ജീരകക്കഞ്ഞിയുടെ പുണ്യംവിടാതെ വിശ്വാസികളും മമ്പുറം മഖാമും
വ്യാഴാഴ്ചകളില്‍ മമ്പുറം മഖാമില്‍ നടക്കുന്ന സ്വലാത്തിന് പുണ്യമാസമായാല്‍ വിശ്വാസികളുടെ തിരക്കാണ്. നോമ്പുതുറ വിഭവമായി വിതരണം ചെയ്യുന്ന ജീരകക്കഞ്ഞിക്കും പ്രിയമേറെ. വ്യാഴാഴ്ചകളിലാണ് മഖാമില്‍ സ്വലാത്തും പ്രത്യേക പ്രാര്‍ഥനയും നടക്കുന്നത്. ഇരുനൂറു വര്‍ഷങ്ങള്‍ക്കു മുന്‍പെങ്കിലും തുടങ്ങിയ സ്വലാത്തിന് ഇന്നുവരെ മുടക്കമുണ്ടായിട്ടില്ലെന്നു മഖാം ഭാരവാഹികള്‍ പറയുന്നു. റമദാനില്‍ വ്രതശുദ്ധിയോടെ സ്വലാത്തിനും പ്രാര്‍ഥനയ്ക്കുമായി എത്തുന്നവര്‍ക്ക് ജീരകക്കഞ്ഞി പ്രത്യേക വിഭവമായി നല്‍കുന്നു.
മമ്പുറം തങ്ങള്‍ എന്നറിയപ്പെടുന്ന സയ്യിദ് അലവി മൗലദ്ദവീല തങ്ങള്‍, അമ്മാവന്‍ ഹസന്‍ ജിഫ്‌രിയുടെ ഖബറിടത്തില്‍ തുടങ്ങിയതാണ് വ്യാഴാഴ്ചകളിലെ സ്വലാത്തും പ്രാര്‍ഥനയും എന്നാണു പറയപ്പെടുന്നത്. മമ്പുറം തങ്ങളുടെ കാലശേഷവും അതു മുടക്കമില്ലാതെ തുടര്‍ന്നു. സ്വലാത്തിന്റെ പുണ്യംതേടി ജില്ലയ്ക്കകത്തുനിന്നും പുറത്തുനിന്നുമായെത്തുന്ന വിശ്വാസികളുടെ ഒഴുക്കില്‍ കടലുണ്ടിപ്പുഴയോരം പ്രാര്‍ഥനാതീരമാകുന്നു. റമദാന്‍ വ്രതാരംഭത്തോടെ വ്യാഴാഴ്ചകളില്‍ രാവിലെ മുതലേ മമ്പുറത്തേക്കു ഭക്തര്‍ എത്തിക്കൊണ്ടിരിക്കുന്നു. രാത്രിയിലെ പ്രാര്‍ഥനയും കഴിഞ്ഞാണ് ഇവരുടെ മടക്കം. ഗതാഗത നിയന്ത്രണത്തിനും മറ്റും നാട്ടുകാരുടെ സഹകരണം മാതൃകയാണ്. ശരീരത്തിനു നല്ലതെന്ന് ആരോഗ്യ വിദഗ്ധര്‍തന്നെ സാക്ഷ്യപ്പെടുത്തുന്ന ജീരകക്കഞ്ഞി ഒരുക്കുന്നതിനു മഖാമിനു സമീപം പ്രത്യേക സൗകര്യവും വിതരണത്തിന് വള@ിയര്‍മാരുമുണ്ട്. അരി, പച്ചരി എന്നിവയും ചെറിയ ഉള്ളി, ജീരകം, മഞ്ഞള്‍, തേങ്ങ തുടങ്ങിയവയും ചേര്‍ത്താണു ജീരകക്കഞ്ഞി ഒരുക്കുന്നത്.
നോമ്പു തുറക്കുന്ന സമയത്ത്മഖാമിലെത്തുന്ന ഓരോരുത്തര്‍ക്കും പ്രത്യേകം പാത്രങ്ങളിലായി ജീരകക്കഞ്ഞി നല്‍കും. പുണ്യവിഭവമായി ജീരകക്കഞ്ഞി വീട്ടിലേക്കു കൊണ്ടുപോകുന്നവരും ഏറെയാണ്.
ഇരുപത്തെട്ട് വര്‍ഷമായി മമ്പുറം സ്വദേശി വരമ്പനാലുങ്ങല്‍ മമ്മുതുവാണ് പാചകം ചെയ്യുന്നത്. 1.10 ക്വിന്റല്‍ അരിയാണ് എല്ലാ വ്യാഴാഴ്ചകളിലും കഞ്ഞിക്കായി എടുക്കുന്നത്. രണ്ടായിരത്തോളം ആളുകള്‍ കഞ്ഞി കുടിക്കും.മമ്പുറം തങ്ങളുടെ കാലത്ത് ആരംഭിച്ചതാണത്രെ ഇവിടുത്തെ ജീരകക്കഞ്ഞി വിതരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."