യുവേഫ നിര്‍ദേശം; ഡച്ച് ലീഗ് അവസാനിപ്പിച്ചു
ആംസ്റ്റര്‍ഡാം: കൊവിഡ് ഭീതി ഒഴിയാത്ത സാഹചര്യത്തില്‍ ഡച്ച് ഫുട്ബോള്‍ ലീഗ് അവസാനിപ്പിച്ചു. വിജയികളില്ലാതെയാണ് ഈ സീസണ് നിര്‍ത്തിവച്ചത്. ആവശ്യമുള്ള രാജ്യങ്ങള്‍ക്ക് ലീഗ് റദ്ദാക്കണമെങ്കില്‍ ആകാമെന്ന നിര്‍ദേശം ഒരാഴ്ച മുന്‍പ് യുവേഫ മുന്നോട്ട് വച്ചിരുന്നു. ഈ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഡച്ച് ലീഗ് റദ്ദാക്കിയത്.സെപ്റ്റംബര്‍ വരെ നെതര്‍ലന്‍ഡില്‍ എല്ലാ കായിക മത്സരങ്ങളും നിരോധിച്ചിരിക്കുകയാണ്. അതിനാല്‍ അടച്ചിട്ട സ്റ്റേഡിയത്തിലും മത്സരം നടത്താന്‍ കഴിയാത്ത സ്ഥിതിയാണ്. ഇതേ തുടര്‍ന്നാണ് ലീഗ് ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്.
നിലവില്‍ അയാക്സാണ് പട്ടികയില്‍ ഒന്നാമതെങ്കിലും ചാംപ്യന്മാരായി ആരെയും പ്രഖ്യാപിച്ചിട്ടില്ല. ലീഗില്‍ ഇത്തവണ പ്രമോഷനോ, റിലഗേഷനോ ഉണ്ടാകില്ലെന്ന നിബന്ധനയും ക്ലബുകള്‍ അംഗീകരിച്ചിട്ടുണ്ട്. ലീഗില്‍ 25 മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ 56 പോയിന്റാണ് അയാക്സിനുള്ളത്.
അതേ സമയം, ജര്‍മന്‍ ഫുട്ബോള്‍ ലീഗായ ബുണ്ടസ്ലിഗ പുനരാരംഭിക്കാന്‍ ഏകദേശ ധാരണയായി. കഴിഞ്ഞ ദിവസം ക്ലബുകളും ലീഗ് അധികൃതരും തമ്മിലുള്ള ചര്‍ച്ചയിലും ലീഗ് തുടങ്ങാം എന്നാണ് തീരുമാനിച്ചത്. കാണികള്‍ ഇല്ലാതെയാകും മത്സരങ്ങള്‍ നടത്തുക. മെയ് ഒന്‍പതിനാണ് ലീഗ് പുനരാരംഭിക്കാന്‍ ബുണ്ട@സ്ലിഗ അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്.എന്നാല്‍ ഈ നീക്കത്തിന് സര്‍ക്കാരിന്റെ പിന്തുണ ഇതുവരെ ലഭിച്ചിട്ടില്ല. ഒക്ടോബര്‍ വരെ ജര്‍മനിയില്‍ പൊതുപരിപാടി വേണ്ടെന്നാണ് സര്‍ക്കാരിന്റെ തീരുമാനം. ഈ സാഹചര്യത്തില്‍ ഫുട്ബോളിന് അനുമതി നല്കിയാല് അത് മറ്റു പല പ്രശ്നത്തിലേക്കും നയിക്കുമെന്നും സര്‍ക്കാര്‍ ഭയപ്പെടുന്നുണ്ട്. അടുത്ത മാസം ലീഗ് തുടങ്ങുന്നതിന് വേണ്ടി രണ്ടാഴ്ച മുന്‍പ് തന്നെ ബുണ്ടസ്ലിഗ ടീമുകള്‍ പരിശീലനം നടത്തിയിരുന്നു. സമൂഹ അകലം പാലിച്ച് രണ്ട് പേരടങ്ങുന്ന സംഘങ്ങളായാണ് ഇപ്പോള്‍ പല ടീമുകളും പരിശീലനം നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."