ഹൈടെക് സ്‌കൂള്‍ പദ്ധതി പ്രൈമറി സ്‌കൂളുകളിലേക്കും
തിരുവനന്തപുരം: ഹൈടെക് സ്‌കൂള്‍ പദ്ധതി പ്രൈമറി സ്‌കൂളുകളിലും നടപ്പാക്കും. സംസ്ഥാനത്തെ ഹൈടെക് സ്‌കൂള്‍ പദ്ധതിയുടെ തുടര്‍ച്ചയായി ഒന്നുമുതല്‍ ഏഴുവരെയുള്ള പ്രൈമറി, അപ്പര്‍പ്രൈമറി സ്‌കൂളുകളില്‍ പദ്ധതി നടപ്പാക്കുന്നതിന് കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്‌നോളജി ഫോര്‍ എജ്യൂക്കേഷന്‍ (കൈറ്റ്) നടപടികളാരംഭിച്ചു.
ആദ്യ ഘട്ടത്തില്‍ സ്‌കൂളുകള്‍ക്ക് ആവശ്യമായ ലാപ്‌ടോപ്പുകള്‍ക്കും,യു.എസ്.ബി സ്പീക്കറുകള്‍ക്കും, മള്‍ട്ടീമിഡിയ പ്രോജക്ടറുകള്‍ക്കുമുള്ള ഇ ടെന്‍ഡര്‍ പുറത്തിറക്കി. 292 കോടി രൂപ കിഫ്ബി ധനസഹായം അനുവദിച്ചിട്ടുള്ള പദ്ധതിയില്‍ സര്‍ക്കാര്‍ എയ്ഡഡ് മേഖലയിലെ 9941 സ്‌കൂളുകള്‍ പദ്ധതിയില്‍ ഉള്‍പ്പെടും. 9941 സ്‌കൂളുകള്‍ക്ക് ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സൗകര്യങ്ങളുംനല്‍കുന്നുണ്ട്. 3248 എല്‍.ഇ.ഡി ടെലിവിഷനുകള്‍ക്കും, 5644 മള്‍ട്ടിഫങ്ഷന്‍ പ്രിന്ററുകള്‍ക്കുമുള്ള ടെന്‍ഡര്‍ മെയ് മാസത്തില്‍ പ്രസിദ്ധീകരിക്കും.
എട്ടുമുതല്‍ പന്ത്രണ്ടു വരെ ക്ലാസുകളില്‍ പൂര്‍ത്തിയാക്കിയ പദ്ധതിയുടെ ഭാഗമായി 59772 ലാപ്‌ടോപ്പുകളും, 43422 പ്രൊജക്ടറുകളും, 42739 സ്പീക്കറുകളും, 4578 ഡി.എസ്.എല്‍.ആര്‍ കാമറകളും,ടെലിവിഷനുകളും, 4576 വെബ്കാമും ഉള്‍പ്പെടെ മൂന്നു ലക്ഷത്തിലധികം ഉപകരണങ്ങളാണ് വിതരണം ചെയ്തത്. വിന്യസിച്ച മൂന്നു ലക്ഷം ഉപകരണങ്ങള്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷയും ഏര്‍പ്പെടുത്തി. പുതിയ ടെന്‍ഡറിലും ഹൈടെക് പദ്ധതിയുടെ അതേ മാതൃകയില്‍ എല്ലാ ഉപകരണങ്ങള്‍ക്കും അഞ്ചുവര്‍ഷ വാറണ്ടിയും പരാതികള്‍ പരിഹരിക്കാനായി പോര്‍ട്ടലും, കോള്‍സെന്ററും വിഭാവനം ചെയ്തിട്ടുണ്ട്. ജൂണ്‍ ആദ്യവാരം പ്രൈമറി സ്‌കൂളുകളും ഹൈടെക്കാകുമെന്നും കൈറ്റ് വൈസ് ചെയര്‍മാനും എക്‌സിക്യൂട്ടീവ് ഡയരക്ടറുമായ കെ. അന്‍വര്‍ സാദത്ത് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."