ഫുട്‌ബോള്‍ ലഹരിയും ഇന്ത്യയും
ഇന്ത്യയെ കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാട് അതിവേഗത്തില്‍ മുന്നേറിക്കൊണ്ടിരിക്കുന്ന ഒരു ശാക്തിക രാഷ്ട്രം എന്നാണ്. സാമ്പത്തിക, വികസന, സാങ്കേതിക രംഗങ്ങളില്‍ ഇന്ത്യ കുതിച്ചുചാട്ടത്തിന്റെ ദിശയിലാണ് എന്ന പ്രചാരണം ശക്തമാണ്. ഇതൊരു മാധ്യമ സൃഷ്ടിയായ ഭാവന ആണെങ്കില്‍ പോലും വലിയൊരു വിഭാഗം ഇന്ത്യക്കാരെ ഇത് ആകര്‍ഷിച്ചു നിര്‍ത്തുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ലോക ഫുട്‌ബോള്‍ മാമാങ്കം കടന്നുവരുന്നത്. ഇത്ര വലിയ ഒരു രാഷ്ട്രത്തിന് ഈ ആഗോള ഫുട്‌ബോള്‍ മത്സരവേദിയിലേക്ക് സ്വന്തമായി ഒരു ടീമിനെ പറഞ്ഞയക്കാന്‍ കഴിയാതെ വരുന്നതിലെ മാനക്കേടിനെ കുറിച്ച് ആരും ചിന്തിക്കുന്നതേയില്ല. ബോധപൂര്‍വം മറക്കാന്‍ ശ്രമിക്കുന്ന അനേകം ഇന്ത്യന്‍ ബലഹീനതകളില്‍ ഒന്നു മാത്രമായി ഇതിനെയും നാം മാറ്റിവച്ചിരിക്കുകയാണ്.
ഇന്ത്യയിലെവിടെയും ഈ ഒരു മാസക്കാലം പാറിക്കളിക്കുന്നത് വിദേശരാജ്യങ്ങളുടെ ബഹുവര്‍ണ പതാകകളാണ്. സാധാരണ ജീവിത സന്ദര്‍ഭങ്ങളില്‍ എവിടെയെങ്കിലും ഒരന്യ രാജ്യത്തിന്റെ പതാക ഉയര്‍ത്തുകയോ അതിനെ പൂജിക്കുകയോ ചെയ്താല്‍ അതില്‍ വലിയ രാജ്യദ്രോഹവും ദേശവിരുദ്ധതയും കണ്ടെത്താന്‍ ശ്രമിക്കുന്നവര്‍ ഫുട്‌ബോള്‍ ലഹരിയില്‍ അകപ്പെട്ടതിനാലാവാം അത്തരം ശ്രമങ്ങളുമായി രംഗത്തില്ല. എന്നാല്‍, പാറിക്കളിക്കുന്ന അന്യരാജ്യ പതാകകളില്‍ പാകിസ്താന്റെ പതാക ഇല്ലാതിരിക്കുന്നത് ഭാഗ്യം.
ലോകകപ്പ് കളിക്കാനുള്ള യോഗ്യത പാകിസ്താന് ഉണ്ടാവാതെ പോയത് നന്നായി. അല്ലെങ്കില്‍ ബ്രസീലിന്റെയും ഇംഗ്ലണ്ടിന്റെയും അര്‍ജന്റിനയുടേയുമൊക്കെ കൊടികളുടെ കൂട്ടത്തില്‍ ഇന്ത്യയിലെവിടെയെങ്കിലും ഏതെങ്കിലും ഫുട്‌ബോള്‍ ഭ്രാന്തന്മാര്‍ പാകിസ്താന്‍ പതാക ഉയര്‍ത്തിയിരുന്നെങ്കില്‍ കളിഭ്രാന്ത് മറ്റൊരു ഭ്രാന്താകുമായിരുന്നു. ഫുട്‌ബോളിന്റെയും ക്രിക്കറ്റിന്റെയും കളിയാരവങ്ങള്‍ക്കും ഭ്രാന്താവേശങ്ങള്‍ക്കും ഇടയില്‍ കുരുങ്ങിക്കിടക്കുന്ന കളിയല്ലാത്ത ഇത്തരം ചില യാഥാര്‍ഥ്യങ്ങളുണ്ട്.
