ചരക്കുഗതാഗത രംഗത്ത് കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് 13 ശതമാനം വളര്‍ച്ച
കൊച്ചി: ചരക്കുഗതാഗതരംഗത്ത് കൊച്ചിന്‍ പോര്‍ട്ടിന് 13 ശതമാനം വളര്‍ച്ച. മുന്‍ സാമ്പത്തിക വര്‍ഷങ്ങളേക്കാള്‍ കൂടുതല്‍ കണ്ടെയ്‌നറുകള്‍ കൊച്ചി തുറമുഖം വഴി കൈകാര്യം ചെയ്തുവഴി കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് 124.06 കോടി രൂപയുടെ ലാഭം നേടാന്‍ കഴിഞ്ഞു. എന്നാല്‍ കൊച്ചിന്‍ തുറമുഖത്തിന്റെ മൊത്തം ചെലവ് കണക്കാക്കുമ്പോള്‍ 46 കോടി രൂപ നഷ്ടത്തിലാണ്. 2015 -16 സാമ്പത്തിക വര്‍ഷം 22.10 മില്യണ്‍ മെട്രിക് ടണ്‍ കൈകാര്യം ചെയ്തിരുന്ന സ്ഥാനത്ത് 25.1 മില്യണ്‍ മെട്രിക് ടണ്ണായി ചരക്കുനീക്കം വര്‍ധിച്ചു. 2014-15 കാലയയളവില്‍ ഇത് 21.60 മില്യണ്‍ മെട്രിക് ടണ്ണായിരുന്നു. ചരക്കുനീക്കത്തിലൂടെ 124.06 കോടി രൂപയുടെ ലാഭം നേടാന്‍ പോര്‍ട്ട് ട്രസ്റ്റിന് കഴിഞ്ഞു. മുന്‍വര്‍ഷം 70.9 കോടി രൂപയുടെ ലാഭമായിരുന്നു ഈ ഇനത്തില്‍ പോര്‍ട്ടിന് ലഭിച്ചിരുന്നത്.
2016-17 സാമ്പത്തിക വര്‍ഷത്തില്‍ 486.57 കോടി രൂപയുടെ വരുമാനമാണ് പോര്‍ട്ട് ട്രസ്റ്റ് ചരക്കുനീക്കത്തിലൂടെ കരസ്ഥമാക്കിയത്. 2015-16 വര്‍ഷത്തില്‍ ഇത് 437.25 കോടി രൂപയായിരുന്നു. കൈകാര്യചെലവ് 366.35 കോടി രൂപയില്‍ നിന്ന് ഈ സാമ്പത്തിക വര്‍ഷം 362.51 കോടിയായി കുറയ്ക്കാന്‍ കഴിഞ്ഞുവെന്നും കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് ഡെപ്യൂട്ടി ചെയര്‍മാന്‍ എ.വി. രമണ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 4.20 ലക്ഷം കണ്ടെയ്‌നറുകള്‍ കൈകാര്യം ചെയ്തിരുന്ന സ്ഥാനത്ത് ഈ സാമ്പത്തിക വര്‍ഷം 4.91 ലക്ഷം കണ്ടെയ്‌നറുകളായി വര്‍ധിച്ചു. ഈ വര്‍ഷം 1211 കാര്‍ഗോ വെസ്സലുകളും 46 യാത്രകപ്പലുകളുമാണ് തുറമുഖം വഴി കൈകാര്യം ചെയ്തത്. മുന്‍വര്‍ഷം 1169 കാര്‍ഗോ വെസ്സലും 33 യാത്രാകപ്പലുമാണ് കൊച്ചിയില്‍ എത്തിയിരുന്നത്. പുതുതായി 10 റോ-റോ വെസ്സലുകളും തുറമുഖത്ത് നിന്ന് ചരക്കുനീക്കം നടത്തി.
