കര്‍ഷക ആത്മഹത്യ: പ്രതിപക്ഷ നേതാവിന്റെ ഉപവാസം ഇന്ന്
തിരുവനന്തപുരം: കര്‍ഷക ആത്മഹത്യകള്‍ തടയാന്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയാറാവാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കട്ടപ്പനയില്‍ ഇന്ന് ഉപവസിക്കും.
ഇന്നലെ മന്ത്രിസഭാ യോഗം കൈക്കൊണ്ട തീരുമാനങ്ങള്‍ കര്‍ഷക ആത്മഹത്യ തടയാന്‍ പര്യാപ്തമല്ല. കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ച മൊറട്ടോറിയം ഈ വര്‍ഷം ഒക്ടോബര്‍ വരെ നിലവിലുണ്ട്. അത് ഒരു മാസത്തേക്കുകൂടി നീട്ടുകയാണ് ചെയ്തിരിക്കുന്നത്. ഇത് നിലനില്‍ക്കെയാണ് സഹകരണ മേഖലയിലേത് ഉള്‍പ്പെടെയുള്ള ബാങ്കുകള്‍ ജപ്തി നോട്ടിസുകള്‍ അയക്കുകയും കര്‍ഷകര്‍ ആത്മഹത്യയിലേക്ക് പോകുകയും ചെയ്തത്.
കടങ്ങള്‍ എഴുതിത്തള്ളുകയും പ്രളയം കാരണമുണ്ടായ നഷ്ടത്തിന്റെ യഥാര്‍ഥ മൂല്യമനുസരിച്ചുള്ള നഷ്ടപരിഹാരം ലഭ്യമാക്കുകയും ചെയ്താലെ കര്‍ഷകരെ രക്ഷിക്കാനാകൂ. അതിന് സര്‍ക്കാര്‍ തയാറാവുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് അഞ്ചു വരെയാണ് സത്യഗ്രഹം. യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍ ഉദ്ഘാടനം ചെയ്യും. സമാപനം കേരളാ കോണ്‍ഗ്രസ് (എം) വര്‍ക്കിങ് ചെയര്‍മാന്‍ പി.ജെ ജോസഫ് ഉദ്ഘാടനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."