ശശി തരൂരിനെതിരേ വിവാദ പരാമര്‍ശവുമായി ശ്രീധരന്‍പിള്ള
തിരുവനന്തപുരം: ശശി തരൂരിനെതിരേ വിവാദ പരാമര്‍ശവുമായി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍ പിള്ള.
തിരുവനന്തപുരത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ മൂന്ന് ഭാര്യമാര്‍ മരിച്ചതെങ്ങനെയെന്നാണ് എല്ലാവരും ചോദിക്കുന്നതെന്ന് തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിനിടെ ശ്രീധരന്‍ പിള്ള പറഞ്ഞതാണ് വിവാദമായത്.
ബി.ജെ.പിയോ താനോ അത് ചോദിക്കാന്‍ ഉദ്ദേശിക്കുന്നില്ല. പക്ഷെ ജനങ്ങള്‍ ചോദിക്കുന്നുണ്ടെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. ഭാര്യമാരില്‍ രണ്ടാമത്തെയാള്‍ അടൂരുകാരിയാണെന്നും അടൂരിലെ അഭിഭാഷകന്‍ മധുസൂദനന്‍ നായരുടെ അനന്തരവളായിരുന്നു അവരെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.
നിയമോപദേശത്തിനായി അവര്‍ തന്റെ അടുത്ത് വന്നിരുന്നു. ഇത്തരം കാര്യങ്ങള്‍ രാഷ്ട്രീയമായി ഉപയോഗിക്കാന്‍ താല്‍പര്യമില്ലാത്തതിനാലാണ് പുറത്തുപറയാത്തതെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.
വാര്‍ത്താസമ്മേളനത്തിനുശേഷം, തരൂരിന്റെ മൂന്ന് ഭാര്യമാര്‍ മരിച്ചോയെന്ന സംശയവുമായി മാധ്യമപ്രവര്‍ത്തകര്‍ സമീപിച്ചപ്പോള്‍ രണ്ട് ഭാര്യമാര്‍ മരിച്ചെന്നും ഒരാള്‍ വിവാഹ ബന്ധം വേര്‍പ്പെടുത്തുകയാണ് ഉണ്ടായതെന്നും ശ്രീധരന്‍പിള്ള തിരുത്തി.
അതേസമയം, തിലോത്തമ മുഖര്‍ജിയെയും യു.എന്‍ ഉദ്യോഗസ്ഥയായ ക്രിസ്റ്റീന ജൈല്‍സിനെയും സുനന്ദ പുഷ്‌കറിനെയുമാണ് ശശി തരൂര്‍ വിവാഹം ചെയ്തതെന്നാണ് രേഖകള്‍.
അടൂര്‍ സ്വദേശിനിയെ എങ്ങനെയാണ് ശ്രീധരന്‍പിള്ള തരൂരുമായി ബന്ധപ്പെടുത്തിയതെന്ന് വ്യക്തമല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."