ഫിഫയിലെ ഇപ്പോഴത്തെ അംഗരാജ്യങ്ങള്‍ 211 ആണ്. ഇതിലുള്‍പ്പെട്ട ഒരു രാജ്യം തന്നെയാണ് ഇന്ത്യയും. മത്സരത്തില്‍ യോഗ്യതാ നിര്‍ണയത്തിന്റെ ഘട്ടത്തില്‍ തന്നെ ഇന്ത്യ പുറത്തു പോയി. മുന്‍കാലങ്ങളെ അപേക്ഷിച്ച് ഇത്തവണ എല്ലാ അംഗരാജ്യങ്ങളും മത്സരത്തില്‍ പങ്കെടുക്കാന്‍ അപേക്ഷിച്ചിരുന്നു. 2015 മാര്‍ച്ച് 12ന് ഗുവാഹട്ടിയില്‍ നടന്ന ഇന്ത്യയും നേപ്പാളും തമ്മിലുള്ള യോഗ്യതാ മത്സരത്തിന്റെ ചിത്രം തന്നെ ദയനീയമായിരുന്നു.
അപേക്ഷകരിലെ യോഗ്യരെ തെരഞ്ഞെടുക്കാനായുള്ള മത്സരത്തിലേക്കു പോലും നല്ലൊരു ടീമിനെ അയക്കാന്‍ ഇന്ത്യക്കായില്ല. തെരഞ്ഞെടുക്കപ്പെട്ട 32 രാജ്യങ്ങളില്‍ ഇന്ത്യയുടെ മുപ്പതിലൊരംശം മാത്രം വലുപ്പമുള്ള രാഷ്ട്രങ്ങള്‍ തന്നെ അര ഡസനോളം വരുമെന്നോര്‍ക്കണം. 2017 മാര്‍ച്ച് 28ന് ലോകകപ്പ് മത്സരാര്‍ഥികളില്‍ ആദ്യ രാജ്യമായി ബ്രസീല്‍ യോഗ്യത നേടി. 2017 നവംബര്‍ 15ന് പെറുവിലെ ലിമ നഗരത്തില്‍ ന്യൂസിലന്റുമായി മത്സരിച്ച് പെറു എന്ന ചെറിയ രാജ്യം 32-ാമത്തെ ടീമായും പ്രവേശനം നേടി. ഇതെല്ലാം ഇന്ത്യയെന്ന വിശാല രാഷ്ട്രത്തിലെ ഫുട്‌ബോള്‍ ആരാധകര്‍ ലൈവായി കണ്ടുകൊണ്ടിരിക്കുന്ന കളികളാണ്. അവര്‍ക്ക് അവരുടെ വീടകങ്ങളിലിരുന്ന് ടെലിവിഷന്‍ സ്‌ക്രീനില്‍ നോക്കി കൈയടിക്കാന്‍ മാത്രമേ അര്‍ഹത നേടാനായുള്ളൂ. അതേസമയം ഇന്ത്യയില്‍ നിന്ന് 176,92 പേരാണ് സ്വന്തം പണം മുടക്കി ലോകകപ്പ് കാണാന്‍ റഷ്യയിലെത്തിയിരിക്കുന്നത്. കളിക്കളത്തില്‍ അന്യരാജ്യക്കാര്‍ കളിക്കുമ്പോള്‍ ഗാലറിയില്‍ ഇരുന്ന് സ്വന്തം രാജ്യത്തിന്റെ പതാക വീശുവാന്‍ ഇവര്‍ക്ക് ലജ്ജ തോന്നാനിടയില്ലേ എന്നതാണ് ചോദ്യം. ലജ്ജിച്ചിരുന്നാല്‍ കളി കാണാനാവില്ല എന്ന ചിന്തയില്‍ പോയവരായിരിക്കണം ഈ 17,692 പേരും.
വലിയൊരു കായികക്ഷമത ഉറങ്ങിക്കിടക്കുന്ന രാജ്യമാണ് ഇന്ത്യ. പല മേഖലകളിലും മുന്നേറാന്‍ ഇന്ത്യക്കു കഴിയുമെങ്കില്‍ ഫുട്‌ബോളിലും അതിനു സാധിക്കുമെന്നുറപ്പാണ്. പക്ഷേ ആ ദിശയില്‍ ഒരു ചിന്ത നമ്മുടെ ഭരണാധികാരികള്‍ക്ക് ഇതുവരെയും ഉണ്ടായിട്ടില്ല.
