നാദാപുരത്ത് വന്‍ മദ്യവേട്ട 150 കുപ്പി വിദേശമദ്യവുമായി രണ്ടുപേര്‍ പിടിയില്‍
നാദാപുരം: മാഹിയിലെ പള്ളൂരില്‍ നിന്നു ബൈക്കില്‍ കടത്തുകയായിരുന്ന മദ്യവുമായി രണ്ടു പേര്‍ എക്‌സൈസ് സംഘത്തിന്റെ പിടിയിലായി. കോഴിക്കോട് ഫറോക്ക് സ്വദേശികളായ അമ്പാടിക്കളത്തില്‍ വിശ്വനാഥന്‍ (34), മുളിയന്‍പറമ്പില്‍ സുമേഷ് (35) എന്നിവരെയാണ് നാദാപുരം എക്‌സൈസ് ഓഫിസര്‍ കെ.കെ ഷിജില്‍കുമാറിന്റെ നേതൃതൃത്തില്‍ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി വാഹനപരിശോധനയ്ക്കിടെ സ്‌കൂട്ടറില്‍ ചാക്കില്‍കെട്ടി കടത്തുകയായിരുന്ന 50 കുപ്പി മദ്യവുമായി സുമേഷ് പിടിയിലാവുകയായിരുന്നു.
എക്‌സൈസ് സംഘത്തെക്കണ്ട് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പിന്തുടര്‍ന്ന എക്‌സൈസ് സംഘം കച്ചേരി ജുമാമസ്ജിദിന് സമീപത്തുവച്ച് ഇയാളെ പിടികൂടുകയായിരുന്നു. ഇയാളില്‍ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ കായപ്പനിച്ചിയില്‍ എക്‌സൈസ് സംഘം രാത്രി പത്തരയോടെ നടത്തിയ പരിശോധനയിലാണ് സ്‌കൂട്ടറില്‍ എത്തിയ വിശ്വനാഥന്‍ പിടിയിലാകുന്നത്. ഇയാളില്‍ നിന്ന് 500 മില്ലിയുടെ 100 കുപ്പി മദ്യമാണ് പിടികൂടിയത്.
ഇരുവരും വില്‍പ്പനയ്ക്കായി സ്വദേശത്തേക്കു കൊണ്ടുപോവുകയായിരുന്നു. ദേശീയപാതയിലെ മദ്യശാലകള്‍ പൂട്ടിയതോടെ കോഴിക്കോട്, കണ്ണൂര്‍ ജില്ലകള്‍ അതിര്‍ത്തികള്‍ പങ്കിടുന്ന പള്ളൂര്‍, പന്തക്കല്‍ എന്നിവിടങ്ങളില്‍ നിന്നു വന്‍തോതിലുള്ള മദ്യക്കടത്താണ് നടക്കുന്നത്.
പള്ളൂരും പന്തക്കലും ദേശീയ, സംസ്ഥാനപാതയുടെ പട്ടികയിലില്ലാത്തതിനാല്‍ സുപ്രിംകോടതിയുടെ നിരോധിത മേഖലയില്‍ ഉള്‍പ്പെടുന്നില്ല. ഇതേത്തുടര്‍ന്ന് ഇവിടെയുള്ള ബാറുകള്‍ തുറന്നു പ്രവര്‍ത്തിക്കുകയാണ്. കണ്ണൂര്‍, കോഴിക്കോട് ജില്ലയുടെ അതിര്‍ത്തിയോട് തൊട്ടു കിടക്കുന്നതിനാല്‍ ആളുകള്‍ മദ്യം തേടി ഇവിടേക്ക് ഒഴുകുകയാണ്.
വടകര, നാദാപുരം ഓഫിസുകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് വിശാലമായ അതിര്‍ത്തിക്കുള്ളില്‍ മുഴുസമയ പരിശോധനക്കു സംവിധാനമില്ല. ഈ പഴുത് മുതലെടുത്താണ് വ്യാപകമായ മദ്യക്കടത്ത്.
വരാനിരിക്കുന്ന വിഷു, ഈസ്റ്റര്‍ തുടങ്ങിയ ആഘോഷ വേളകള്‍ ലക്ഷ്യമിട്ടാണ് മദ്യക്കടത്ത് വ്യാപകമായി നടക്കുന്നത്. സുരക്ഷിതമായി ലക്ഷ്യസ്ഥാനത്തെത്തിയാല്‍ നാലും അഞ്ചും ഇരട്ടി ലാഭമാണ് കടത്തുകാര്‍ക്ക് ലഭിക്കുന്നത്.
നാദാപുരം പൊലിസ് സ്റ്റേഷന്‍ കേന്ദ്രമായി 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം സംവിധാനം നിലവിലുണ്ടെങ്കിലും കൂടുതല്‍ കാര്യക്ഷമമല്ലെന്ന പരാതി ഉയരുന്നുണ്ട്. അത്യാധുനിക സംവിധാനമുള്ള 12 ആഡംബര വാഹനവും ഇതില്‍ എസ്.ഐ അടക്കം 80ഓളം ഓഫിസര്‍മാരും ജോലി ചെയ്യുന്നുണ്ട്. പുതുതായി 52 പേരെയും എ.ആര്‍ ക്യാംപില്‍ നിന്ന് 24 പേരെയും നാദാപുരത്തു നിയമിച്ചിട്ടുണ്ട്. എന്നാല്‍ ഇവര്‍ക്ക് ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. ഹെല്‍മറ്റ് പരിശോധന മാത്രമായി ഇവരുടെ പ്രവര്‍ത്തനം ചുരുക്കുന്നതാണ് മദ്യക്കടത്തു പോലുള്ള കേസുകള്‍ പിടികൂടാന്‍ കഴിയാത്തത്.
ഇന്നലെ നാദാപുരം മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. പ്രിവന്റിവ് ഓഫിസര്‍ ശ്രീജിത്, സിവില്‍ ഓഫിസര്‍മാരായ കെ. ശരാജ്, സി.എം സുരേഷ്‌കുമാര്‍, കെ.എം ജിജു, ബബിത, ഡ്രൈവര്‍ പ്രജീഷ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."