മൊഗ്രാല്‍ തീരദേശങ്ങളില്‍ മണലെടുപ്പ് വ്യാപകം; നടപടിയില്ലെന്ന് ആക്ഷേപം
കുമ്പള: മൊഗ്രാലിലെ തീരദേശ പ്രദേശങ്ങളായ കൊപ്പളം, മൊഗ്രാല്‍ കടപ്പുറം, നാങ്കി എന്നിവിടങ്ങളില്‍ മണലെടുപ്പും മണല്‍ക്കടത്തും വ്യാപകമാവുന്നു. മഴക്കാലം തുടങ്ങിയിട്ടും മണലെടുപ്പ് നിര്‍ബാധം തുടരുകയാണ്. രാത്രികാലങ്ങളിലാണ് മണലെടുപ്പു വ്യാപകമായി നടക്കുന്നത്.
രാത്രി പന്ത്രണ്ടു മുതല്‍ രാവിലെ നാലുവരെയായാണ് സംഘം ഇവിടെ നിന്നു മണലെടുക്കുന്നത്. ടിപ്പര്‍ ലോറികളിലും ടെമ്പോകളിലുമാണ് കടത്ത് കൂടുതലായും നടക്കുന്നത്. എതിര്‍പ്പുമായി രംഗത്തു വന്ന പ്രദേശത്തെ ആളുകളെ ഭീഷണിപ്പെടുത്തുന്നതായും ആരോപണമുണ്ട്.
മണലെടുപ്പിനെതിരേ പ്രദേശവാസികള്‍ പൊലിസില്‍ പരാതിപ്പെട്ടിട്ടും നടപടിയുണ്ടാകുന്നില്ലെന്നും ആരോപണമുണ്ട്. രാത്രികാലങ്ങളിലുള്ള പൊലിസ് പെട്രോളിങ് മണല്‍വാരുന്ന സ്ഥലങ്ങളില്‍ എത്താറില്ല.
ഇവിടെങ്ങളിലെല്ലാം മണലെടുത്ത് വലിയ കുഴികള്‍ രൂപപ്പെട്ടിരിക്കുകയാണ്. ഇതുകാരണം പ്രദേശവാസികളുടെ കിണറുകളിലും മറ്റും കഴിഞ്ഞ വേനലില്‍ ഉപ്പുവെള്ളം കലര്‍ന്നിരുന്നു. വരള്‍ച്ച രൂക്ഷമായ സമയത്തു പോലും പ്രദേശത്തുകാര്‍ക്ക് ഉപ്പുവെള്ളം കുടിക്കേണ്ടി വന്നിട്ടില്ല.
മണലെടുപ്പ് വ്യാപകമായതിനെ തുടര്‍ന്നു നിരവധി പ്രശ്‌നങ്ങളാണ് തീരദേശവാസികള്‍ നേരിടുന്നത്. ഇക്കാര്യത്തില്‍ അടിയന്തിര നടപടിയുണ്ടായില്ലെങ്കില്‍ ശക്തമായ സമരത്തിനു തയാറെടുക്കുകയാണ് നാട്ടുകാര്‍.
മണലെടുപ്പിനെതിരേ മനുഷ്യ മതില്‍ തീര്‍ക്കാനുള്ള ഒരുക്കത്തിലാണ് പ്രദേശവാസികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."