കഴിഞ്ഞ പതിറ്റാണ്ടുകളിലെല്ലാം ഇന്ത്യ ഭരിച്ച ഭരണാധികാരികള്‍ ഫുട്‌ബോളിനു വേണ്ടി ഒന്നും ചെയ്തിട്ടില്ലെങ്കില്‍ നിലവിലുള്ള ഭരണകൂടവും ആ ദിശയില്‍ തന്നെയാണ് പോകുന്നത്. 1950-ല്‍ ഇന്ത്യക്കു ലോകകപ്പ് കളിക്കാനുള്ള അവസരം ഒത്തുവന്നപ്പോള്‍ അന്നത്തെ സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ല. സാങ്കേതിക തടസങ്ങളാല്‍ ആ അവസരം പാഴായിപ്പോയി.
പിന്നീട് 67 വര്‍ഷങ്ങള്‍ കഴിഞ്ഞ് 2017-ല്‍ അണ്ടര്‍ 17-ാം ലോകകപ്പിലാണ് ലോക തലത്തില്‍ ശ്രദ്ധേയമായ ഫുട്‌ബോളിന് അവസരം കിട്ടുന്നത്. അതേസമയം 1951-ലെയും 1962-ലെയും ഏഷ്യന്‍ ഗെയിംസുകളിലെ ഫുട്‌ബോള്‍ മത്സരത്തില്‍ ഒന്നാം സ്ഥാനക്കാരും 1956-ലെ ഒളിംപിക്‌സില്‍ നാലാം സ്ഥാനക്കാരുമാണ് ഇന്ത്യയെന്നോര്‍ക്കണം. ഇന്ത്യന്‍ ടീമിനെ പാകപ്പെടുത്തിയെടുക്കാന്‍ സജ്ജീകരണങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ കാഴ്ചക്കാരായി മുഖം കുനിച്ചിരിക്കാതെ കളിക്കളത്തില്‍ ഇറങ്ങിക്കളിക്കാന്‍ സാധിക്കുമായിരുന്നു. 1970-കളില്‍ ഇന്ത്യന്‍ ടീം കുതിച്ചുചാട്ടത്തിന്റെ ലക്ഷണങ്ങള്‍ കാണിച്ചിരുന്നുവെങ്കിലും പിന്നീട് താഴോട്ട് വീഴുന്നതാണ് കണ്ടത്. കേരളത്തില്‍ നിന്നു തന്നെ ഒട്ടേറെ മികച്ച കളിക്കാര്‍ ഉയര്‍ന്നുവന്ന ഘട്ടമായിരുന്നു അത്.
ഇന്ത്യന്‍ സമൂഹത്തിന്റെ ഫുട്‌ബോള്‍ ആവേശത്തിന് ഒന്നര നൂറ്റാണ്ടിന്റെയെങ്കിലും പഴക്കമുണ്ട്. ബ്രിട്ടീഷ് സായിപ്പന്മാര്‍ അവരുടെ നേരമ്പോക്കുകള്‍ക്കായി ഇന്ത്യയിലെ വന്‍ നഗരങ്ങളിലും ഇടത്തരം പട്ടണങ്ങളിലും സ്ഥാപിച്ചിരുന്ന ഫുട്‌ബോള്‍ കോര്‍ട്ടുകള്‍ക്കു പുറത്ത് കാഴ്ചക്കാരായി നിന്നിരുന്ന ഇന്ത്യക്കാരിലേക്കു പകര്‍ന്നു കിട്ടിയതാണ് ഇന്ത്യന്‍ സമൂഹത്തിന്റെ ഫുട്‌ബോള്‍ ഭ്രമം. അങ്ങനെയാണ് 1930-കള്‍ക്കു മുമ്പുതന്നെ കൊല്‍ക്കത്തയിലും മുംബൈയിലും അമൃത്‌സറിലും ചെന്നൈയിലുമൊക്കെ ഇന്ത്യക്കാരുടേതായ ഫുട്‌ബോള്‍ ക്ലബുകള്‍ നിലവില്‍ വന്നത്.
