മോദിയെ വധിക്കാന്‍ ആസൂത്രണം: റോണാ നിരപരാധിയെന്ന് പിതാവ്
കൊല്ലം: പ്രധാനമന്ത്രിയ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് അറസ്റ്റിലായ റോണാ ജേക്കബ് വില്‍സണ്‍ നിരപരാധിയാണെന്ന് പിതാവ് ജേക്കബ് വില്‍സണ്‍. അറസ്റ്റിനെ നിയമപരമായി നേരിടുമെന്ന് റോണോയുടെ കുടുംബം വ്യക്തമാക്കി. മനുഷ്യാവകാശ പ്രവര്‍ത്തകരെ കള്ളത്തെളിവുണ്ടാക്കി അറസ്റ്റ് ചെയ്യുക എന്നത് കേന്ദ്ര സര്‍ക്കാരിന്റെ നയമാണ്. തന്റെ മകന് ഉള്‍പ്പെടെയുള്ളവരെ മോദി സര്‍ക്കാര്‍ കുടുക്കിയതാണെന്നും ജേക്കബ് വില്‍സണ്‍ ആരോപിച്ചു. മനുഷ്യാവകാശ പ്രവര്‍ത്തകരെ ഇല്ലാതാക്കാനാണ് മോദി സര്‍ക്കാരിന്റെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു.
കേസിന്റെ കാര്യങ്ങളും മറ്റും നോക്കാന്‍ റോണായുടെ സഹോദരന് റോയി പൂനെയിലെത്തിയിട്ടുണ്ട്. കഴിഞ്ഞമാസം മാമോദിസാ ചടങ്ങില്‍ പങ്കെടുക്കാന്‍ റോണാ കൊല്ലത്തെ വീട്ടിലെത്തിയിരുന്നു. ജെ.എന്‍.യുവിലെ പഠനത്തിന് ശേഷം ദില്ലിയില്‍ സ്ഥിരതാമസമാക്കിയ റോണാ വര്‍ഷത്തില്‍ നാലഞ്ചുതവണ നാട്ടില്‍ വരാറുണ്ടെന്ന് ബന്ധുക്കള്‍ പറയുന്നു. നീണ്ടകരയിലെ ആലുമൂട് വീട്ടില്‍ പിതാവ് ജേക്കബ് വില്‍സണെ കൂടാതെ അമ്മ മേര്ളി, സഹോദരി ലവ്ലി എന്നിവരാണ് താമസം. കേന്ദ്ര ഇന്റലിജന്‍സ് ഉദ്യോഗസ്ഥരുടെയും കേരളാ പൊലിസിന്റെയും കര്‍ശന നിരീക്ഷണത്തിലാണ് ഈ വീട് ഇപ്പോള്‍. രാജീവ് ഗാന്ധിയെ തമിഴ്പുലികള്‍ വധിച്ചതു പോലെ റോഡ് ഷോയ്ക്കിടെ മോദിയെ വധിക്കണം എന്നൊരു ഇ മെയില്‍ സന്ദേശം റോണാ ജേക്കബ് വില്‍സന്റെ ലാപ്പ്ടോപ്പില്നിന്ന് ലഭിച്ചെന്ന് പൂനെ പൊലിസ് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു റോണായെയും മറ്റു ചിലരെയും പൊലിസ് അറസ്റ്റ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."