അഗതി കുടുംബങ്ങളിലെ വയോധികര്‍ക്ക് കരുതലുമായി കുടുംബശ്രീ
തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി അഗതി കുടുംബങ്ങളിലെ വയോധികര്‍ക്ക് കരുതലുമായി കുടുംബശ്രീ.
സംസ്ഥാനത്ത് 60 വയസിനു മുകളില്‍ പ്രായമുള്ള അംഗങ്ങളുള്ള അഗതി കുടുംബങ്ങളെ മൂന്ന് ദിവസത്തില്‍ ഒരിക്കല്‍ ബന്ധപ്പെട്ട് വയോജനങ്ങള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ എത്തിക്കുന്നതാണ് പദ്ധതി.
ഇതിനായി 50 കുടുംബങ്ങള്‍ക്ക് ഒരാള്‍ എന്ന നിലയില്‍ റിസോഴ്‌സ് പേഴ്‌സണ്‍മാരെ നിയോഗിച്ചു.
ജില്ലാടിസ്ഥാനത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനു ജില്ലാ പ്രോഗ്രാം മാനേജര്‍മാരെയും നിയയോഗിച്ചിട്ടുണ്ട്. കേരളത്തില്‍ 1,57,691 അഗതി കുടുംബങ്ങള്‍ ഉള്ളതില്‍ 1,22,920 കുടുംബങ്ങളില്‍ 60 വയസ്സിന് മുകളില്‍ പ്രായമുള്ള അംഗങ്ങളുണ്ടെന്നാണ് കണക്കുകള്‍.
ഓരോ റിസോഴ്‌സ് പേഴ്‌സണും ഇത്തരത്തില്‍ മൂന്ന് ദിവസം കൂടുമ്പോള്‍ തങ്ങള്‍ക്കായി ചുമതലപ്പെടുത്തിയിട്ടുള്ള 50 അഗതി കുടുംബങ്ങളെ വിളിക്കും. അവരുടെ ആരോഗ്യകാര്യങ്ങളും ഭക്ഷണം ഉള്‍പ്പെടെയുള്ള ആവശ്യങ്ങളും അന്വേഷിച്ച് അറിയും. പനി, ചുമ തുടങ്ങിയ ബുദ്ധിമുട്ടുകളുണ്ടെങ്കില്‍ കാത്തിരിക്കാതെ ഡോക്ടറുടെ സേവനം തേടാന്‍ ആവശ്യപ്പെടുകയും ഇതിന് വേണ്ട സഹായങ്ങള്‍ ചെയ്ത് കൊടുക്കുന്നത് ഏകോപിപ്പിക്കുകയും ചെയ്യും.
ഭക്ഷണത്തിന് ബുദ്ധിമുട്ടുണ്ടെങ്കില്‍ അതാത് തദ്ദേശ സ്ഥാപനങ്ങളുമായി ചേര്‍ന്ന് കമ്മ്യൂണിറ്റി കിച്ചണുകള്‍ വഴി അതിന് പരിഹാരം കാണുകയും ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."