ഈ പോക്ക് എങ്ങോട്ട്
വിദ്വേഷവും അസഹിഷ്ണുതയും ഇളക്കിവിട്ട് ജനങ്ങളെ അകറ്റാനും തമ്മിലടിപ്പിക്കാനും എളുപ്പമാണ്. എന്നാല്‍, വെറുപ്പിന്റെ ഭൂതത്തെ പുറത്തിറക്കിയ ലാഘവത്തോടെ കുടത്തിലേയ്ക്കു തിരിച്ചുകയറ്റാനാവില്ല. മനുഷ്യത്വത്തിന്റെ അവസാനതുള്ളിയും ഊറ്റിക്കുടിച്ചേ അതിനു മതിവരൂ. ലോകത്തെ സര്‍വനാശത്തിലേയ്ക്കു തള്ളിയിടാന്‍ പോന്ന അസഹിഷ്ണുതയുടെ ആള്‍രൂപങ്ങളുടെ കൈകളിലേയ്ക്കു ലോകം അതിദ്രുതം വഴുതിവീഴുന്നുവെന്നതാണു വര്‍ത്തമാനകാലത്തിന്റെ കൊടിയ ദുരന്തം.
ശാസ്ത്ര-സാങ്കേതികരംഗത്തെ കുതിച്ചുചാട്ടം ലോകത്ത് വലിയമാറ്റങ്ങള്‍ക്കു വഴിതുറന്നു. സഞ്ചാരസൗകര്യവും ആശയവിനിമയോപാധികളും ലോകത്തെ കൊച്ചുഗ്രാമമാക്കി മാറ്റി. മണിക്കൂറുകള്‍ക്കകം ലോകം ചുറ്റിക്കറങ്ങിവരാനും മിനുറ്റുകള്‍ക്കുള്ളില്‍ ലോകത്തിന്റെ ഏതു കോണുകളിലുള്ളവരുമായും ആശയവിനിമയം നടത്താനും ഇപ്പോള്‍ നമുക്കു കഴിയുന്നു.
എന്നാല്‍, ഈ പുരോഗതിയൊന്നും മനുഷ്യനിലെ മനുഷ്യത്വത്തെ വിളക്കിയെടുക്കാനും പരസ്പരബന്ധം ഊട്ടിയുറപ്പിക്കാനും സഹായകമായിട്ടില്ലെന്നതാണ് അനുഭവങ്ങള്‍ വ്യക്തമാക്കുന്നത്. മനുഷ്യന്‍ കൂടുതല്‍ സങ്കുചിതമാകുകയും ഇടുങ്ങിയ മനസ്സിന്റെ കോണില്‍ സ്വയം കയറിക്കൂടുകയും ചെയ്യുകയാണ്. ഞാന്‍, എന്റെ മതം, എന്റെ ജാതി, എന്റെ ഭാഷ, എന്റെ ദേശം, എന്റെ വംശം എന്നീ വൃത്തങ്ങള്‍ക്കുള്ളില്‍നിന്നുകൊണ്ടാണു ശരിയും തെറ്റും ന്യായവും അന്യായവും നീതിയും അനീതിയുമെല്ലാം നാം വിലയിരുത്തുന്നത്. അപരിഷ്‌കൃതലോകത്തെ നിലപാടുകളിലേയ്ക്കു പരിഷ്‌കൃതകാലത്തെ മനുഷ്യന്‍ തിരിച്ചുപോവുകയാണ്.
ഞാന്‍ കേമന്‍, എന്റെ ജാതി ബഹുകേമം, എന്റെ ഭാഷ മഹോന്നതം. ഇങ്ങനെ താനുമായി ബനധപ്പെട്ടതെല്ലാം മഹത്തരം! ഇതു സാധിക്കാനും സ്ഥാപിക്കാനും നുണ പറയാം, വളഞ്ഞ വഴി സ്വീകരിക്കാം, എന്തു നെറികേടുകളും ചെയ്യാം, ആരെയും വകവരുത്താം, ആരെയും താഴ്ത്തിക്കെട്ടാം, ആര്‍ക്കുമെതിരേ പാര പണിയാം. അപരന്‍ ന്യായമായതു നേടാന്‍ ശ്രമിച്ചാലും അതിനു തടയിടണം. അധികാരം തങ്ങളുടെ കൈയില്‍ത്തന്നെ വേണം. അതു നേടിയെടുക്കാന്‍ ഏതു ഹീനമാര്‍ഗവും അഭിലഷണീയം.
