ബദ്ര്‍ സമര്‍പ്പണത്തിന്റെ സന്ദേശമാണ്
മുഹമ്മദ് നബി (സ്വ) പ്രബോധനം ആരംഭിച്ച ശേഷം ഇസ്‌ലാമിന്റെ വിജയങ്ങളുടെ തുടക്കം ബദ്ര്‍ യുദ്ധമായിരുന്നു. അവിടുന്ന് നേതൃത്വം നല്‍കിയ ആദ്യ പോരാട്ടങ്ങളിലൊന്നായ ബദ്‌റില്‍, ആളും അര്‍ഥവുമില്ലാതിരുന്ന, തികച്ചും ദുര്‍ബലരായ മുസ്‌ലിം സൈന്യത്തെ മലക്കുകള്‍ മുഖേന അല്ലാഹു സഹായിച്ചു. മഹത്തായ ഈ യുദ്ധം അതിലെ പ്രവാചകാനുചരരുടെ സമര്‍പ്പണം കൊണ്ടും ധീരത കൊണ്ടും മുസ്‌ലിംകള്‍ എന്നും ഓര്‍ക്കുകയും പാടിപ്പുകഴ്ത്തുകയും ചെയ്യുന്നു.
ബദ്‌റില്‍ പറഞ്ഞുതീര്‍ക്കാന്‍ കഴിയാത്തത്ര പാഠങ്ങളുണ്ട്. ചിന്താര്‍ഹമായ ഒരു കാര്യം മാത്രം സൂചിപ്പിക്കാം. പ്രവാചക ചരിത്രത്തിലുടനീളം കാണാവുന്ന സമര്‍പ്പണത്തിന്റെ സന്ദേശമാണത്. പ്രവാചക ചരിത്രത്തിലെ പ്രത്യക്ഷത്തില്‍ പരസ്പര വിരുദ്ധമെന്ന് തോന്നാവുന്ന രണ്ട് സംഭവങ്ങളില്‍നിന്ന് ഈ ആശയം കൃത്യമായി മനസിലാക്കാനാവും. ഹിറാ ഗുഹയിലും ബദ്‌റിലുമാണ് ഈ രണ്ട് വ്യത്യസ്ത സന്ദര്‍ഭങ്ങള്‍ ഉണ്ടാവുന്നത്. ഹിറാ ഗുഹയില്‍ പ്രവാചകരും അബൂബകര്‍ സ്വിദ്ദീഖും(റ) ഒളിഞ്ഞിരിക്കുന്ന സംഭവം ഓര്‍ക്കുക. തിരുനബി ശാന്തനായിരുന്നു, സ്വിദ്ദീഖ്(റ) അസ്വസ്ഥനും. തങ്ങളെ കൊല്ലാന്‍ ഉദ്ദേശിച്ച് നടക്കുന്ന മക്കയിലെ ബഹുദൈവാരാധകര്‍ ഗുഹാകവാടത്തിലെത്തിയപ്പോള്‍ അദ്ദേഹം കൂടുതല്‍ അസ്വസ്ഥനായി. ഭയചകിതനായിരിക്കുന്ന അനുചരനെ കണ്ട് പ്രവാചകന്‍ ചോദിച്ചു, എന്തു പറ്റി സ്വിദ്ദീഖ് ?. പ്രവാചകരേ, അവരില്‍ ആരെങ്കിലും താഴേക്കൊന്നു നോക്കിയാല്‍ നമ്മെ കാണും. അതു കേട്ടപ്പോള്‍ അങ്ങേയറ്റം ശാന്തനായി പ്രവാചകര്‍ മൊഴിഞ്ഞ രണ്ടു വാക്കുകള്‍ ഖുര്‍ആന്‍ ഇങ്ങനെ വിശദീകരിക്കുന്നു. അവരിരുവരും ഗുഹയിലിരിക്കുമ്പോള്‍ അവിടുന്ന് തന്റെ അനുചരനോട് പറഞ്ഞു, ദുഃഖിക്കരുത്, അല്ലാഹു കൂടെയുണ്ട് (ഖുര്‍ആന്‍ 9 40). തങ്ങളെ കൊല്ലാന്‍ ആയുധവുമായി നടക്കുന്ന ശത്രു തൊട്ടടുത്തുണ്ടായിരിക്കെ, പ്രതിരോധിക്കാന്‍ ഒരു വസ്തുവും കൈയിലില്ലാത്ത പ്രവാചകനാണ് ഇത്രയും മനഃസമാധാനത്തോടെ, സ്ഥൈര്യത്തോടെ അനുഗാമിയെ ആശ്വസിപ്പിക്കുന്നത് എന്നോര്‍ക്കണം.
