അസമില്‍ സഖ്യങ്ങളില്‍ കണ്ണുനട്ട് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: 14 ലോക്‌സഭാ സീറ്റുകളുള്ള അസമില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ബി.ജെ.പി കാര്യമായ നേട്ടമുണ്ടാക്കി. 2014ലെ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ഏഴു സീറ്റുകള്‍ നേടി. കോണ്‍ഗ്രസിനു നേടാനായത് മൂന്നു സീറ്റുകളാണ്. പിന്നാലെ 2016ല്‍ വന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസ് തോറ്റു. 126 സീറ്റുകളില്‍ 60 നേടി ബി.ജെ.പിയുടെ സര്‍ബാനന്ദ സോനോവാള്‍ അധികാരത്തിലെത്തി. കോണ്‍ഗ്രസിന് 26 സീറ്റേ നേടാനായുള്ളൂ.
എന്നാല്‍, അത്ര സുരക്ഷിതമല്ല ബി.ജെ.പിക്ക് ഇപ്പോള്‍ അസം. ബി.ജെ.പി സഖ്യത്തിന്റെ ഭാഗമായിരുന്ന, 14 നിയമസഭാ സീറ്റുകളുള്ള അസംഗണപരിഷത്ത് ഈയിടെ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചു. പൗരത്വ ബില്ലിന്റെ പേരില്‍ സംസ്ഥാനത്ത് ബി.ജെ.പിക്കെതിരായ വികാരമുണ്ട്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മൂന്നു സീറ്റുകളും നിയമസഭാ തെരഞ്ഞെടുപ്പില്‍ 13 സീറ്റുകളും നേടിയ മുസ്്‌ലിം രാഷ്ട്രീയപ്പാര്‍ട്ടിയായ എ.ഐ.യു.ഡി.എഫ് ഇത്തവണ കോണ്‍ഗ്രസിനൊപ്പം നിന്നേക്കും.
ബി.ജെ.പി സംസ്ഥാനത്ത് ഏഴു സീറ്റുകളിള്‍ ജയിക്കുന്നത് ആദ്യമായാണ്. 36.86 ശതമാനം വിഹിതവുമായി ബി.ജെ.പി 55,07,152 വോട്ടുകള്‍ നേടി. 29.90 ശതമാനവുമായി കോണ്‍ഗ്രസ് നേടിയത് 44,67,295 വോട്ട്.
14.98 ശതമാനം വിഹിതമുള്ള എ.ഐ.യു.ഡിഎഫ് 22,37,612 വോട്ടുകളും 3.87 ശതമാനം വിഹിതവുമായി അസം ഗണപരിഷത്ത് 5,77,730 വോട്ടുകളും നേടി. 2016ല്‍ സംസ്ഥാനത്ത് അധികാരം പിടിച്ചെങ്കിലും ബി.ജെ.പി വോട്ടുവിഹിതം 29.5 ശതമാനമായി കുറഞ്ഞു. കോണ്‍ഗ്രസിന്റേത് 30.9 ശതമാനമായി ഉയര്‍ന്നു. എ.ഐ.യു.ഡി.എഫ് 13 ശതമാനമായി കുറഞ്ഞു. അസം ഗണപരിഷത്തിന്റെ വോട്ടുവിഹിതം 8.1 ശതമാനമായി ഉയര്‍ന്നു. 2009ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഏഴു സീറ്റുകളായിരുന്നു നേടിയത്. ബി.ജെ.പി നാലു സീറ്റുകളും അസം ഗണപരിഷത്തും എ.ഐ.യു.ഡി.എഫും ബോഡോലാന്റ് പീപ്പിള്‍സ് ഫ്രന്റും ഓരോ സീറ്റുകള്‍ വീതവും നേടി.
2014ല്‍ സ്ഥിരം സീറ്റുകളായ ഗോഹട്ടി, നൗഗോങ്, മംഗള്‍ദോയി എന്നിവയ്ക്ക് പുറമെ കോണ്‍ഗ്രസിന്റെ സീറ്റുകളായ തേസ്പൂര്‍, ജോര്‍ഹട്ട്, ദിബൂര്‍ഗഡ്, ലോകിംപൂര്‍ എന്നിവയും ബി.ജെ.പി പിടിച്ചു. ആദ്യമായായിരുന്നു ഈ മണ്ഡലങ്ങളില്‍ ബി.ജെ.പി ജയിക്കുന്നത്. അയല്‍രാജ്യങ്ങളിലെ മുസ്്‌ലിംകളൊഴികെയുള്ളവര്‍ക്ക് ഇന്ത്യയിലേക്ക് കുടിയേറി പൗരത്വം നേടാന്‍ അനുമതി നല്‍കുന്ന പൗരത്വ ബില്ലിന്റെ പേരിലാണ് അസം ഗണപരിഷത്ത് ബി.ജെ.പി സഖ്യം വേണ്ടെന്നുവച്ചത്.