ജനാധിപത്യവും മതേതരത്വവും മനുഷ്യാവകാശവും പൗരസ്വാതന്ത്ര്യവും ആവിഷ്‌കാരസ്വാതന്ത്ര്യവുമെല്ലാം സ്വന്തം ഹിതവും ഇംഗിതവും നടപ്പാക്കാനുള്ള ഉരുപ്പടികള്‍ മാത്രം. കുറേ നുണ പ്രചരിപ്പിച്ചുകൊണ്ടിരുന്നാല്‍ ഒരുനാള്‍ അതു സത്യമായി ഗണിക്കപ്പെടുമെന്ന സിദ്ധാന്തം. വലിയ അവകാശവാദങ്ങള്‍ക്കുള്ളില്‍ ഏത് അപരാധവും ഒളിപ്പിച്ചുവയ്ക്കാം. കണ്ണടച്ചിരുട്ടാക്കാനും ആടിനെ പട്ടിയാക്കാനും കഴിയുന്ന സാമര്‍ഥ്യവും കൗശല്യവുമാണ് ഇന്നിന്റെ ആവശ്യം. അത്തരക്കാര്‍ക്കു ജനങ്ങളുടെ പിന്തുണ നേടാം. അധികാരത്തിന്റെ ചെങ്കോലേന്താം. അംഗീകാരങ്ങളും ആദരവുകളും അവരെത്തേടിയെത്തും.
അധികാരസോപാനത്തിലേയ്ക്കു നടന്നടുക്കുന്നതിനിടയില്‍ അവര്‍ നീന്തിത്തുടിച്ചുവന്ന രക്തപ്പുഴകളൊന്നും ആരെയും അലട്ടുന്നില്ല. അവരുടെ പൊട്ടിച്ചിരികള്‍ക്കു കീഴേ പ്രതിധ്വനിക്കുന്ന അശരണരുടെ ആര്‍ത്തനാദങ്ങള്‍ ബധിരകര്‍ണങ്ങളിലാണു ചെന്നുപതിക്കുന്നത്. വംശീയതയുടെയും തീവ്രദേശീയതയുടെയും തീതുപ്പുന്നവരുടെ മുന്നില്‍ അധികാരസിംഹാസനങ്ങള്‍ മലര്‍ക്കെ തുറക്കപ്പെടുന്നു. വര്‍ഗീയതയുടെയും സങ്കുചിതദേശീയതയുടെയും ആള്‍രൂപമായി കളം നിറഞ്ഞാടിയവരും അവരുടെ ചട്ടുകമായി കൂറുതെളിയിച്ചവരും തങ്ങളുടെ തിന്മകളും നെറികേടുകളും വിദഗ്ധമായി ഒളിപ്പിക്കാന്‍ ജനാധിപത്യത്തിന്റെ വ്യാജവേഷം കെട്ടിയിറങ്ങിയിരിക്കുകയാണ്. ഇതു കണ്ടു ശബ്ദമുയര്‍ത്തി പ്രതിഷേധിക്കാന്‍പോലും മതേതരമനസ്സുകള്‍ക്കാവുന്നില്ല.
ഹിറ്റ്‌ലര്‍മാരും മുസോളിനിമാരും വര്‍ത്തമാനകാലത്തു പുതിയ വേഷംധരിച്ചു കടന്നുവരുന്നു. അവരുടെ അടവുകളും ആശയങ്ങളും പുതിയ താരോദയങ്ങള്‍ക്ക് ഊര്‍ജവും ഇന്ധനവുമായി ഭവിക്കുന്നു. അന്ധകാരയുഗത്തിലെ മൂഢവിശ്വാസങ്ങള്‍ പലതും പുതിയ രൂപഭാവങ്ങളില്‍ പ്രത്യക്ഷപ്പെടുന്നു. ശാസ്ത്രം പുരോഗതിയുടെ ഗിരിശൃംഗം പുല്‍കിയതായി മേനിനടിക്കുന്നവര്‍ക്കിടയില്‍ അന്ധവിശ്വാസങ്ങള്‍ക്കും ആചാരവൈകൃതങ്ങള്‍ക്കും നല്ല മാര്‍ക്കറ്റാണ്.