ബദ്‌റില്‍ ഇതിന് വിപരീതമായ ഒരു സന്ദര്‍ഭമാണ് നാം കാണുന്നത്. യുദ്ധം നടക്കുന്നതിന്റെ തലേദിവസം സൈനിക സങ്കേതത്തില്‍ ഒരുക്കങ്ങള്‍ വിലയിരുത്തുകയും നേതൃത്വം നല്‍കുകയും ചെയ്ത പ്രവാചകര്‍ക്ക് അന്ന് രാത്രി ഉറങ്ങാന്‍ കഴിയുന്നില്ല. ഇരുകൈകളുമുയര്‍ത്തി രാവുടനീളം അവിടുന്ന് പ്രാര്‍ഥിച്ചു കൊണ്ടിരിക്കുകയാണ്. സര്‍വശക്തനായ നാഥാ, നിന്റെ കാരുണ്യത്തില്‍ ഞാന്‍ അഭയം തേടുന്നു. ഈ ചെറുസംഘം പരാജയപ്പെട്ടാല്‍ പിന്നെ ഈ ഭൂമുഖത്ത് നീ ആരാധിക്കപ്പെടുകയില്ല, നീ വാഗ്ദാനം ചെയ്ത വിജയം നീ ഞങ്ങള്‍ക്ക് സമ്മാനിക്കേണമേ. ആവര്‍ത്തിച്ച് അവിടുന്ന് പറഞ്ഞുകൊണ്ടേയിരിക്കുന്നു. പ്രാര്‍ഥനയില്‍ ലയിച്ച അവിടുത്തെ ശിരസില്‍നിന്ന് മേല്‍ത്തട്ടം തോളിലേക്ക് വീണപ്പോള്‍ അത് കൈയിലെടുത്ത് സ്വിദ്ധീഖ് (റ) പ്രവാചകരെ ആശ്വസിപ്പിക്കുകയാണ്, അങ്ങ് സമാധാനിക്കൂ പ്രവാചകരേ, അല്ലാഹു അങ്ങേക്ക് വിജയം വാഗ്ദാനം ചെയ്തില്ലേ... ആദ്യത്തേതിന് വിരുദ്ധമെന്ന് നമുക്ക് തോന്നാവുന്ന ഈ സന്ദര്‍ഭമാണ് രണ്ടാമത്തേത്.
ഇവിടെ പ്രവാചകരുടെ വിശ്വാസദാര്‍ഢ്യമാണ് വാസ്തവത്തില്‍ പ്രകടമാകുന്നത്. ഐഹികമായ ഏതെങ്കിലും ശക്തി കൊണ്ട് തങ്ങള്‍ വിജയിക്കുമെന്ന് തന്റെ അനുചരര്‍ ആരെങ്കിലും കരുതുന്നുണ്ടോ എന്ന ഭയം കൊണ്ടാണ് പ്രവാചകര്‍ ബദ്‌റിന്റെ രാവില്‍ അസ്വസ്ഥനായത്. ഹിറയില്‍ താന്‍ ഒറ്റക്കായിരുന്നു. ഈ ലോകത്ത് തന്നെ പ്രതിരോധിക്കാന്‍ രക്ഷിതാവിനല്ലാതെ തന്റെ സജ്ജീകരണങ്ങള്‍ക്കൊന്നും കഴിയില്ലെന്ന ഉത്തമ ബോധ്യത്തോടു കൂടി പൂര്‍ണമായി അല്ലാഹുവില്‍ ഏല്‍പ്പിച്ചു കൊണ്ടാണ് അവിടെ താന്‍ ഇരുന്നത്. അതു കൊണ്ടാണ് ശാന്തനായി തന്റെ അനുചരനെ ആശ്വസിപ്പിക്കാനായത്. എന്നാല്‍ ഇവിടെ തനിക്കൊപ്പമുള്ള അനുചരന്മാരുടെ കൈയില്‍ കുറവെങ്കിലും പടക്കോപ്പുകളുണ്ട്. മുന്നൂറിലധികം ആളുകളുണ്ട്, ഏതാനും ഒട്ടകങ്ങളും വാളുകളുമുണ്ട്. മുസ്‌ലിംകള്‍ യുദ്ധം ഉദ്ദേശിച്ചിരുന്നില്ല. മക്കയില്‍ തങ്ങള്‍ ഇട്ടേച്ചുപോന്ന സമ്പത്ത് തട്ടിയെടുത്ത കച്ചവടസംഘത്തെ പിടികൂടാന്‍ വേണ്ടി ചെറിയ സന്നാഹങ്ങളുമായി പുറപ്പെട്ടതാണ് അവര്‍. തങ്ങളുടെ മൂന്നിരട്ടി വരുന്ന സര്‍വ്വായുധസജ്ജരായ ശത്രുനിരയോടാണ് അവര്‍ക്ക് പോരാടേണ്ടി വന്നതെങ്കിലും അവരില്‍ ആരെങ്കിലും തങ്ങളുടെ സന്നാഹങ്ങള്‍ കൊണ്ട് തങ്ങള്‍ക്ക് വിജയിക്കാനാവുമെന്ന് കരുതിയെങ്കിലോ എന്ന് പ്രവാചകര്‍ ഭയന്നു. അല്ലാഹുവില്‍ പൂര്‍ണമായി സമര്‍പ്പിക്കാതിരിക്കുന്നത് പ്രവാചകരെ സംബന്ധിച്ചിടത്തോളം ഭീതിജനകമായിരുന്നു. ബദ്‌റിന്റെ രാവില്‍ പ്രവാചകരുടെ അസ്വസ്ഥതയുടെ കാരണം ഇതായിരുന്നു. വിശ്വാസി എപ്പോഴും അല്ലാഹുവില്‍ സമര്‍പ്പിക്കുന്നവനാവണമെന്ന സന്ദേശം അരക്കിട്ടുറപ്പിക്കുകയാണ് ബദ്ര്‍.
(സിറിയന്‍ പണ്ഡിത സഭയുടെ പ്രസിഡന്റാണ് ലേഖകന്‍ )
മൊഴിമാറ്റം: അശ്‌റഫ് വാഫി വാളാട്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."