മാനന്തവാടി വില്ലേജില്‍ ഭൂനികുതി സ്വീകരിക്കുന്നില്ലെന്ന് പരാതി
മാനന്തവാടി: മാനന്തവാടി വില്ലേജിലെ ചിറക്കര, തലപ്പുഴ, ജെസ്സി തുടങ്ങിയ പ്രദേശങ്ങളിലെ ഭൂനികുതി സ്വീകരിക്കുന്നത് നിര്‍ത്തലാക്കിയതിനെതിരേ നികുതിദായകര്‍ സമരത്തിനൊരുങ്ങുന്നു.
കഴിഞ്ഞ ദിവസങ്ങളില്‍ നികുതി അടയ്ക്കാനായി വില്ലേജിലെത്തിയ ഭൂഉടമകളില്‍ നിന്നും നികുതി സ്വീകരിക്കാന്‍ കഴിയില്ല എന്ന മറുപടിയാണ് വില്ലേജ് ഓഫിസര്‍ അടക്കമുള്ള ഉദ്യോഗസ്ഥര്‍ നല്‍കിയത്. എന്നാല്‍ ഒരു വര്‍ഷം മുമ്പ് ഈ പ്രദേശങ്ങളിലെ ഭൂമി പാരിസണ്‍ കമ്പനിയുടേത് ആണെന്നും നികുതി പാരിസണ്‍സ് കമ്പനി മൊത്തമായി അടച്ചിട്ടുണ്ടെന്നും പറഞ്ഞ് നികുതി സ്വീകരിക്കാതെ വരികയും അന്ന് നടന്ന പ്രതിഷേധങ്ങളുടെ ഫലമായി വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും നാട്ടുകാരും ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയില്‍ നികുതി സ്വീകരിക്കാന്‍ ധാരണയാകുകയുമായിയിരുന്നു. എ.ഡി.എം, തഹസില്‍ദാര്‍ അടക്കമുള്ള ഉദ്യോഗസ്ഥരില്‍ നിന്നും അത്തരത്തിലുള്ള ഉത്തരവ് വില്ലേജ് ഓഫിസില്‍ എത്തുകയും ചെയ്തിരുന്നു. എന്നാല്‍ ആ ഉത്തരവില്‍ ഈ ഒരു വര്‍ഷത്തേക്ക് എന്ന് മാത്രമേ പറഞ്ഞുള്ളൂ എന്നാണ് ഇപ്പോള്‍ ഉദ്യോഗസ്ഥര്‍ പറയുന്നത്.
കമ്പനിയുടെ കൈവശമുള്ള ഭൂമി അളന്ന് തിട്ടപ്പെടുത്തിയാല്‍ ഈ വിഷയത്തിനു ശാശ്വത പരിഹാരം കാണാമെന്നിരിക്കെ അതിന് തയാറാകാതെ സാധാരക്കാരന്റെ ഭൂമിയുടെ നികുതി വാങ്ങുന്നത് നിര്‍ത്തിവച്ചത് വന്‍കിടക്കാരെ സഹായിക്കാനാണെന്ന ആരോപണവും ശക്തമാണ്.
കഴിഞ്ഞ ഒരു വര്‍ഷം നികുതി സ്വീകരിച്ചെങ്കിലും തണ്ടപ്പേര്‍ ലഭിക്കാത്തതിനാല്‍ ഭൂമിയുടെ ക്രയവിക്രിയം നടത്താന്‍ കഴിയുമായിരുന്നില്ല. പാരിസണ്‍സ് കമ്പനിയുമായി യാതൊരു ബന്ധവുമില്ലാത്ത ഭൂഉടമകള്‍ പോലും സര്‍വേ നമ്പര്‍ ഒന്നാണെന്ന കാരണത്താല്‍ ബുദ്ധിമുട്ടുകയാണ്. നിലവിലെ അവസ്ഥയില്‍ ബാങ്കുകളില്‍ നിന്നും വിദ്യാഭ്യാസം, കാര്‍ഷികം തുടങ്ങിയ ആവശ്യങ്ങള്‍ക്കായി ലോണ്‍ എടുക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ് പ്രദേശവാസികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."