ബി.ജെ.പി സഖ്യകക്ഷികളായ നാഷനല്‍ പീപ്പിള്‍സ് പാര്‍ട്ടി, ഐ.പി.എഫ്.ടി എന്നിവയ്ക്കും ഇക്കാര്യത്തില്‍ ബി.ജെ.പിയോട് എതിര്‍പ്പുണ്ട്. അസം ഗണപരിഷത്ത് കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാനുള്ള ചര്‍ച്ചകള്‍ ഒരു വശത്ത് നടത്തുന്നുണ്ട്.
അങ്ങനെ വന്നാല്‍ 2014ല്‍ ഗണപരിഷത്ത് 5.39 ശതമാനം വോട്ടുനേടിയ മംഗള്‍ദോയി മണ്ഡലം കോണ്‍ഗ്രസിന് ലളിതമായി നേടാനാവും. ഗണപരിഷത്തിന് ലോകിംപൂരില്‍ 7.35 ശതമാനവും കാലിയബോറില്‍ 6.69 ശതമാനവും ബാര്‍പ്പേട്ടയില്‍ 6.11 ശതമാനവും ഗോഹട്ടിയില്‍ 5.72 ശതമാനവും വോട്ടുണ്ട്.
എ.ഐ.യു.ഡി.എഫ് നേതാവ് ബദറുദ്ദീന്‍ അജ്്മലും മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ തരുണ്‍ ഗോഗോയിയും തമ്മിലുള്ള ചിരകാലവൈരമാണ് ഇരു പാര്‍ട്ടികളും തമ്മില്‍ സഖ്യത്തിനുള്ള പ്രധാന തടസ്സം. അസമില്‍ എ.ഐ.യു.ഡി.എഫ് ശക്തരാണ്. 54 ശതമാനം മുസ്്‌ലിംകളുള്ള ലോവര്‍ അസമിലാണ് പാര്‍ട്ടിക്ക് ഏറ്റവും കൂടുതല്‍ ശക്തിയുള്ളത്. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇവിടെനിന്ന് എ.ഐ.യു.ഡി.എഫ് കോണ്‍ഗ്രസിനു ലഭിച്ചതിനെക്കാള്‍ വോട്ടുകള്‍ നേടിയിരുന്നു. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എ.ഐ.യു.ഡി.എഫ് കോണ്‍ഗ്രസുമായി സഖ്യത്തിന് താല്‍പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും ഗോഗോയിക്കായിരുന്നു എതിര്‍പ്പ്. മുസ്്‌ലിം പിന്തുണ നേടിയാല്‍ മറുവശത്ത് ഹിന്ദുവോട്ടുകള്‍ കോണ്‍ഗ്രസിനെതിരായി ഏകീകരിക്കപ്പെടുമെന്ന ഭീതിയാണ് അന്ന് ഗോഗോയി പങ്കുവച്ചത്.
ബംഗ്ലാദേശില്‍നിന്നു കുടിയേറിയവരും അല്ലാത്തവരുമായി ഹിന്ദു വിഭാഗങ്ങളെ കൂടെ നിര്‍ത്തി ബി.ജെ.പി കളിക്കുളള വര്‍ഗീയവിഭജന രാഷ്ട്രീയമാണ് സംസ്ഥാനത്തിന്റെ ഒരു പ്രശ്‌നം. നിരവധി വംശീയ വിഭാഗങ്ങളുള്ള അസമില്‍ വംശീയ രാഷ്ട്രീയത്തിന് നല്ല വേരോട്ടമുണ്ട്.
എന്നാലിത്തവണ ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ വിഭജിച്ചു പോകാതെ നോക്കണമെന്ന് സംസ്ഥാന കോണ്‍ഗ്രസിന് ദേശീയ നേതൃത്വത്തിന്റെ സമ്മര്‍ദമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."