രാജ്യരക്ഷാ താല്‍പര്യങ്ങളെ മോദി രാഷ്ട്രീയവല്‍ക്കരിക്കുന്നു: ബിനോയ് വിശ്വം എം.പി
പാലക്കാട്: രാജ്യരക്ഷാ താല്‍പര്യങ്ങളെ വോട്ടിനു വേണ്ടി കൂട്ടിക്കെട്ടാനുള്ള ബി.ജെ.പി നീക്കം രാജ്യസ്‌നേഹികളെയാകെ അത്ഭുതപ്പെടുത്തുകയാണെന്ന് സി.പി.ഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം എം.പി.
കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ ചേര്‍ന്ന 21 പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം രാഷ്ട്രീയ ചര്‍ച്ചകള്‍ പോലും മാറ്റിവെച്ച കാര്യം ബി.ജെ.പി കാണാതിരിക്കരുതെന്നും അദ്ദേഹം വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.
പുല്‍വാമയില്‍ മരിച്ച ധീരജവാന്മാരെ ചൊല്ലിയും കാണാതായ വ്യോമ സേനാംഗങ്ങളെക്കുറിച്ചും ഓര്‍ത്ത് രാജ്യം മുഴുവന്‍ കേഴുമ്പോള്‍ നരേന്ദ്രമോദി അടക്കമുള്ള ബി.ജെ.പി നേതാക്കള്‍ വോട്ടു പിടിക്കാന്‍ നെട്ടോട്ടം നടത്തുന്നത് അങ്ങേയറ്റം ഖേദകരമാണ്. സ്വന്തം ഭരണപരാജയങ്ങള്‍ മൂടിവെയ്ക്കാന്‍ യുദ്ധഭ്രാന്ത് ഇളക്കിവിടുന്നത് ലോകത്താകമാനം ജനവിരുദ്ധ ഭരണാധികാരികള്‍ പയറ്റുന്ന തന്ത്രമാണ്. ഹിറ്റ്‌ലറില്‍ നിന്നാകും ഈ തന്ത്രവും നരേന്ദ്രമോദി പഠിച്ചത്.
പുല്‍വാമ ഭീകരാക്രമണത്തിലേക്ക് നയിച്ച ഇന്റലിജന്‍സ് പാളിച്ചകളില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനാണ് ബി.ജെ.പി രാജ്യരക്ഷയെ രാഷ്ട്രീയവല്‍ക്കരിക്കുന്നതെന്നും ബിനോയ് വിശ്വം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."