ബി.എസ് -3 വാഹനങ്ങള്‍ക്ക് ഏപ്രില്‍ ഒന്നു മുതല്‍ നിരോധനം
ന്യൂഡല്‍ഹി: ഭാരത് സ്റ്റേജ് -4 (ബി.എസ്- 4) പ്രകാരമുള്ള മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ പാലിക്കാത്ത ബി.എസ്- 3 വാഹനങ്ങള്‍ക്ക് ഏപ്രില്‍ ഒന്നു മുതല്‍ രാജ്യത്തു നിരോധനം.
ബി.എസ്- 3 വാഹനങ്ങള്‍ വില്‍ക്കാന്‍ സര്‍ക്കാര്‍ അനുവദിച്ച സമയപരിധി നീട്ടിനല്‍കണമെന്നാവശ്യപ്പെട്ട് വാഹന നിര്‍മാതാക്കളുടെ സംഘടനയായ സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്‌ചേഴ്‌സ് (സിയാം) സമര്‍പ്പിച്ച ഹരജി സുപ്രിംകോടതി തള്ളി.
ഏപ്രില്‍ ഒന്നിനുമുമ്പ് വാങ്ങിയതാണെന്നു തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കുന്ന വാഹനങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ നല്‍കാനും ജസ്റ്റിസുമാരായ മദന്‍ ബി. ലോക്കൂര്‍, ദീപക് ഗുപ്ത എന്നിവരടങ്ങുന്ന രണ്ടംഗബെഞ്ച് നിര്‍ദേശിച്ചു. ഫാക്ടറികളില്‍ ഇതിനകം നിര്‍മിച്ച ബി.എസ്- 3 വാഹനങ്ങള്‍ വില്‍പ്പന നടത്താന്‍ പാടില്ലെന്നു വ്യക്തമാക്കിയ സുപ്രിംകോടതി, വാഹന നിര്‍മാതാക്കളുടെ വാണിജ്യ താല്‍പ്പര്യത്തേക്കാള്‍ പ്രധാനം രാജ്യത്തെ ജനങ്ങളുടെ ആരോഗ്യമാണെന്നു അഭിപ്രായപ്പെട്ടു.
തങ്ങള്‍ ഒരുമാസം മുന്‍പ് തന്നെ നിര്‍മാണം നിര്‍ത്തിയിട്ടുണ്ടെന്നും നിലവില്‍ സ്റ്റോക്ക് ഉള്ള വാഹനങ്ങള്‍ വില്‍ക്കാന്‍ അനുവദിക്കണമെന്നും വാഹനനിര്‍മാതാക്കള്‍ക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് മനു സിങ്‌വി ആവശ്യപ്പെട്ടു. വാഹനനിര്‍മാണത്തിന്റെ ഘടനയില്‍ പെട്ടെന്നു മാറ്റംവരുത്താനാവില്ല. വാഹനങ്ങള്‍ വിറ്റഴിക്കാന്‍ സമയം അനുവദിച്ചുതരണം. തങ്ങള്‍ രാജ്യത്തെ പ്രമുഖ വാണിജ്യ കമ്പനികളാണ്. ഞങ്ങളെ വില്ലന്‍മാരായി ചിത്രീകരിക്കരുത്. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ തീരുമാനം അനുസരിക്കും. എന്നാല്‍, അത് ഘട്ടംഘട്ടമായിട്ടേ കഴിയൂവെന്നും സിങ്‌വി വാദിച്ചു. വിവിധ കമ്പനികള്‍ക്കു വേണ്ടി മുതിര്‍ന്ന അഭിഭാഷകരായ കെ.കെ വേണുഗോപാലും ശ്യാം ദിവാനും വാദങ്ങള്‍ ഉന്നയിച്ചു. എന്നാല്‍, ഈ വാദങ്ങള്‍ കോടതി അംഗീകരിച്ചില്ല.
സ്‌റ്റോക്കുള്ള വാഹനങ്ങള്‍ വിറ്റഴിക്കുന്നതിന് നിര്‍മാതാക്കള്‍ക്ക് ഇളവ് കൊടുക്കുന്നതിന് അനുകൂലമായാണ് സര്‍ക്കാര്‍ നിലപാടെടുത്തത്. രാജ്യത്ത് എട്ടരലക്ഷത്തോളം ബി.എസ് -3 വാഹനങ്ങളാണ് സ്‌റ്റോക്കുള്ളത്.
ഇതില്‍ ഒരുലക്ഷത്തിനടുത്ത് വാണിജ്യവാഹനങ്ങളും 6.7 ലക്ഷം ഇരുചക്രവാഹനങ്ങളും 40,000 മുച്ചക്രവാഹനങ്ങളും 16,000 ഓളം കാറുകളുമാണുള്ളത്. ബി.എസ്- 4 വാഹനങ്ങള്‍ വളരെയധികം മലിനീകരണ രഹിതമാണെന്നും അതിന്റെ നടപടികള്‍ക്കായി എണ്ണക്കമ്പനികള്‍ 30,000 കോടി രൂപവരെ ചെലവഴിച്ചിട്ടുണ്ടെന്നും കേന്ദ്രസര്‍ക്കാരിനു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ രഞ്ജിത് സിന്‍ഹ പഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."