മറ്റിതരവരുമാനമായി 30.90 കോടി രൂപ ലഭ്യമായപ്പോള്‍ പെന്‍ഷന്‍ ഉള്‍പ്പടെയുള്ള മറ്റുചെവവുകളിലായി 201.96 കോടി രൂപയാണ് ചെലവ് കണക്കാക്കിയിരിക്കുന്നത്. മുന്‍ വര്‍ഷത്തെ പെന്‍ഷന്‍ കൂടിശ്ശികയായി 24 കോടി രൂപയും പ്രോജക്ടുകള്‍ പൂര്‍ത്തീകരിക്കുന്നതിനായി 40 കോടി രൂപയും ചെലവഴിക്കേണ്ടിവന്നതിനാലാണ് മൊത്തം ലാഭത്തില്‍ നഷ്ടം കണക്കാക്കുന്നത്. കൈകാര്യ ചെലവില്‍ 120 കോടിയോളം രൂപ വല്ലാര്‍പാടം കണ്ടെയ്‌നല്‍ ടെര്‍മിനലിന്റെ നടത്തിപ്പുകാരായ ഡി.പി വേള്‍ഡിന് വേണ്ടി ഡ്രജ്ജിംഗ് നടത്തുന്നതിനായി ചെലവഴിക്കുന്നതാണ്. ഈ തുക പോര്‍ട്ട് ട്രസ്റ്റിന്റെ ബാധ്യതയില്‍ നിന്ന് ഒഴിവാക്കി നല്‍കണമെന്ന ആവശ്യം കേന്ദ്രസര്‍ക്കാരിന് മുമ്പാകെ സമര്‍പ്പിച്ചിരിക്കുകയാണ്. ഇക്കാര്യത്തില്‍ അനുകൂല തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ഡി.പി വേള്‍ഡ് വരുമാനവിഹിതമായി മാസം ഏഴ് കോടിയോളം രൂപയാണ് പോര്‍ട്ട് ട്രസ്റ്റിന് കൈമാറുന്നത്. കരയില്‍ നിന്ന് മാറി കടലില്‍ ഔട്ടര്‍ ഹാര്‍ബര്‍ നിര്‍മ്മിക്കുന്നതിനും മറീന പദ്ധതിക്കും സാധ്യത പഠനം നടന്നുവരുകയാണ്.
ഔട്ടര്‍ ഹാര്‍ബര്‍ പദ്ധതി വരുന്നതിലൂടെ ഡ്രജ്ജിംഗ് ചെലവ് ലാഭിക്കുന്നതിന് കഴിയും. 3500 കോടി രൂപയുടെ പദ്ധതിക്കുള്ള സാധ്യതപഠനം ഐ.ഐ.ടി മദ്രാസ് ആണ് നടത്തുന്നത്. പദ്ധതിയിലേക്ക് നാവികസേന ആയിരം കോടി ചെലവഴിക്കാമെന്ന് അറിയിച്ചിട്ടുണ്ട്. പദ്ധതിയുടെ വാണിജ്യസാധ്യത പഠനത്തിലൂടെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. പദ്ധതി സംബന്ധിച്ച മറ്റ് കാര്യങ്ങളാണ് ഇപ്പോള്‍ പരിശോധിക്കുന്നത്.
മറീന സംബന്ധിച്ച കാര്യങ്ങള്‍ സാധ്യതപഠനത്തിന് ശേഷമേ തീരുമാനത്തിലെത്താന്‍ കഴിയുകയുള്ളുവെന്നും എ.വി രമണ പറഞ്ഞു. കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന്റെ ശൂചീകരണ പ്രവര്‍ത്തനങ്ങളുടെ കാംപയിന്‍ സംബന്ധിച്ച തീം സോംഗിന്റെ പ്രകാശനം കെ.വി തോമസ് എം.പി നിര്‍വഹിച്ചു. പോര്‍ട്ട് ട്രസ്റ്റ് സെക്രട്ടറി ഗൗരി എസ്.നായര്‍, ചീഫ് എഞ്ചിനീയര്‍ ജി. വൈദ്യനാഥന്‍, ഫിനാന്‍സ് അഡ്വസൈര്‍ ഡി.ഭാഗ്യനാഥ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."