കൈത്താങ്ങ് പ്രതീക്ഷിച്ച് കര്‍ഷകര്‍
രാജ്യത്തിന്റെയും പ്രത്യേകിച്ച് സംസ്ഥാനത്തിന്റെയും സമ്പദ്ഘടനയില്‍ കാര്‍ഷിക മേഖല വഹിക്കുന്ന പങ്ക് സുപ്രധാനമാണ്. കര്‍ഷകര്‍ നാടിന്റെ നട്ടെല്ലെന്നാണ് എല്ലാവരും വിശേഷിപ്പിക്കാറുള്ളത്. കര്‍ഷകരും കാര്‍ഷിക മേഖലയും ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നു പോവുന്നത്. 'പണ്ടേ ദുര്‍ബല, പിന്നെ ഗര്‍ഭിണി' എന്ന അവസ്ഥയിലായിരിക്കയാണ് കാര്‍ഷികമേഖലയിപ്പോള്‍. ഉല്‍പ്പാദന കുറവും വിലയിടിവും കര്‍ഷകരുടെ കൂടപ്പിറപ്പായി മാറിയിട്ടുണ്ട്. വരള്‍ച്ചയും പ്രളയവും മറ്റും സൃഷ്ടിച്ച കൃഷി നാശവും ഈ മേഖലയില്‍ പ്രശ്‌ന സങ്കീര്‍ണ്ണമാണ്. കൊറോണയെന്ന പകര്‍ച്ചവ്യാധി നേരിടാന്‍ ഭരണകൂടങ്ങള്‍ ഏര്‍പ്പെടുത്തിയ വിലക്കുകളും നിയന്ത്രണങ്ങളും നടപടികളുമെല്ലാം നേരത്തെ തന്നെ തളരുകയും തകരുകയും ചെയ്ത കാര്‍ഷികമേഖലയെ നിവര്‍ന്നു നില്‍ക്കാന്‍ പറ്റാത്ത വിധം കൂടുതല്‍ നടുവൊടിയാന്‍ ഇടയാക്കിയിട്ടുണ്ട്.
പ്രകൃതിക്ഷോഭവും കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളുടെ പരിഷ്‌കാരങ്ങളും നടപടികളും വ്യാപാര കരാറുകളുമെല്ലാം എന്നും ദോഷകരമായി ആദ്യം പ്രതിഫലിക്കുന്നത് കാര്‍ഷിക മേഖലയിലാണ്. കൂടാതെ, വരള്‍ച്ചയും പ്രളയവും നോട്ടു നിരോധനവും ജി.എസ്.ടി പരിഷ്‌കാരവുമെല്ലാം ഉണ്ടാക്കിയ നഷ്ടങ്ങളും ദുരിതങ്ങളും ചെറുതായി കാണാനാവില്ല. ഒടുവില്‍ കൊറോണയെ പ്രതിരോധിക്കാന്‍ സ്വീകരിച്ച ലോക്ക് ഡൗണ്‍ നടപടികളും മറ്റും ഈ മേഖലയെ കൂടുതല്‍ ദുരിതപൂര്‍ണ്ണമാക്കാനിടയാക്കി.
നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ രണ്ട് പ്രളയക്കെടുതികളില്‍ നിന്ന് കരകയറാന്‍ ശ്രമിക്കുന്നതിനിടെയാണ് ലോക്ക് ഡൗണും പിടികൂടിയത്. പ്രളയവും കൊറോണക്കാലവും മറ്റും കാര്‍ഷിക മേഖലയില്‍ വരുത്തിയ നഷ്ടം 40000 കോടി രൂപയാണെന്ന് സംസ്ഥാന സര്‍ക്കാര്‍ തന്നെ കേന്ദ്ര സര്‍ക്കാരിന് നല്‍കിയ നിവേദനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. കര്‍ഷകര്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ നന്നായി അറിയാവുന്ന സര്‍ക്കാര്‍ അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഇതേവരെയും ഉണര്‍ന്നു പ്രവര്‍ത്തിച്ചിട്ടില്ല. സമൂഹത്തിന് ജീവിക്കാനാവശ്യമായ ഭക്ഷണ പദാര്‍ഥങ്ങള്‍ കാര്‍ഷിക വൃത്തിയിലൂടെ ഉല്‍പ്പാദിപ്പിക്കുന്ന കര്‍ഷകര്‍ രാജ്യത്തിന് ചെയ്യുന്ന സേവനങ്ങളും സംഭാവനകളും വിലമതിക്കാനാവാത്തതാണ്. കൃഷിയെ പുണ്യകര്‍മ്മമായാണ് കര്‍ഷകര്‍ കാണുന്നത്. രാജ്യം കാക്കുന്ന സൈനികര്‍ക്ക് ലഭിക്കുന്ന പരിഗണനയും സഹായങ്ങളും സൗകര്യങ്ങളും ഭരണ കൂടത്തില്‍ നിന്ന് ലഭിക്കാന്‍ അര്‍ഹതയുള്ള വിഭാഗമാണ് പട്ടിണി മാറ്റാന്‍ പാടുപെടുന്ന കര്‍ഷകരെന്ന കാര്യത്തില്‍ സംശയമില്ല.
ലോകം അഭിമുഖീകരിക്കുന്ന മുഖ്യപ്രശ്‌നങ്ങളിലൊന്നാണ് ഭക്ഷ്യക്ഷാമം. പോയവര്‍ഷം ലോകത്ത് പട്ടിണി കിടന്നത് 82.1 കോടി ജനങ്ങളാണെന്നാണ് ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ട്. മൂന്നാം വര്‍ഷവും ഒരു നേരത്തെ ആഹാരത്തിനു പോലും വകയില്ലാത്തവരുടെ എണ്ണം വര്‍ധിക്കുകയാണെന്ന് 2019 ജൂലൈയില്‍ പ്രസിദ്ധീകരിച്ച 'ദ സ്റ്റേറ്റ് ഓഫ് ഫുഡ് സെക്യൂരിറ്റി ആന്‍ഡ് ന്യൂട്രീഷന്‍ ഇന്‍ ദ വേള്‍ഡ്' എന്ന റിപ്പോര്‍ട്ടില്‍ പറയുന്നു. യു.എന്‍ ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചര്‍ ഓര്‍ഗനൈസേഷന്‍ (എഫ്.എ.ഒ), ലോകാരോഗ്യ സംഘടന, വേള്‍ഡ് ഫുഡ് പ്രോഗ്രാം തുടങ്ങിയ ഏജന്‍സികള്‍ ചേര്‍ന്നാണ് റിപ്പോര്‍ട്ട് തയാറാക്കിയത്.
വിശപ്പടക്കാന്‍ പാടുപെടുന്ന മനുഷ്യര്‍ സമ്പത്തിന്റെ ഭൂരിഭാഗവും ചെലവാക്കുന്നത് ഭക്ഷണ ആവശ്യങ്ങള്‍ക്കാണ്. ജനങ്ങള്‍ക്കാവശ്യമായ ഭക്ഷണ സാധനങ്ങള്‍ ഭൂരിഭാഗവും ഉല്‍പ്പാദിപ്പിക്കുന്നത് കൃഷിയിലൂടെ തന്നെ. കൃഷി കുറയുന്നത് ഭക്ഷ്യക്ഷാമം നേരിടുന്നതിന് കാരണമാവും. കൊറോണയെ പ്രതിരോധിക്കാന്‍ ലോകം അടച്ചപ്പോള്‍ ആയുധം കൊണ്ടും സമ്പത്ത് കൊണ്ടും സമ്പന്നമായ വന്‍കിട രാജ്യങ്ങള്‍ പോലും ഭക്ഷ്യസാധനങ്ങള്‍ക്ക് ക്ഷാമം അനുഭവിച്ചവരാണ്. ഉച്ചഭക്ഷണത്തിനായി സ്‌കൂളുകളെ ആശ്രയിക്കുന്ന 143 രാജ്യങ്ങളിലെ 36 കോടിയിലധികം കുട്ടികള്‍ പോഷകാഹാരക്കുറവ് നേരിടുമെന്ന് ഐ.എം.എഫ് മേധാവി വ്യക്തമാക്കിയിട്ടുണ്ട്. ഭക്ഷ്യക്ഷാമം അതിരൂക്ഷമാവുമെന്നും പട്ടിണിക്കാരുടെ എണ്ണം ഇരട്ടിയായി വര്‍ധിക്കുമെന്നും യു.എന്നും മുന്നറിയിപ്പ് നല്‍കിയിരിക്കയാണ്. കൃഷിയുടെ പ്രാധാന്യത്തിലേക്കാണ് ഇതെല്ലാം വിരല്‍ ചൂണ്ടുന്നത്.