1860-ല്‍ പഞ്ചാബിലെ ലുധിയാനയില്‍ നിലവില്‍ വന്ന പഞ്ചാബ് ഫുട്‌ബോള്‍ ക്ലബിന്റെ ചരിത്രം സ്മരണീയമാണ്. സിഖുകാരുടെ ഫുട്‌ബോള്‍ ആവേശത്തിന്റെ ചരിത്രമാണ് ലുധിയാന ക്ലബിന് പറയാനുള്ളത്. 1910-ല്‍ കൊല്‍ക്കത്തയില്‍ കല്‍ക്കത്ത ഫുട്‌ബോള്‍ ക്ലബ് നിലവില്‍ വന്നു. മോഹന്‍ബഗാന്റെയും മുഹമ്മദന്‍സിന്റെയുമൊക്കെ പൂര്‍വികര്‍ ലുധിയാന ക്ലബും കല്‍ക്കത്ത പ്ലെയേഴ്‌സ് ക്ലബുമൊക്കെ ആയിരുന്നിരിക്കണം. 1860-ല്‍ നിന്ന് 1960-ല്‍ എത്തുമ്പോഴേക്ക് പഞ്ചാബിന്റെ ഫുട്‌ബോള്‍ ആവേശം അല്‍പമൊന്നു തണുക്കുകയാണ് ചെയ്തതെങ്കില്‍ കൊല്‍ക്കത്തയില്‍ അത് കത്തിപ്പടര്‍ന്നു.
കേരളത്തില്‍ തിരുവിതാംകൂര്‍ രാജാക്കന്‍മാരും ദിവാന്‍മാരും ഫുട്‌ബോള്‍ കളിയില്‍ തല്‍പരരായിരുന്നു. സര്‍ സി.പി രാമസ്വാമി അയ്യര്‍ മികച്ചൊരു ഫുട്‌ബോള്‍ ആവേശക്കാരനായിരുന്നു എന്ന് എത്ര പേര്‍ക്കറിയാം. മലപ്പുറത്തെ സംബന്ധിച്ച് ഫുട്‌ബോള്‍ കളി അവിടത്തെ ഭൂപ്രകൃതിയുടെയും സാമൂഹ്യ ജീവിതത്തിന്റെയും സവിശേഷതകളാല്‍ മുമ്പുതന്നെ പരിചിതമായിരുന്നു. സായിപ്പിന്റെ കളിരീതികള്‍ മലപ്പുറത്തിന്റെ പ്രാക്തനമായ കാല്‍പന്തു ശീലങ്ങളെ ഗുണപരമായി പരിവര്‍ത്തിപ്പിക്കുകയാണ് ചെയ്തത്.
ലോക നിലവാരത്തില്‍ വളര്‍ത്തിയെടുക്കാന്‍ ക്ഷമതയുള്ള നിരവധി കളിക്കാര്‍ കേരള ഫുട്‌ബോളില്‍ വന്നു പോയി. ഇന്ത്യയില്‍ നിന്ന് ഒരു പെലെയോ മറഡോണയോ ആയി വളര്‍ന്നുവരേണ്ടിയിരുന്ന നിരവധി കളിക്കാരെയാണ് ബ്യൂറോക്രസിയും ഭരണവര്‍ഗവും ചേര്‍ന്ന് ഒതുക്കിക്കളഞ്ഞത്. ലോകകപ്പ് തീരുന്നതുവരെ നമുക്ക് ചുറ്റും മറ്റൊരു ജീവിതം ഇല്ല എന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ എത്തിയിരിക്കുന്നത്. അനേക കോടികളുടെ ഫ്‌ളക്‌സുകളും കൊടി തോരണങ്ങളും അലങ്കാരങ്ങളും ആരാധന പ്രകടമാക്കുന്ന ഇതര വസ്തുക്കളുമാണ് ഈ ലോകകപ്പ് കാലത്ത് ഇന്ത്യയിലെങ്ങും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
അന്യരാജ്യങ്ങളുടെ ടീമുകള്‍ക്കു വേണ്ടി ആരവം മുഴക്കുകയും ഉറക്കമൊഴിക്കുകയും കൈയടിക്കുകയും ചെയ്യാന്‍ മാത്രം വിധിക്കപ്പെട്ടവരായി ഒതുങ്ങാതെ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ലോകകപ്പിനായി മത്സരിക്കുകയും അതു നേടുകയും ചെയ്യുന്ന കാലത്തിനു വേണ്ടി ചിന്തിക്കാനും പ്രവര്‍ത്തിക്കാനും ഇന്ത്യയിലെ ഫുട്‌ബോള്‍ പ്രേമികള്‍ ബാധ്യസ്ഥരല്ലേ എന്ന് ചോദിക്കാതിരിക്കാനാവില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."