പരിചരിക്കാന്‍ ഇവരുണ്ട് കൂട്ടിന്
'പ്രിയപ്പെട്ടവരേ.., ഞങ്ങള്‍ മസ്തിഷ്‌കസംബന്ധമായ തകരാറു കാരണം ചില പ്രശ്‌നങ്ങള്‍ നേരിടുന്നവരാണ്. അതിലൊരു വിഭാഗമാണ് ഓട്ടിസമുള്ളവര്‍. പലരും ഞങ്ങളെ സഹായിക്കാന്‍ വന്നിട്ടുണ്ട്. അതിനു നന്ദിയുണ്ട്. പക്ഷേ, പലയാളുകളും ഞങ്ങളെക്കുറിച്ചു തെറ്റിദ്ധാരണ വച്ചുപുലര്‍ത്തുന്നവരാണ്. ഞങ്ങളില്‍ ചിലര്‍ അക്രമകാരികളാണ്. ചിലര്‍ നല്ല കഴിവുള്ളവരും. അക്രമകാരികളെ മുന്‍നിര്‍ത്തി ഞങ്ങളെ കുറ്റപ്പെടുത്തുമ്പോള്‍ വിഷമമുണ്ട്. അക്രമകാരികളായ പക്ഷിമൃഗാദികളെ നിങ്ങള്‍ ഓമനകളായി വളര്‍ത്തുന്നില്ലേ... ആ പരിഗണനയെങ്കിലും ഞങ്ങള്‍ അര്‍ഹിക്കുന്നില്ലേ... ഞങ്ങളെ കാണുമ്പോള്‍ അസ്വസ്ഥരാവുന്നതെന്തിനാണ്.'
ഓട്ടിസമുണ്ടെന്നതിനാല്‍ ഒറ്റപ്പെടുത്തപ്പെട്ട ഒരു കുട്ടിയുടെ തുറന്നുപറച്ചിലാണിത്. ഈ വേദന പലരും കാണാറില്ല. കണ്ടില്ലെന്നു നടിക്കുന്നവരുമുണ്ട്. എന്നാല്‍, ഇത്തരം കുട്ടികള്‍ക്കു നേരെ കാരുണ്യത്തിന്റെയും സഹാനുഭൂതിയുടെയും കൈനീട്ടുന്നവര്‍ ഈ കേരളത്തില്‍ത്തന്നെ ഒട്ടേറെപ്പേരുണ്ട്. അവരുടെ വേദനയുടെ ആഴമറിഞ്ഞ് അവര്‍ക്കു വേണ്ടി ജീവിതം സമര്‍പ്പിക്കുന്നവര്‍.
അത്തരക്കാരിലൊരാളാണ് മലപ്പുറം തിരൂര്‍ സ്വദേശിയായ ഡോ. സി.പി അബൂബക്കര്‍. 2005 ല്‍ സിവില്‍സര്‍ജനായിരിക്കെയാണ് ഓട്ടിസമുള്ള കുട്ടികളുമായി ഇടപഴകുന്നത്. വൈകല്യം സാക്ഷ്യപ്പെടുത്താനായി കൊണ്ടുവന്ന സര്‍ട്ടിഫിക്കറ്റില്‍ ഓട്ടിസമെന്നു കണ്ടു.
അങ്ങനെയാണ് ഓട്ടിസം ബാധിച്ചവരെക്കുറിച്ചുള്ള അന്വേഷണമാരംഭിച്ചത്. ഇത്തരം കുട്ടികളുടെ രക്ഷിതാക്കളെ ഉള്‍പ്പെടുത്തി ഓട്ടിസം ക്ലബ്ബ് രൂപീകരിച്ചു. ഇപ്പോള്‍ ഡോക്ടറുടെ നേതൃത്വത്തില്‍ പാലക്കാട് ഒഴികെയുള്ള 13 ജില്ലകളിലും ഓട്ടിസം ക്ലബ്ബുണ്ട്. നിശ്ചിത ഇടവേളകളില്‍ സൗജന്യമായി പത്തുദിവസത്തെ ബോധവത്കരണക്ലാസ് നടത്തുന്നുണ്ട്.
ഓട്ടിസമുള്ള കുട്ടികളുടെ കവിത, കഥാ സമാഹാരങ്ങളും, രക്ഷിതാക്കളുടെ അനുഭവങ്ങള്‍ ഉള്‍കൊള്ളുന്ന പുസ്തകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒരുവര്‍ഷമായി 'ഓട്ടിസം വോയ്‌സ് ' എന്ന ത്രൈമാസ മാസികയും പുറത്തിറക്കുന്നുണ്ട്. ജീവിതം അവസാനിപ്പിച്ചാലോയെന്ന അവസ്ഥയിലെത്തിയ ഘട്ടത്തില്‍ ഡോക്ടറില്‍നിന്നു ലഭിച്ച ബോധവത്കരണത്തിലൂടെ കുട്ടിയുടെ കഴിവു കണ്ടെത്താനും അതിലൂടെ ആശ്വാസം നേടാനുമായെന്ന് ഒരമ്മ പറഞ്ഞു. ഇന്നും പല അമ്മമാരുടെയും കണ്ണീരൊപ്പാന്‍ ദിക്കില്‍നിന്നു മറ്റൊരു ദിക്കിലേയ്ക്കു സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ് ഡോക്ടര്‍.