രാജ്യത്തെ ജനസംഖ്യയില്‍ പകുതിയോളവും കൃഷിയെ ആശ്രയിച്ചു ജീവിക്കുന്നവരാണ്. 54.6 ശതമാനം ഇന്ത്യക്കാരും കൃഷിയും അനുബന്ധ പ്രവൃത്തികളിലും ഏര്‍പ്പെട്ടിരിക്കുന്നു. ദേശീയ വരുമാനത്തിന്റെ 17.4 ശതമാനം വരും കാര്‍ഷിക മേഖലയുടെ സംഭാവന. കാര്‍ഷിക സംസ്ഥാനമായ കേരളത്തില്‍ 56 ശതമാനം കൃഷി ഉപജീവന മാര്‍ഗ്ഗമായി സ്വീകരിച്ചവരാണ്. കര്‍ഷകര്‍ നിലനില്‍പ്പിനായുള്ള പോരാട്ടത്തിലാണിന്ന്. സംസ്ഥാനത്ത് പ്രഥമ പരിഗണന നല്‍കേണ്ട കാര്‍ഷിക മേഖലക്ക് വേണ്ടത്ര ശ്രദ്ധയും അംഗീകാരവും ലഭിക്കാതെ പോവുന്നു. നാളികേരം, അടക്ക, റബ്ബര്‍, കുരുമുളക്, കാപ്പി, നെല്ല്, ഇഞ്ചി വെറ്റില, വാഴക്കുല, കശുവണ്ടി, ഏലം, മഞ്ഞള്‍ തുടങ്ങിയ വിളകളെല്ലാം വിലയിടിവില്‍ വീര്‍പ്പുമുട്ടുന്നു.
ലോക്ക് ഡൗണ്‍ കാലത്ത് വിളവെടുക്കാനും കൈയിലുള്ള ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനും കഴിയാതെ കര്‍ഷകര്‍ സഹിച്ച പ്രയാസങ്ങള്‍ ചില്ലറയല്ല. കൃഷിക്കും അനുബന്ധ മേഖലകള്‍ക്കും സഹായങ്ങളും പ്രോത്സാഹനങ്ങളും അധികൃതരില്‍ നിന്ന് ലഭിക്കാത്തതിനാല്‍ പിടിച്ചു നില്‍ക്കാനാവാതെ കര്‍ഷകര്‍ കൃഷിയോട് മടുപ്പും വിരക്തിയും കാണിക്കുകയാണ്. പുതിയ തലമുറക്ക് കൃഷി അനാകര്‍ഷണമാണിന്ന്. കൃഷിയില്‍ എല്ലാ പ്രതീക്ഷകളും തകരുകയും സാമ്പത്തിക ബുദ്ധിമുട്ടും കടക്കെണിയും വരിഞ്ഞുമുറുക്കപ്പെടുകയും ചെയ്ത കര്‍ഷക സമൂഹമാണ് കേരളത്തിലേത്. കര്‍ഷകന്‍ ജീവനൊടുക്കുന്ന ദുരന്താവസ്ഥയാണ് ഇതിന്റെയെല്ലാം ഫലം. അവരുടെ പ്രയാസങ്ങളുടെയും വേദനകളുടെയും തെളിവാണ് ഇടുക്കി വെള്ളത്തുവലില്‍ ഒരു കര്‍ഷകന്‍ വൃക്ക വില്‍പനക്ക് വരെ കഴിഞ്ഞ വര്‍ഷം തയാറായത്. കര്‍ഷകരുടെ കൈകളില്‍ എത്താത്ത വാഗ്ദാനങ്ങള്‍ ചെയ്ത്, കര്‍ഷക സമൂഹത്തെ വഞ്ചിക്കുന്ന നിലപാടുകളാണ് ഭരണകൂടത്തില്‍ നിന്ന് കണ്ടുവരുന്നതെന്ന് പരാതി പറയുന്നവരെ കുറ്റപ്പെടുത്താനാവില്ല. പുതിയ കൃഷിയിറക്കാനും വഴിയില്ലാത്ത സാഹചര്യമാണ് നിലവില്‍. വിവിധ ജോലികള്‍ പാടത്തും പറമ്പത്തും ചെയ്ത് തീര്‍ക്കേണ്ട സമയമാണിത്. കൃഷി മുടങ്ങുന്നതും സജീവമാവാത്തതും വരും വര്‍ഷത്തെ വിളവിനെ സാരമായി ബാധിക്കും.
