രാജ്യസഭാ സീറ്റ് ആര്‍ക്കും സ്ഥിരമായി വിട്ടുകൊടുത്തിട്ടില്ല: ചെന്നിത്തല
തിരുവനന്തപുരം: യു.ഡി.എഫിന്റെ രാജ്യസഭാ സീറ്റ് സ്ഥിരമായി ആര്‍ക്കും വിട്ടുകൊടുത്തിട്ടില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിനെ യു.ഡി.എഫിലേക്കു തിരിച്ചുകൊണ്ടുവരാനുള്ള നടപടിയുടെ ഭാഗമായ ഒരു പ്രത്യേക നീക്കം മാത്രമാണിതെന്നും യു.ഡി.എഫ് യോഗത്തിനുശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
കേരള കോണ്‍ഗ്രസ് യു.ഡി.എഫിലേക്ക് മടങ്ങിവന്നത് യു.ഡി.എഫിനെ ശക്തിപ്പെടുത്തും. കഴിഞ്ഞ രണ്ടുവര്‍ഷമായി എല്ലാ യു.ഡി.എഫ്, കെ.പി.സി.സി, രാഷ്ട്രീയകാര്യസമിതി യോഗങ്ങളിലും കേരള കോണ്‍ഗ്രസിനെ തിരിച്ച് കൊണ്ടുവരണമെന്ന് ശക്തമായ ആവശ്യമുയര്‍ന്നിരുന്നു. എല്ലാ യു.ഡി.എഫ് ഘടകകക്ഷികളും ഏകകണ്ഠമായി തന്നെ ഈ ആവശ്യം ഉന്നയിച്ചിരുന്നു. കെ.പി.സി.സിയും എല്ലാ ഘടകകക്ഷികളും ഒറ്റക്കെട്ടായി ചുമതലപ്പെടുത്തിയതിനെ തുടര്‍ന്നാണ് പി.കെ കുഞ്ഞാലിക്കുട്ടി കെ.എം മാണിയുമായി ചര്‍ച്ച നടത്തിയത്. കുഞ്ഞാലിക്കുട്ടി സ്വന്തംനിലക്ക് നടത്തിയ ചര്‍ച്ചയായിരുന്നില്ല അത്. ആ ചര്‍ച്ചകളുടെ പരിസമാപ്തിയാണ് യു.ഡി.എഫിലേക്കുള്ള കേരള കോണ്‍ഗ്രസിന്റെ തിരിച്ചുവരവ്.
ചില രാഷ്ട്രീയ സാഹചര്യങ്ങളില്‍ അടിയന്തര തീരുമാനങ്ങള്‍ എടുക്കേണ്ടി വരും. അത്തരം ഘട്ടങ്ങളില്‍ പാര്‍ട്ടി ഫോറങ്ങളില്‍ ചിലപ്പോള്‍ ചര്‍ച്ച ചെയ്യാന്‍ കഴിഞ്ഞില്ലെന്നു വരും.
കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റായിരുന്ന കൊല്ലം ലോക്‌സഭാ സീറ്റ് ആര്‍.എസ്.പിക്ക് വിട്ടുകൊടുക്കാനുള്ള തീരുമാനം അഞ്ചുമിനിറ്റുകൊണ്ടാണ് താനും ഉമ്മന്‍ചാണ്ടിയും സുധീരനും കൂടി എടുത്തത്. വീരേന്ദ്രകുമാര്‍ പാര്‍ലമെന്റിലേക്ക് മത്സരിക്കുമ്പോള്‍ ഏതെങ്കിലും കാരണവശാല്‍ അദ്ദേഹം പരാജയപ്പെട്ടാല്‍ രാജ്യസഭാ സീറ്റ് നല്‍കുമെന്ന തീരുമാനവും ഈ മൂന്നുപേരും കൂടിയാണെടുത്തത്.
ഇപ്പോള്‍ യു.ഡി.എഫ് പ്രതിപക്ഷത്തായതിനാല്‍ അംഗബലമനുസരിച്ച് ഒരു സീറ്റിലേ വിജയിക്കാനാവൂ. ഈ സീറ്റ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കേരള കോണ്‍ഗ്രസ് കടുത്ത നിലപാട് എടുത്തു. തുടര്‍ന്നാണ് ഒറ്റത്തവണത്തേക്ക് മാത്രം കേരള കോണ്‍ഗ്രസിന് നല്‍കാമെന്ന് തീരുമാനിച്ചത്.
കോണ്‍ഗ്രസിന്റെ സീറ്റ് കേരള കോണ്‍ഗ്രസിന് വിട്ടുകൊടുത്തിട്ടില്ല. രണ്ടുസീറ്റ് കിട്ടുമ്പോള്‍ ഒന്ന് കേരള കോണ്‍ഗ്രസിനു കൊടുക്കേണ്ടത് അല്‍പം നേരത്തെ കൊടുത്തു.
2021ല്‍ യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ പിന്നീട് കിട്ടുന്ന രണ്ടു സീറ്റും കോണ്‍ഗ്രസിനു ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."