ചിമ്മിനി ഡാമില്‍നിന്ന് വെള്ളം തുറന്നു വിടുന്നില്ല; ഏക്കര്‍ കണക്കിന് ഇരുപ്പൂകൃഷി പ്രതിസന്ധിയില്‍
അന്തിക്കാട്: ഡാമില്‍ നിന്ന് യഥാസമയം വെള്ളം തുറന്നു വിടാത്തതിനാല്‍ ജില്ലയിലെ പടിഞ്ഞാറന്‍ മേഖലയിലെ ഏക്കര്‍ കണക്കിന് ഇരുപ്പൂ കൃഷി പ്രതിസന്ധിയില്‍. സര്‍ക്കാരിന്റെ കോള്‍ ഡബിള്‍ പദ്ധതി പ്രകാരം വര്‍ഷങ്ങള്‍ക്കു ശേഷമാണ് കോള്‍ പടവുകളില്‍ ഇരുപ്പൂ കൃഷിയിറക്കുന്നത്.
ജില്ലയിലെ പ്രധാന കോള്‍ പടവുകളായ അന്തിക്കാട്, മണലൂര്‍ താഴം, ആലപ്പാട്, പുള്ള് എന്നിവിടങ്ങളിലെല്ലാം ഇരുപ്പൂ കൃഷി തുടങ്ങിയിട്ടുണ്ട്. ഓരോ പാടശേഖര സമിതിയും വ്യത്യസ്ത വിത്തുകളാണ് കൃഷിയിറക്കിയിട്ടുള്ളത്. ഡാമിലെ വെള്ളത്തെ ആശ്രയിച്ചാണ് പടവുകളിലെ ഇരുപ്പൂ കൃഷി.
ചിമ്മിനി ഡാമില്‍ നിന്നാണ് കോള്‍ പടവുകളിലേക്ക് വെള്ളമെത്തുന്നത്. ഡാമില്‍ നിന്നും വെള്ളം തുറന്നു വിടാത്തതിനാല്‍ കോള്‍ ചാലുകളില്‍ വെള്ളം ഗണ്യമായി കുറഞ്ഞു. ഇതോടെ മെയിന്‍ ചാലില്‍ നിന്ന് കോള്‍ പാടങ്ങളിലേക്ക് വെള്ളം പമ്പു ചെയ്യാന്‍ കഴിയുന്നില്ല. ഇരുപ്പൂ കൃഷി വൈകിയാല്‍ വിളവെടുപ്പും മറ്റും വര്‍ഷ കാലത്തേക്ക് നീണ്ടുപോകുമെന്ന ആശങ്കയും കര്‍ഷകര്‍ക്കുണ്ട്.
ഇറിഗേഷന്‍ വകുപ്പിന്റെയും ജല അതോറിറ്റി അധികൃതരുടെയും അനാസ്ഥയാണ് കോള്‍ പടവുകളിലേക്ക് വെള്ളമെത്താന്‍ വൈകുന്നതെന്ന വ്യാപക പരാതി ഉയര്‍ന്നിട്ടുണ്ട്. ചിമ്മിനി ഡാമില്‍ നിന്ന് ആവശ്യമായ വെള്ളം അധികൃതര്‍ ഉടന്‍ തുറന്നു വിട്ട് പ്രശ്നത്തിന് അടിയന്തര പരിഹാരം കാണണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."