ഹജ്ജ് എമിഗ്രേഷന്‍ സ്വന്തം നാട്ടില്‍: സംവിധാനം കൂടുതല്‍ രാജ്യങ്ങളിലേക്ക്
റിയാദ്: ഹജ്ജിനെത്തുന്ന വിദേശരാജ്യങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ക്ക് സ്വന്തം രാജ്യത്ത് നിന്ന് തന്നെ സഊദിയിലേക്ക് കടക്കാനുള്ള എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്ന നടപടികള്‍ കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു. ആദ്യഘട്ടത്തില്‍ കഴിഞ്ഞ വര്‍ഷം മലേഷ്യയില്‍ ആരംഭിച്ച സംവിധാനം വന്‍ വിജയമായതിനെ തുടര്‍ന്നാണ് കൂടുതല്‍ ഹാജിമാര്‍ വരുന്ന രാജ്യങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാന്‍ സഊദി അധികൃതര്‍ ഒരുങ്ങുന്നത്. സ്വന്തം നാടുകളില്‍ നിന്ന് തന്നെ സഊദി എമിഗ്രേഷന്‍ പൂര്‍ത്തിയായാല്‍ എന്തെങ്കിലും കാരണത്താല്‍ സഊദിയിലേക്ക് കടക്കാന്‍ പറ്റാത്തയാളുകള്‍ക്ക് സ്വന്തം രാജ്യങ്ങളില്‍ നിന്ന് തന്നെ യാത്ര അവസാനിപ്പിക്കാന്‍ പറ്റും.
നിലവിലെ അവസ്ഥയില്‍ സഊദിയില്‍ ഇറങ്ങി എമിഗ്രേഷനില്‍ തടസ്സങ്ങള്‍ നേരിട്ടാല്‍ അടുത്ത വിമാനത്തിന് കാത്തിരിക്കുകയും ഒഴിവില്ലെങ്കില്‍ കൂടുതല്‍ സമയം വിമാനത്താവളത്തിനകത്തെ പ്രത്യേക കേന്ദ്രങ്ങളില്‍ ദിവസങ്ങളോളം കാത്തിരിക്കുകയുമാണ് ചെയ്യുന്നത്. ഈ വര്‍ഷം ഇന്തോനേഷ്യയിലാണ് സംവിധാനം നടപ്പാക്കുന്നത്. ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ ഹാജിമാര്‍ വരുന്ന രാജ്യം കൂടിയായ ഇന്തോനേഷ്യയില്‍ ഇത് നടപ്പാക്കിയാല്‍ വിമാനത്താവള എമിഗ്രേഷനിലെ തിരക്കുകള്‍ക്ക് ശമനം കാണുമെന്നാണ് കരുതുന്നത്. ഇതിനായി തുടര്‍ നടപടികള്‍ ഇന്തോനേഷ്യന്‍ അധികൃതരുമായി ചര്‍ച്ച ചെയ്യാനായി സഊദി പാസ്‌പോര്‍ട്ട് വിഭാഗം ഉടന്‍ തന്നെ ജക്കാര്‍ത്തയിലേക്ക് പുറപ്പെടുമെന്നു അധികൃതര്‍ വിശദീകരിച്ചു.
വിഷന്‍ 2030 ലക്ഷ്യമാക്കിയാണ് അതാതു രാജ്യങ്ങളില്‍ നിന്നും ഹാജിമാരുടെ സഊദി എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാനുള്ള പദ്ധതി ആരംഭിച്ചത്. സ്വദേശങ്ങളില്‍ നിന്നും അതാത് രാജ്യങ്ങളിലെ എമിഗ്രേഷന് ശേഷം സഊദി എമിഗ്രേഷന്‍ കൂടി പൂര്‍ത്തിയായാല്‍ സഊദിയില്‍ വിമാനമിറങ്ങുന്ന ഉടന്‍ തന്നെ പ്രത്യേക ട്രാക്കിലൂടെ പുറത്തു കടക്കാനാകും. ഇത് അധികൃതര്‍ക്കും യാത്രക്കാര്‍ക്കും ഏറെ ആശ്വാസമാണ് നല്‍കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."