'അഴിമതി വിരുദ്ധ സമരം മോദി സര്‍ക്കാറിന്റെ ഉദയത്തിനാണ് വഴിവെക്കുക എന്നറിഞ്ഞിരുന്നേല്‍ ഹസാരെയോടൊപ്പം കൂടില്ലായിരുന്നു'- ഏറ്റു പറച്ചിലുമായി പ്രശാന്ത് ഭൂഷണ്
ന്യൂഡല്‍ഹി; അണ്ണാ ഹസാരെക്കൊപ്പം കൂടിയത് അബദ്ധമായിരുന്നുവെന്ന് ഏറ്റു പറഞ്ഞ് മുതിര്‍ന്ന സുപ്രിം കോടതി അഭിഭാഷകനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ പ്രശാന്ത് ഭൂഷണ്. അണ്ണാ ഹസാരെയുടെ അഴിമതി വിരുദ്ധ സമരം മേദിക്കും ബി.ജെ.പിക്കുമാണ് പ്രയോജനപ്പെടുക എന്നറിഞ്ഞിരുന്നെങ്കില്‍ താനൊരിക്കലും അദ്ദേഹത്തിന്റെ ലോകപാല്‍ പ്രസ്ഥാനത്തിന്റെ ഭാഗമാവില്ലായിരുന്നുവെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
ദ വയറില്‍ പ്രശാന്ത് ഭൂഷണ് എഴുതിയ ലേഖനത്തെ ഖണ്ഡിച്ച് ഇതില്‍ നിങ്ങള്‍ക്കും പങ്കുണ്ടെന്ന് മുതിര്‍ന്ന പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ ദിലീപ് മണ്ഡല് ട്വീറ്റ് ചെയ്തതിന് മറുപടിയായാണ് തെറ്റ് തുറന്ന് സമ്മതിച്ച് പ്രശാന്ത് ഭൂഷണ് രംഗത്തെത്തിയത്.
'നിങ്ങള്‍ പറഞ്ഞത് ശരിയാണ്. മോദിക്കും ബിജെ.പിക്കുമാണ് ലോക്പാല്‍ പ്രസ്ഥാനംകൊണ്ട് ഗുണമുണ്ടാവുക എന്ന് അറിഞ്ഞിരുന്നെങ്കില്‍, കോണ്‍ഗ്രസിന്റെ അഴിമതിയേക്കാള്‍ അപകടകരകാരിയായ വര്‍ഗീയ ഫാസിസ്റ്റ് സര്‍ക്കാറിന് അധികാരത്തിലേറ്റുമെന്ന് അറിഞ്ഞിരുന്നെങ്കില്‍ ഞാനൊരിക്കലും ഈ പ്രസ്ഥാനത്തിന്റെ ഭാഗമാവുമായിരുന്നില്ല' പ്രശാന്ത് ഭൂഷണ് കുറിച്ചു.
ആര്.എസ്.എസിന്റെ ആള്‍ക്കൂട്ടത്തിന് മുന്നില്‍ താങ്കള്‍ അണ്ണാ ഹസാരെയോടും, അരവിന്ദ് കെജ്രിവാളിനോടും, കിരണ്‍ ബേദിയോടും യോഗേന്ദ്ര യാദവിനോടും ചേര്‍ന്ന് യു.പി.എയ്ക്കെതിരെ പോരാടിയ ആ ദിവസങ്ങള്‍ ശരിക്കും ചെയ്തതെന്താണ്. നരേന്ദ്ര മോദി വെറുതെ രാജ്യത്തിന്റെ തലപ്പത്തിരുന്നതല്ല. അതിനു വേണ്ട സാഹചര്യം നിങ്ങള്‍ സൃഷ്ടിക്കുകയായിരുന്നു യഥാര്‍ത്ഥത്തില്‍ ആ ദിവസങ്ങളില്‍' എന്നായിരുന്നു ദിലീപ് മണ്ഡല് ട്വീറ്റ് ചെയ്തത്.
ഇപ്പോഴത്തെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ നേതൃത്വം നല്കുന്ന ആര്.എസ്.എസ് നിയന്ത്രണത്തിലുള്ള വിവേകാനന്ദ ഫൗണ്ടേഷന് സംഘടിപ്പിച്ച അണ്ണാ ഹസാരെയുടെ അഴിമതി വിരുദ്ധ പ്രസ്ഥാനത്തില്‍ അരവിന്ദ് കെജ്രിവാളിനും യോഗേന്ദ്ര യാദവിനുമൊപ്പം പ്രശാന്ത് ഭൂഷണും പിതാവ് ശാന്തി ഭൂഷണും പങ്കെടുത്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."