ബാങ്ക് അക്കൗണ്ടും ഓണ്‍ലൈന്‍ അപേക്ഷയും വെല്ലുവിളി
കോഴിക്കോട്: ലോക്ക് ഡൗണ്‍ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ മദ്‌റസാധ്യാപകര്‍ക്കു സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായധനം ഭൂരിഭാഗം പേര്‍ക്കും ലഭിക്കില്ലെന്ന് ആശങ്ക. അപേക്ഷകനു ബാങ്ക് അക്കൗണ്ട് വേണമെന്നതും ഓണ്‍ലൈന്‍ വഴി മാത്രമേ അപേക്ഷിക്കാനാവൂ എന്നതുമാണ് തിരിച്ചടിയാവുന്നത്.
പോസ്‌റ്റോഫിസ് വഴിയാണ് പലരും ക്ഷേമനിധി പ്രീമിയം അടച്ചിരുന്നത്. ബാങ്ക് അക്കൗണ്ട് ഇല്ലാത്തതിനാല്‍ ഭൂരിഭാഗം പേര്‍ക്കും സഹായധനത്തിനു അപേക്ഷിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് വ്യാപക പരാതിയുണ്ട്. പുതിയ അക്കൗണ്ട് തുടങ്ങാന്‍ നിലവിലെ പ്രത്യേക സാഹചര്യത്തില്‍ സാധിക്കുന്നുമില്ല. ലോക്ക് ഡൗണിനെ തുടര്‍ന്ന് ബാങ്കുകള്‍ സജീവമായി പ്രവര്‍ത്തിക്കാത്തതാണ് ഇവര്‍ക്കു വിനയായത്. ഇളവുകളുള്ള ജില്ലകളില്‍ ബാങ്കുകളുടെ പ്രവര്‍ത്തനം ഭാഗികമായി ആരംഭിച്ചെങ്കിലും കനത്ത നിയന്ത്രണങ്ങള്‍ തുടരുന്ന മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മദ്‌റസാധ്യാപകര്‍ കൂടുതലുമുള്ളത്.
ഓണ്‍ലൈനായാണ് അപേക്ഷകള്‍ സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. ഇന്റര്‍നെറ്റ് കഫെകളും മറ്റും അടഞ്ഞു കിടക്കുന്നതിനാല്‍ പലരും പ്രയാസത്തിലാണ്. ഇതു വരെ 9000 പേര്‍ മാത്രമാണ് അപേക്ഷിച്ചതെന്നാണ് സൂചന.
അപേക്ഷ സമര്‍പ്പിക്കാനുള്ള പ്രയാസം കണക്കിലെടുത്ത് അവസാന തിയതി നീട്ടണമെന്ന ആവശ്യം ശക്തമാണ്. നിലവില്‍ അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തിയതി ഏപ്രില്‍ 30 ആണ്. മദ്‌റസാധ്യാപക ക്ഷേമനിധിയില്‍ അംഗത്വമുള്ളവര്‍ക്കു മാത്രമാണ് 2000 രൂപ സഹായം പ്രഖ്യാപിച്ചത്. 2019 മാര്‍ച്ച് 31 വരെ പ്രീമിയം അടച്ചവര്‍ക്കും ഇതിനു ശേഷം അംഗമായവര്‍ക്കുമാണ് സഹായധനം ലഭിക്കുക.
ഇരുപത്തി അയ്യായിരത്തില്‍പരം മദ്‌റസാധ്യാപകര്‍ക്കാണു ക്ഷേമനിധിയില്‍ അംഗത്വമുള്ളത്. ക്ഷേമനിധി ബോര്‍ഡിന്റെ കോര്‍പ്പസ് ഫണ്ടില്‍ നിന്ന് അഞ്ചുകോടി രൂപ ഇതിനായി വിനിയോഗിക്കാനാണ് സര്‍ക്കാര്‍ ഉത്തരവിട്ടത്.
ക്ഷേമനിധിയില്‍ അംഗത്വം ഉള്ളവര്‍ കേരളത്തിലെ ആകെ മദ്‌റസാധ്യപകരുടെ പത്ത് ശതമാനത്തില്‍ താഴെ മാത്രമാണ്.
അംഗത്വമുള്ള അധ്യാപകര്‍ പ്രതിവര്‍ഷം 1200 രൂപ ക്ഷേമനിധി ബോര്‍ഡില്‍ അടക്കുന്നുണ്ട്.
മദ്‌റസാധ്യാപക ക്ഷേമനിധി ഓഫിസ് പ്രവര്‍ത്തനം സജീവമാകുന്നതോടെ തുക കൈമാറുന്നതിനുള്ള നടപടികള്‍ ത്വരിതഗതിയിലാകുമെന്നാണ് പ്രതീക്ഷ. അപേക്ഷാ തിയതി നീട്ടണമെന്ന നിരന്തര അഭ്യര്‍ത്ഥനയെ തുടര്‍ന്ന് മെയ് 30 വരെ നീട്ടാന്‍ സാധ്യതയുണ്ടെന്നാണ് കോഴിക്കോട് ക്ഷേമനിധി ഓഫിസില്‍ നിന്നുള്ള പ്രതികരണം. എന്നാല്‍ ഇതുവരെ ഔദ്യോഗിക അറിയിപ്പുകളൊന്നും ഉണ്ടായിട്ടില്ല. എല്ലാവര്‍ക്കും അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയുന്ന രൂപത്തില്‍ സൗകര്യംചെയ്യാന്‍ ബന്ധപ്പെട്ടവര്‍ തയാറാവണമെന്ന് സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് മാനേജര്‍ കെ.മോയിന്‍കുട്ടി മാസ്റ്റര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."