ട്രോളിങ് നിരോധനം ഒരാഴ്ച പിന്നിട്ടു: ചെറുവള്ളങ്ങള്‍ക്കും മത്സ്യം കിട്ടുന്നില്ല
പൊന്നാനി: ട്രോളിങ് നിരോധനം തുടങ്ങിയിട്ട് ഒരാഴ്ച പിന്നിട്ടു. ഈ സമയം കടലില്‍ പോകാന്‍ അനുമതിയുള്ള വള്ളങ്ങള്‍ക്കും കടലില്‍പോയിട്ട് മത്സ്യം കിട്ടാനില്ലാത്ത സാഹചര്യമാണ്. കടല്‍ക്ഷോഭിച്ചിരിക്കുന്നതിനാല്‍ മലബാര്‍ തീരങ്ങളിലൊന്നും ചെറുവള്ളങ്ങളും യാനങ്ങളും കടലില്‍ പോയിട്ടില്ല.
സംസ്ഥാനത്ത് 1,000 ഇന്‍ബോര്‍ഡ് എന്‍ജിന്‍ ഘടിപ്പിച്ച വള്ളങ്ങള്‍ 27,000 ഔട്ട് ബോര്‍ഡ് എന്‍ജിന്‍ ഘടിപ്പിച്ച വള്ളങ്ങള്‍, 2,000 യന്ത്രം ഘടിപ്പിക്കാത്ത നാടന്‍ വള്ളങ്ങള്‍, 35,000 യാനങ്ങള്‍ എന്നിവക്കാണ് ട്രോളിങ് കാലയളവിലും കടലില്‍ പോകാന്‍ അനുമതിയുള്ളത്. ട്രോളിങ് കാലയളവില്‍ സൗജന്യറേഷന് പുറമെ പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖാപിക്കണമെന്നാണ് മത്സ്യത്തൊഴിലാളികളുടെ ആവശ്യം. മറ്റു സംസ്ഥാനങ്ങളെല്ലാം പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചിട്ടുണ്ട്.
ട്രോളിങില്‍ ഏര്‍പ്പെട്ടവര്‍ക്കും അനുബന്ധ തൊഴിലാളികള്‍ക്കും മാത്രമാണ് സംസ്ഥാന സര്‍ക്കാര്‍ സൗജന്യറേഷന്‍ അനുവദിച്ചത്. നാലാഴ്ചയാണ് ബി.പി.എല്‍ കാര്‍ഡുടമകള്‍ക്ക് കിട്ടുന്ന രണ്ട് രൂപയുടെ അരി മത്സ്യത്തൊഴിലാളികള്‍ക്ക് ലഭിക്കുക.
ഒരാള്‍ക്ക് പരമാവധി 25 കിലോ അരിയാണ് ലഭിക്കുക. മറ്റു സംസ്ഥാനങ്ങള്‍ ഈ കാലയളവില്‍ പ്രത്യേക സാമ്പത്തിക പാക്കേജ് മത്സ്യതൊഴിലാളികള്‍ക്ക് നല്‍കിവരുമ്പോഴാണ് സംസ്ഥാന സര്‍ക്കാരിന്റെ ഈ അവഗണന.
30 വര്‍ഷങ്ങളായി സംസ്ഥാനത്ത് ട്രോളിങ് നിലവിലുണ്ടെങ്കിലും ഇത്തവണവ്യത്യസ്ത സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്. കഴിഞ്ഞ ഡിസംബറിലെ ഓഖിക്ക് ശേഷം സര്‍ക്കാര്‍ പലപ്രാവശ്യങ്ങളിലായി പുറപ്പെടുവിപ്പിച്ച ജാഗ്രതാനിര്‍ദേശം കാരണം 50 ദിവസങ്ങളോളം മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോയിട്ടില്ലെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. രണ്ട് വര്‍ഷങ്ങളായി കേരളത്തില്‍ മത്സ്യലഭ്യതയിലും കാര്യമായ കുറവുവന്നിട്ടുണ്ട്. സംസ്ഥാനത്ത് സുലഭമായി കിട്ടിയിരുന്ന അയില, മത്തി തുടങ്ങിയ മത്സ്യങ്ങളുടെ ലഭ്യതയാണ് കാര്യമായി കുറഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."