ഇനി അവര്‍ 25 പേര്‍ മാത്രം: പ്രതിരോധ കവചം മുറുക്കി കേരളം
തിരുവനന്തപുരം: പ്രവാസികളുടെ തിരിച്ചുവരവോടെ പ്രതിരോധത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് കടന്ന കേരളത്തിന് ആശ്വാസമായി കൊവിഡ് രോഗികളുടെ എണ്ണം 25 ആയി കുറഞ്ഞു. ഇന്നലെയും ആര്‍ക്കും രോഗ ബാധയില്ല. ആര്‍ക്കും രോഗബാധ സ്ഥിരീകരിക്കാത്ത ഈ മാസത്തെ അഞ്ചാം ദിവസത്തില്‍ രോഗ മുക്തി നേടിയത് അഞ്ചു പേര്‍ കൂടി. രോഗ വ്യാപനത്തിന്റെ രണ്ടാം ഘട്ടമായ മാര്‍ച്ച് 15ന് രോഗബാധിതരുടെ എണ്ണം 24 ആയിരുന്നു. കൊവിഡ് ബാധിത രാജ്യങ്ങളില്‍ നിന്ന് ഇന്നലെ എത്തിയ ആദ്യ സംഘം പ്രവാസികളെ സുരക്ഷിതരായി ക്വാറന്റൈനിലാക്കിയപ്പോഴാണ് നിലവിലുള്ള രോഗികളുടെ എണ്ണം കുറയുന്ന ആശ്വാസ വാര്‍ത്തയും.
നേരത്തേ കൊവിഡ് കേസുകളില്‍ മുന്‍പന്തിയിലുണ്ടായിരുന്ന കാസര്‍കോട് ജില്ലയില്‍ ഒരാള്‍ മാത്രമാണ് ഇനി ചികിത്സയിലുള്ളത്. കണ്ണൂര്‍ (15), വയനാട് (നാല്), കൊല്ലം (മൂന്ന്), ഇടുക്കി, പാലക്കാട് (ഒന്ന് വീതം) എന്നിങ്ങനെയാണ് മറ്റ് ജില്ലകളില്‍ ചികിത്സയിലുള്ളവരുടെ എണ്ണം. ഇന്നലെ കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള മൂന്നു പേരുടേയും കാസര്‍കോട് ജില്ലയിലെ രണ്ടു പേരുടേയും പരിശോധനാ ഫലമാണ് നെഗറ്റീവായത്. ഇതുവരെ 474 പേരാണ് കൊവിഡില്‍ നിന്നും മുക്തി നേടിയത്.
നിലവില്‍ 16,693 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 16,383 പേര്‍ വീടുകളിലും 310 പേര്‍ ആശുപത്രികളിലുമാണ്. ഇതുവരെ 35,171 വ്യക്തികളുടെ സാംപിള്‍ പരിശോധനയ്ക്ക് അയച്ചതില്‍ ലഭ്യമായ 34,519 ഫലം നെഗറ്റീവ് ആണ്. മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് ശേഖരിച്ച 3,035 സാംപിളുകളില്‍ 2,337 എണ്ണം നെഗറ്റീവ് ആയി.
സംസ്ഥാനത്ത് ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണവും കുറഞ്ഞു. ഇനി 33 പ്രദേശങ്ങള്‍ മാത്രമാണ് ഹോട്ട്‌സ്‌പോട്ടിലുളളത്. ഇന്നലെ 56 പ്രദേശങ്ങളെ ഹോട്ട്‌സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. കണ്ണൂരില്‍ പത്തും വയനാട്ടില്‍ ആറും ഇടുക്കിയില്‍ മൂന്നും പ്രദേശങ്ങള്‍ ഹോട്ട്‌സ്‌പോട്ടിലാണ്. കോഴിക്കോട്, മലപ്പുറം, തൃശൂര്‍, എറണാകുളം, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, തിരുവനന്തപുരം ജില്ലകള്‍ കൊവിഡ് മുക്തമാണിപ്പോള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."