ഒരുമതത്തിന്റെ ചിഹ്നങ്ങള്‍ കാണുമ്പോള്‍ ഇതരമതക്കാര്‍ക്കു ഹാലികുന്നതെന്തുകൊണ്ടാണ്. ജര്‍മനിയിലെ ചില വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ മുസ്‌ലിംകളുടെ നിസ്‌കാരം നിരോധിക്കുകയാണത്രെ. കാരണം എന്തെന്നല്ലേ, ഈ ആരാധന കാണുമ്പോള്‍ ഇതരമതസ്ഥര്‍ക്കു പ്രകോപനമുണ്ടാകുന്നു! ഏഷ്യന്‍ വംശജന്‍ ക്രസ്തീയദേവാലയത്തില്‍ കുര്‍ബാന സ്വീകരിക്കുന്നതു യൂറോപ്യനു ദഹിക്കുന്നില്ല. ചിലരുടെ ശിരോവസ്ത്രം കാണുമ്പോള്‍ മറ്റുചിലര്‍ക്കു കലിയിളകുന്നു. ചന്ദനക്കുറിയോ രുദ്രാക്ഷമാലയോ കാണുമ്പോള്‍ ഹാലിളകുന്നവരുടെ സ്ഥിതിയും മറിച്ചല്ല.
ഈ അസഹിഷ്ണുത ലോകത്തെ എവിടെയാണു കൊണ്ടെത്തിക്കുക. മുമ്പൊക്കെ നേതാവിന്റെ യോഗ്യത വിശാലമായ വീക്ഷണവും വിവേകവും സമചിത്തതയുമൊക്കെയായിരുന്നു. ഇന്നിപ്പോള്‍ വംശീയതയും വര്‍ഗീയതയും ഇളക്കിവിടാന്‍ കഴിയുന്ന വികാരവിക്ഷോഭങ്ങള്‍ക്കു തീപിടിപ്പിക്കാന്‍ കഴിയുന്ന ആര്‍ക്കും നേതാവും ഭരണാധികാരിയുമാവാന്‍ പോന്ന തരത്തില്‍ നമ്മുടെ സാമൂഹിക മനസ്സു പാകപ്പെട്ടിരിക്കുന്നു. മുന്‍പരിചയമോ മുന്‍പിന്‍ വിചാരമോപോലും വേണമെന്നില്ല.
ഇതര മതബിംബങ്ങള്‍ കാണുമ്പോള്‍ ചുവപ്പുകണ്ട കാളയെപ്പോലെ വെകിളിപിടിക്കുന്നവരുണ്ട്. മനുഷ്യത്വം മറക്കുന്ന ഇത്തരക്കാര്‍ക്കു പിന്നീട് എതിരാളികളെ കൊല്ലുകയോ അവരുടെ സ്വത്തുക്കള്‍ അടിച്ചു തകര്‍ക്കുകയോ അവരെ ആട്ടിയോടിക്കുകയോ ചെയ്യണം. അതിനൊരു നമിത്തംവേണം. അതു മതമാകാം, ജാതിയാകാം, വംശീയ വെറിയാകാം, ഭാഷാഭ്രാന്താകാം, പ്രാദേശികചിന്തയാകാം. ആത്യന്തികമായി അവന്‍ പുറത്തെടുക്കുന്നതു മൃഗീയതാണ്. ആ മൃഗീയത മനുഷ്യത്വത്തിനുമേല്‍ വിജയം നേടുന്നതിനു സാക്ഷികളാകാനാണു നമ്മുടെ നിയോഗം.
വിദ്വേഷവും അസഹിഷ്ണുതയും ഇളക്കിവിട്ട് ജനങ്ങളെ അകറ്റാനും തമ്മിലടിപ്പിക്കാനും എളുപ്പമാണ്. എന്നാല്‍, വെറുപ്പിന്റെ ഭൂതത്തെ പുറത്തിറക്കിയ ലാഘവത്തോടെ കുടത്തിലേയ്ക്കു തിരിച്ചുകയറ്റാനാവില്ല. മനുഷ്യത്വത്തിന്റെ അവസാനതുള്ളിയും ഊറ്റിക്കുടിച്ചേ അതിനു മതിവരൂ. ലോകത്തെ സര്‍വനാശത്തിലേയ്ക്കു തള്ളിയിടാന്‍ പോന്ന അസഹിഷ്ണുതയുടെ ആള്‍രൂപങ്ങളുടെ കൈകളിലേയ്ക്കു ലോകം അതിദ്രുതം വഴുതിവീഴുന്നുവെന്നതാണു വര്‍ത്തമാനകാലത്തിന്റെ കൊടിയ ദുരന്തം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."