അതിരപ്പിള്ളി പദ്ധതി ഇടത്തട്ടുകാര്‍ക്ക് പണം അടിച്ചുമാറ്റാന്‍: നടന്‍ ശ്രീനിവാസന്‍
സോളാറില്‍ നിന്നുമുള്ള വൈദ്യുതിയ്ക്ക് ഒരു യൂനിറ്റിന് 6.50 രൂപ വേണമെന്നാണ് സര്‍ക്കാര്‍ കണക്കുകള്‍ പറയുന്നത്. സൗരോര്‍ജം നല്‍കുന്നതിന് സൂര്യന് വാടക വേണോ എന്ന് പോലും സംശയിക്കത്തക്ക രീതിയിലാണ് കണക്കുകള്‍ കാണിക്കുന്നത്
അതിരപ്പിള്ളി: ഇടത്തട്ടുകാര്‍ക്ക് പണം അടിച്ചുമാറ്റാനുള്ള അതിരപ്പിള്ളി ജലവൈദ്യുതി പദ്ധതി തുടങ്ങാനുള്ള നീക്കം സംസ്ഥാന സര്‍ക്കാര്‍ നിര്‍ത്തിവെയ്ക്കണമെന്ന് നടന്‍ ശ്രീനിവാസന്‍ ആവശ്യപ്പെട്ടു. അതിരപ്പിള്ളി ജലവൈദ്യുതിപദ്ധതിക്കെതിരെ ഡി.സി.സിയുടെ ആഭിമുഖ്യത്തില്‍ അതിരപ്പിള്ളിവാഴച്ചാല്‍ ആദിവാസി കോളനി പരിസരത്ത് സംഘടിപ്പിച്ച ആദിവാസി കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബുദ്ധിയില്ലാത്ത ഭരണാധികാരികളാണ് പുഴയും കാടും വേണ്ട എന്ന് പറയുക. ആലോചിച് സമയം കളയേണ്ട ആവശ്യമില്ലാത്ത പദ്ധതിയാണ് അതിരപ്പിള്ളിയിലേത്. സോളാറില്‍ നിന്നുമുള്ള വൈദ്യുതിയ്ക്ക് ഒരു യൂനിറ്റിന് 6.50 രൂപ വേണമെന്നാണ് സര്‍ക്കാര്‍ കണക്കുകള്‍ പറയുന്നത്. സൗരോര്‍ജ്ജം നല്‍കുന്നതിന് സൂര്യന് വാടക വേണോ എന്ന് പോലും സംശയിക്കത്തക്ക രീതിയിലാണ് കണക്കുകള്‍ കാണിക്കുന്നത്. സംസ്ഥാനത്തിന് ആവശ്യമുള്ള വൈദ്യുതിയുടെ ഒരു ശതമാനം പോലും അതിരപ്പിള്ളി ജലവൈദ്യുതി പദ്ധതിയിലൂടെ ഉല്‍പാദിപ്പിക്കാന്‍ കഴിയില്ലെന്നിരിക്കെ വനവും പുഴയും നശിച്ചാലും ഈ പദ്ധതി നടപ്പിലാക്കണമെന്ന വാശിയാണ് ചിലര്‍ക്ക്. 138 ഹെക്ടര്‍ വനം ഇല്ലാതാക്കിയാണ് ഇക്കൂട്ടര്‍ പദ്ധതി നടപ്പിലാക്കാന്‍ ഒരുങ്ങുന്നത്. ഒരു ചെറിയ ജീവിക്ക് വംശനാശം സംഭവിക്കാന്‍ ഇടയുണ്ടെന്ന്കാണിച്ചാണ് അദാനിയ്ക്ക് ഓസ്‌ട്രേലിയയില്‍ ഒരു സ്ഥലത്ത് ഖനനം ചെയ്യാന്‍ അനുമതി നിഷേധിച്ചത്. ബുദ്ധിയുള്ള നാട്ടിലെ ഭരണാധികാരികളും ശാസ്ത്രജ്ഞരും അത്തരത്തിലാണ് ചിന്തിക്കുക. പെരിയാറിന്റെ തീരത്ത് റെഡ് കാറ്റഗറിയിലുള്ള 83 കമ്പനികള്‍ ഉള്‍പ്പെടെ 250ഓളം സിന്തറ്റിക് റൂട്ടൈല്‍ ഉത്പാദിപ്പിക്കുന്ന കമ്പനികളാണ് പ്രവര്‍ത്തിക്കുന്നത്. വിമാനത്തിലും ആയുധങ്ങളിലും ഉപയോഗിക്കുന്ന തൂക്കം കുറഞ്ഞതും ബലമുള്ളതുമായ ഈ ഉത്പന്നം കയറ്റുമതി ചെയ്യുന്നത് ജപ്പാനിലേയ്ക്കും ഓസ്‌ട്രേലിയയിലേയ്ക്കുമാണ്. ഈ ഉത്പന്നം ആവശ്യമായിട്ടും ജനജീവിതത്തിന് ഭീഷണിയാകുമെന്ന് തിരിച്ചറിയുന്ന ജപ്പാനിലേയും ഓസ്‌ട്രേലിയയിലേയും ഭരണകൂടങ്ങള്‍ അവ സ്വന്തം രാജ്യത്ത് ഉത്പാദിപ്പിക്കാന്‍ തയ്യാറാകുന്നില്ല. അങ്ങിനെയാണ് ബുദ്ധിയുള്ളവര്‍ ചെയ്യുക. മണ്ടന്‍മാരുള്ളിടത്ത് ഇത്തരം ഫാക്ടറികള്‍ സ്ഥാപിക്കുകയും അതിന്റെ ദുരന്തഫലം അനുഭവിക്കുകയും ചെയ്യും. ഭൂട്ടാനിലെ നിലവിലെ 60 ശതമാനം വനം 70 ശതമാനമാക്കിയാണ് ജനങ്ങള്‍ക്ക് ശുദ്ധവായു ലഭിക്കാനുള്ള സൗകര്യം സൃഷ്ടിച്ചത്. പത്ത് ഇരട്ടി മലിനീകരണം സംഭവിച്ചാലും പര്യാപ്തമാണ് ഈ വനവിസ്തൃതി. ഈ സമയത്താണ് വനം വേണ്ട എന്ന് ഭരണാധികാരികള്‍ പറയുന്നത്. അതിരപ്പിള്ളി പദ്ധതിക്കെതിരായ പോരാട്ടത്തില്‍ ആദിവാസികള്‍ക്കൊപ്പം എന്നുമുണ്ടാകുമെന്നും ശ്രീനിവാസന്‍ പ്രഖ്യാപിച്ചു. ഡി.സി.സി പ്രസിഡന്റ് ടി.എന്‍ പ്രതാപന്‍ അധ്യക്ഷത വഹിച്ചു. കാടാര്‍ ആദിവാസി ഊരുമൂപ്പത്തി ഗീത, ചാലക്കുടി പുഴ സംരക്ഷണസമിതി ചെയര്‍മാന്‍ എസ്.പി രവി, ഡി.സി.സി വൈസ് പ്രസിഡന്റ് ജോസഫ് ടാജറ്റ്, അതിരപ്പിള്ളി മണ്ഡലം പ്രസിഡന്റ് ജോസ് പാറയ്ക്ക സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."