കോഴിക്കോട് പുറക്കാട്ടിരിയിലെ കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമായുള്ള ആയുര്‍ഗ്രാമം ഓട്ടിസമുള്ള കുട്ടികളുടെ ആശ്വാസകേന്ദ്രമാണ്. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍നിന്ന് ഇവിടേയ്ക്കു നിരവധിപേരാണ് ദിവസവും എത്തുന്നത്. ആയുര്‍ഗ്രാമം ചീഫ് മെഡിക്കല്‍ ഓഫിസര്‍ ഡോ.എം ശ്രീകുമാറാണ് ഈ സംരംഭത്തിനു ചുക്കാന്‍ പിടിക്കുന്നത്. ഇതേ അവസ്ഥ അദ്ദേഹത്തിന്റെ മകള്‍ക്കുമുണ്ടായിരുന്നു. അങ്ങനെയാണ് ഇത്തരം കുട്ടികള്‍ക്കുവേണ്ടി ഡോക്ടര്‍ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ കുട്ടികള്‍ക്കായുള്ള പ്രത്യേക ഒ.പി ആരംഭിക്കുന്നത്. 2010ല്‍ ആയുരാശ്വാസ് പദ്ധതിയും 2012ല്‍ സ്പന്ദനം പദ്ധതിയും നടപ്പാക്കി. 2015ലാണ് ഈ സംരംഭം തുടങ്ങിയത്.
''ശ്രീകുമാര്‍ ഡോക്ടറുടെ അടുത്തെത്തുമ്പോള്‍ ഒന്നു ചിരിക്കുകപോലുമില്ലായിരുന്നു എന്റെ മകള്‍. ചിരിച്ചില്ലേലും സംസാരിച്ചില്ലേലും ഫോട്ടോ എടുക്കുമ്പോ കാമറയിലേക്കെങ്കിലും നോക്കിയാല്‍ മതിയായിരുന്നു. അതായിരുന്നു ഞങ്ങളുടെ ആഗ്രഹം. എന്നാല്‍, ഇക്കഴിഞ്ഞ ലക്കത്തിലെ ഒരു ആരോഗ്യ മാസികയില്‍ മകളുടെ ഫോട്ടോയാണ് കവര്‍ ഫോട്ടോയായി വന്നത്.''അഞ്ചുവയസുകാരി ദക്ഷയുടെ അച്ഛന്‍ ദിനല്‍ പറയുന്നു.
മാനസികവെല്ലുവിളി നേരിടുന്ന കുട്ടികളുടെ രക്ഷിതാക്കളുടെ സംഘടനയാണു പരിവാര്‍. 14 ജില്ലകളിലായി ഇരുപതിനായിരത്തിലേറെ അംഗങ്ങളുള്ള സംഘടനയാണിത്. ഓട്ടിസം ബാധിതരുടെ രക്ഷിതാക്കള്‍ക്കു സര്‍ക്കാര്‍തലത്തിലുള്ള ആനുകൂല്യങ്ങള്‍ വാങ്ങിക്കൊടുക്കുക എന്നതാണു സംഘടനയുടെ പ്രധാനലക്ഷ്യമെന്നു പരിവാര്‍ സംസ്ഥാന സെക്രട്ടറി പി.സിക്കന്തര്‍ പറയുന്നു. ബോധവത്കരണത്തിനായി കുടുംബശ്രീയുമായി സഹകരിച്ച് അയല്‍കൂട്ടം, ഗ്രാമസഭ, പൊതുസഭ എന്നിവയും സംഘടിപ്പിക്കുന്നുണ്ട്.
തിരുവനന്തപുരം പാങ്ങപ്പാറയിലെ സി.എച്ച് മുഹമ്മദ്‌കോയ മെമ്മോറിയല്‍ സ്‌റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ദി മെന്റലി ചാലഞ്ച്ഡ് എന്ന സ്ഥാപനവും കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ഇംഹാന്‍സ് സെന്ററുകളും കേരളത്തിലെ 400 ലധികം സ്വകാര്യസ്ഥാപനങ്ങളും നിരവധി സന്നദ്ധസംഘടനകളും ഓട്ടിസം ബാധിതകര്‍ക്കു കൈത്താങ്ങായി നിലകൊള്ളുന്നുണ്ട്.
ഓട്ടിസമടക്കം ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് ആശ്വാസമേകാന്‍ ഒരു കൂട്ടം മാതാപിതാക്കളുടെ ആലോചനയില്‍വന്ന പദ്ധതിയാണു 'ശ്രദ്ധ.' ഇത്തരം കുട്ടികളെ മികച്ച രീതിയില്‍ പരിശീലിപ്പിച്ചു ഭാവി ശോഭനമാക്കുകയെന്നതാണു പദ്ധതിയുടെ ഉദ്ദേശ്യം. വയനാട് ജില്ലയിലെ വൈത്തിരിയില്‍ പദ്ധതിക്കാവശ്യമായ സ്ഥലം കൂട്ടായ പരിശ്രമത്തിലൂടെ കണ്ടെത്തിയിട്ടുണ്ട്. നാലു കോടി രൂപ ചെലവില്‍ വികസിതരാജ്യങ്ങള്‍ക്കു സമാനമായ രീതിയിലാണു പദ്ധതിയുടെ രൂപരേഖ തയാറാക്കിയിരിക്കുന്നതെന്നു ചെയര്‍മാന്‍ ഷാക്കിര്‍ കടലുണ്ടി പറയുന്നു.
(തുടരും)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."