അടുത്തയാഴ്ച ഖത്തറില്‍ നിന്നു ഇന്ത്യയിലേക്ക് കൂടുതല്‍ വിമാനങ്ങള്‍
ദോഹ: പ്രവാസികളെ നാട്ടിലെത്തിക്കുന്നതിന് അടുത്തയാഴ്ച്ച ഖത്തറില്‍ നിന്ന് കൂടുതല്‍ വിമാനങ്ങള്‍ ഉണ്ടാവുമെന്ന് ഇന്ത്യന്‍ അംബാസഡര്‍ പി കുമരന്‍ അറിയിച്ചു. ആദ്യ ആഴ്ച്ചയില്‍ രണ്ട് വിമാനങ്ങളാണ് ഖത്തറില്‍ നിന്ന് നാട്ടിലേക്ക് ഷെഡ്യൂള്‍ ചെയ്തിരുന്നത്. ആദ്യ വിമാനം ഇന്ന് 7.27ന് കൊച്ചിയിലേക്ക് പുറപ്പെട്ടു. നിശ്ചയിച്ചതിലും 22 മിനിറ്റ് വൈകിയാണ് വിമാനം പുറപ്പെട്ടത്. അടുത്ത വിമാനം നാളെ തിരുവനന്തപുരത്തേക്കാണ്.
അടുത്തയാഴ്ച്ച നാലോ അഞ്ചോ വിമാനങ്ങള്‍ ഖത്തറില്‍ നിന്ന് ഇന്ത്യയിലേക്ക് ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അംബാഡര്‍ പറഞ്ഞു. ഇതില്‍ രണ്ട് വിമാനങ്ങള്‍ കേരളത്തിലേക്കായിരിക്കും. ഗര്‍ഭിണികള്‍, അടിയന്തര ചികില്‍സ ആവശ്യമുള്ള രോഗികള്‍ തുടങ്ങിയവര്‍ക്കാണ് യാത്രക്കാരില്‍ മുന്‍ഗണന നല്‍കുന്നത്. ഇന്ന് കൊച്ചിയിലേക്കു പോകുന്നവരെ യാത്ര അയക്കാനായി ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയതായിരുന്നു അദ്ദേഹം.
നാട്ടിലേക്കു മടങ്ങാനായി 44,000 പേര്‍ ഇതിനകം എംബസിയില്‍ രജിസ്റ്റര്‍ ചെയ്തതായി കുമരന്‍ പറഞ്ഞു. രജിസ്ട്രേഷന്‍ ഇപ്പോഴും തുടരുകയാണ്. രജിസ്റ്റര്‍ ചെയ്തവരില്‍ നിന്ന് അര്‍ഹരായവരെ തെരഞ്ഞെടുക്കുന്നതിനു വേണ്ടിയള്ള പ്രക്രിയക്ക് വേണ്ടിയാണ് ഇടയ്ക്ക് രജിസ്ട്രേഷന്‍ നിര്‍ത്തിവയ്ക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.
നാടുകടത്താനായി വിധിക്കപ്പെട്ട 200 പേരും അമീറിന്റെ പൊതുമാപ്പില്‍ മോചിതരായ 70പേരും നാട്ടിലേക്കു മടങ്ങേണ്ടവരായുണ്ട്. വരും ദിവസങ്ങളില്‍ അവര്‍ക്ക് പോകാനുള്ള സൗകര്യമൊരുക്കുമെന്നും അംബാസഡര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."