വി.സിമാരുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി
തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍വകലാശാലകളെ രണ്ടോ മൂന്നോ വര്‍ഷത്തിനകം ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ പ്രവര്‍ത്തന പദ്ധതി തയാറാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വൈസ് ചാന്‍സലര്‍മാരോട് നിര്‍ദേശിച്ചു. സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി വൈസ് ചാന്‍സലര്‍മാരുമായി ആശയവിനിമയം നടത്തുകയായിരുന്നു മുഖ്യമന്ത്രി. വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്, കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍ എന്നിവരും പങ്കെടുത്തു.
ദേശീയ റാങ്കിങ്ങില്‍ സര്‍വകലാശാലകളെ സമയബന്ധിതമായി മുന്‍നിരയിലെത്തിക്കുന്നത് വെല്ലുവിളിയായി ഏറ്റെടുക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. രണ്ടുവര്‍ഷം കൊണ്ട് ആദ്യ പത്തു റാങ്കില്‍ നമ്മുടെ സര്‍വകലാശാലകള്‍ക്ക് സ്ഥാനമുണ്ടാകണം. അടുത്ത ഘട്ടമായി അന്താരാഷ്ട്ര റാങ്കിങ്ങില്‍ ഇടം നേടണം. നവീന ആശയങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും പ്രാവര്‍ത്തികമാക്കുന്നതിനും ഇന്നവേഷന്‍ ക്ലാസ്സുകളും ഇന്‍ക്യുബേഷന്‍ കേന്ദ്രങ്ങളും സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ ചെയര്മാന് ഡോ. രാജന് ഗുരുക്കള്‍, ആസൂത്രണബോര്‍ഡ് വൈസ് ചെയര്മാന് ഡോ.വി.കെ രാമചന്ദ്രന്, ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ഡോ. ഉഷാ ടൈറ്റസ് എന്നിവരും വി.സിമാരായ ഡോ.എം.കെ.സി നായര്‍ (ആരോഗ്യ സര്‍വകലാശാല), ഡോ. ജെ. ലത (കുസാറ്റ്), പ്രൊ. എ. രാമചന്ദ്രന് (കേരള യൂനിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആന്‍ഡ് ഓഷ്യന്‍ സയന്‍സ്), ഡോ. മുഹമ്മദ് ബഷീര്‍ (കാലിക്കറ്റ്), ആര്. ചന്ദ്രബാബു (കാര്‍ഷിക സര്‍വകലാശാല), ഡോ. ബാബു സെബാസ്റ്റ്യന്‍ (എം.ജി), സി. ഗണേശ് (പ്രൊഫ. ഇന്‍ ചാര്‍ജ്, കേരള), ഡോ. പി.ടി രവീന്ദ്രന് (പി.വി.സി, കണ്ണൂര്‍), ഡോ. ടി.കെ നാരായണന് (കേരള കലാമണ്ഡലം കല്‍പ്പിത സര്‍വകലാശാല), ഡോ. അനില്‍ വള്ളത്തോള്‍ (മലയാളം), ഡോ. ധര്‍മരാജ് അടാട്ട് (സംസ്കൃതം), അനില്‍ സേവ്യര്‍ (കേരള വെറ്ററിനറി സര്‍വകലാശാല) എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."