ഹജ്ജ് തീര്‍ഥാടകര്‍ക്കായി വിപുലമായ സൗകര്യങ്ങള്‍
നെടുമ്പാശ്ശേരി: കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ കീഴില്‍ ഈ വര്‍ഷത്തെ ഹജ്ജ് കര്‍മത്തില്‍ പങ്കെടുക്കാന്‍ യാത്രയാകുന്ന തീര്‍ഥാടകര്‍ക്കായി വിപുലമായ സൗകര്യങ്ങള്‍ ഒരുങ്ങുന്നു. 1,28,702 പേരാണ് വിവിധ സംസ്ഥാനങ്ങളിലെ ഹജ്ജ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഈ വര്‍ഷം യാത്രയാകുന്നത്.
ഇവരുടെ സേവനത്തിനായി ഉദ്യോഗസ്ഥരും ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടെ 600 പേരെയാണ് മക്കയിലും മദീനയിലുമായി നിയോഗിക്കുക. ഇത് കൂടാതെ 600 ഓളം പേരെ വിവിധ സംസ്ഥാനങ്ങളിലും യാത്രാ സൗകര്യങ്ങള്‍ ഒരുക്കുന്നതിനായും നിയോഗിക്കും. നിശ്ചിത കാലയളവിലേക്ക് താല്‍ക്കാലികമായിട്ടായിരിക്കും ഇവരുടെ നിയമനം. ദൈനംദിനം ഹാജിമാര്ക്കുണ്ടാന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന രീതിയില്‍ മക്കയില്‍ 14 ഉം മദീനയില്‍ 3 ഉം ഓഫിസുകള്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ സജ്ജമാക്കും. ഹാജിമാരുടെ താമസസ്ഥലത്തിനോട് ചേര്‍ന്നായിരിക്കും ഇവ പ്രവര്‍ത്തിക്കുക. കൂടാതെ ജിദ്ദ, മദീന വിമാനത്താവളങ്ങളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഓഫിസുകള്‍ ക്രമീകരിക്കുന്നുണ്ട്.
ഹാജിമാരുടെ ആരോഗ്യപരമായ പ്രശ്നങ്ങള്‍, പണം,ബാഗേജ്, യാത്രാ രേഖകള്‍ എന്നിവ നഷ്ടപ്പെടല്‍ തുടങ്ങിയ പ്രശ്നങ്ങള്‍ വേഗത്തില്‍ പരിഹരിക്കുന്നതിനാണ് വിമാനത്താവളങ്ങളില്‍ പ്രത്യേക ഓഫിസുകള്‍ പ്രവര്‍ത്തിക്കുന്നത്. മക്കയില്‍ 40 കിടക്കകളും മദീനയില്‍ 15 കിടക്കകളും ഉള്ള അത്യാധുനിക ആശുപത്രി സംവിധാനവും കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ കീഴില്‍ ഈ വര്‍ഷം പ്രവര്‍ത്തിക്കും. ഇത് കൂടാതെ വിവിധ സ്ഥലങ്ങളിലായി മക്കയില്‍ 14 ഡിസ്പെന്‍സറികളും മദീനയില്‍ 3 ഡിസ്പെന്‍സറികളും തുറക്കും. മെഹ്റം ഇല്ലാതെ യാത്ര ചെയ്യുന്ന വനിതാ തീര്‍ഥാടകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മാത്രമായി പ്രത്യേകമായ ഓഫിസും തുറക്കുന്നുണ്ട്. ഈ വര്‍ഷം മുതലാണ് 45 വയസ് കഴിഞ്ഞ സ്ത്രീകള്‍ക്ക് മെഹ്റം ഇല്ലാതെ ഹജ്ജ് കര്‍മത്തില്‍ പങ്കെടുക്കാന്‍ അവസരം നല്‍കുന്നത്.
തീര്‍ഥാടകര്‍ക്കുള്ള മൊബൈല്‍ സിം കാര്‍ഡുകള്‍ എംബാര്‍ക്കേഷന്‍ പോയിന്റുകളില്‍ വച്ച് തന്നെ വിതരണം ചെയ്യുമെങ്കിലും സഊദിയില്‍ വിമാനം ഇറങ്ങിയ ശേഷം വിമാനത്താവളത്തില്‍ എമിഗ്രേഷന്‍ വിവരങ്ങള്‍ രേഖപ്പെടുത്തി ഫിംഗര്‍ പ്രിന്റ് പതിച്ചതിന് ശേഷം മാത്രമേ ഇവ ആക്റ്റിവേറ്റ് ആക്കാന്‍ കഴിയുകയുള്ളൂ. ഇക്കാര്യങ്ങളില്‍ യാത്ര പുറപ്പെടും മുന്‍പ് തന്നെ വ്യക്തമായ നിര്‍ദേശങ്ങള്‍ ഹാജിമാര്‍ക്ക് നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."