വായ്പാ കുടിശ്ശിക മൂന്നുമാസം മൊറട്ടോറിയം നല്‍കിയത് സര്‍ക്കാര്‍ അഭിമാനത്തോടെയാണ് ആഘോഷിക്കുന്നത്. കര്‍ഷകരെ സംബന്ധിച്ചെടുത്തോളം ഇത് നഷ്ടക്കച്ചവടമാണ്. കൊട്ടിഘോഷിക്കുന്ന പ്രയോജനം കര്‍ഷകന് ലഭിക്കില്ല. മൊറട്ടോറിയ കാലത്ത് പലിശ ഇളവ് ചെയ്യാന്‍ തയാറായിട്ടില്ല. അക്കാലത്തെ പലിശ കര്‍ഷകര്‍ തന്നെ സഹിക്കണമെന്ന നിലപാടാണ് സ്വീകരിച്ചത്. മൂന്ന് ലക്ഷം വരെയുള്ള വിള വായ്പകള്‍ക്ക് രണ്ടു ശതമാനം പലിശയും മൂന്ന് ശതമാനം പിഴപലിശയും ഇളവ് നല്‍കുമെന്ന റിസര്‍വ് ബാങ്ക് പ്രഖ്യാപനം കര്‍ഷകര്‍ക്ക് തെല്ലൊരാശ്വാസമാണെന്ന് പറയാം.
ലോക്ക് ഡൗണ്‍ കഴിഞ്ഞാല്‍ പാടത്തും പറമ്പത്തും കൃഷിയിറക്കണമെങ്കില്‍ സര്‍ക്കാരിന്റെ കൈത്താങ്ങ് അത്യാവശ്യമാണ്. ചുരുങ്ങിയത് ഒരു ലക്ഷം രൂപയെങ്കിലും പലിശ രഹിത വായ്പയായി കൃഷി ആവശ്യത്തിന് കര്‍ഷകര്‍ക്ക് ലഭ്യമാക്കണം. എങ്കിലേ കര്‍ഷകന് പിടിച്ചു നില്‍ക്കാനാവൂ. കടാശ്വാസമായി വായ്പാ മൊറട്ടോറിയം ദീര്‍ഘകാലത്തേക്ക് അനുവദിക്കണം. ഈ കാലയളവിലെ പലിശ സര്‍ക്കാര്‍ വഹിക്കേണ്ടതാണ്. ഉല്‍പ്പാദന ചെലവിന് അനുസരിച്ചുള്ള ഉല്‍പ്പന്ന വില കൃഷിക്കാര്‍ക്ക് ലഭിക്കാനും നടപടിയുണ്ടാവണം. കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ സര്‍ക്കാര്‍ സംഭരിക്കുകയും ഉല്‍പ്പന്ന വില യഥാസമയം നല്‍കുകയും ചെയ്യണം. കര്‍ഷകര്‍ക്ക് ആശ്വാസമവാന്‍ സഹായിക്കുന്ന കാര്‍ഷിക പാക്കേജിന് സംസ്ഥാന സര്‍ക്കാര്‍ രൂപം നല്‍കേണ്ടതുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."