമാണെന്നും നാട്ടുകാര്‍ പറഞ്ഞു. ഈ സമയം രണ്ടു കാട്ടുപന്നികള്‍ ഈ സ്ഥലത്ത് കിടക്കുന്നതും നാട്ടുകാര്‍ ശ്രദ്ധയില്‍പ്പെടുത്തി. മാലിന്യ സംസ്‌കരണത്തിന് പൊതുവായ സ്ഥലം കണ്ടെത്തുന്നതിന് നിലമ്പൂര്‍ ഗ്രാമപഞ്ചായത്ത് ആയിരുന്ന കാലത്തുതന്നെ തുടക്കം കുറിച്ചിരുന്നെങ്കിലും ഇതുവരെയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. നഗരസഭയുടെ അധീനതയിലുള്ള മുതുകാട് സ്ഥലത്ത് മാലിന്യം സംസ്‌കരിക്കാനുള്ള നീക്കം നാട്ടുകാര്‍ തടഞ്ഞിരുന്നു.
ഈ സാഹചര്യത്തിലാണ് നഗരസഭ തങ്ങളുടെ അധീനതിയില്‍ ഉണ്ടെന്നവകാശപ്പെടുന്ന ചാരംകുളത്തെ വനഭൂമിയോട് ചേര്‍ന്ന 13 സെന്റ് സ്ഥലത്ത് മാലിന്യക്കുഴി നിര്‍മിക്കാന്‍ എത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."