കൂരിരുളിനെ പിളര്ന്നെത്തുന്ന റമദാന്
ദൈവം ഏകനാണ്, മഹാനാണ് എന്ന് വാഴ്ത്തുന്ന തക്ബീര്‍ ധ്വനികള്‍ ചുറ്റിലുമുള്ള മുസ്ലിം ഗൃഹങ്ങളില്‍ നിന്നും ഉയരുന്നു. സക്കാത്തിനായി എത്തുന്ന മുസ്ലിം സ്ത്രീകള്‍ അയല്‍വാസിയായ മജീദ്ക്കയുടെയും മറ്റ് വീടുകളിലേക്കും പ്രവഹിക്കുന്നു. മനുഷ്യന്റെ മനസ് മാറുന്ന ഗ്രന്ഥമാണ് വിശുദ്ധ ഖുര്‍ആന്‍. ലോകത്ത് ഏറ്റവുമധികം വായിക്കപ്പെടുന്ന ഗ്രന്ഥം. ഒന്നര നൂറ്റാണ്ടിലേറെ വര്‍ഷങ്ങളായി ഇത് തുടരുന്നു. ഐഹിക ക്ഷേമത്തിനും, മനസിലെ ഇരുളകറ്റി പ്രകാശമാനമാക്കാനും, പരലോക രക്ഷ ഉറപ്പ് വരുത്താനും മുസ്ലികള് വിശുദ്ധ ഗ്രന്ഥം നോമ്പ് കാലത്ത് നിത്യവും വായിക്കുന്നു.
ഓരോ തവണ ഖുര്‍ആന്‍ വായിക്കുമ്പോഴും എനിക്ക് തോന്നിയിട്ടുള്ളത്, ഈ ഗ്രന്ഥത്തിന്റെ ഏകലക്ഷ്യം മാനവികതയുടെ മാര്‍ഗ ദര്‍ശനം ആണെന്നാണ്. ജാതിയുടെയും മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേരില്‍ മനുഷ്യര്‍ മനുഷ്യരെ കശാപ്പു ചെയ്യുന്ന ഇക്കാലത്ത് വിശുദ്ധ ഖുര്‍ആന്‍ വലിയ പ്രസക്തിയുണ്ട്. ജാതിയുടെ പേരില്‍ നാം കലഹിക്കുന്നത്, ഇടത് കൈ വലത് കൈയോട് യുദ്ധം ചെയ്യുന്നത് പോലെയാണ്.
നിസ്കാരം, ബാങ്ക്, വിശുദ്ധ ഖുര്‍ആന്‍, സൂറത്ത്,ആയത്ത്, സൂക്തങ്ങള്‍, ഹദീസ് ഇതൊക്കെ കേട്ട് മുസ്ലിംകള്ക്കിടയിലാണ് ഞാന്‍ വളര്‍ന്നത്, ഇപ്പോള്‍ ജീവിക്കുന്നതും. അയല്‍വാസി ഹംസക്കയുടെ മരുമകള്‍ ഫരീദയുടെയും മജീദ്ക്കയുടെ ബീവി റുഖിയത്തായുടെയും പെരുന്നാള്‍ വിരുന്ന് എല്ലാ വര്‍ഷവും ഞാന്‍ അറിഞ്ഞാസ്വദിക്കുന്നു.
ഓരോ റമദാന് മാസവും വിശ്വാസികള്‍ വിശപ്പിന്റെ രുചി അറിയുന്നുണ്ടെന്ന കാര്യം ഞാനോര്‍ക്കാറുണ്ട്. പക്ഷെ, നോമ്പെടുക്കാതെ നോമ്പു തുറക്കുക എന്ന അസംബന്ധം ഞാനിപ്പോഴും ചെയ്തുകൊണ്ടിരിക്കുന്നു. മുസ്ലിം സുഹൃത്തുക്കളുടെ സ്നേഹം ഇഫ്താര്‍ വിരുന്നിന്റെ രൂപത്തില്‍ ഓരോ വര്‍ഷവും ഞാന്‍ അനുഭവിക്കുന്നുണ്ട്. ജീവിതത്തിലുടനീളം മുഹമ്മദ് നബിയെ കണിശമായി പിന്തുടരുന്നവരാണ് യഥാര്‍ഥ മുസ്ലിംകള്. അവരാണ് നബിയുടെ യഥാര്‍ഥ അനുയായികള്‍ എന്നാണ് എനിക്ക് തോന്നുന്നത്. പ്രാര്‍ഥനയും പരിത്യാഗവും നിറഞ്ഞ റമദാന് മാസത്തില്‍ സല്‍ക്കര്‍മികളായ വിശ്വാസിക്ക് നന്മയേക്കാള് വലിയ നന്മ നേരട്ടെ...
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."