ഇതര സംസ്ഥാനങ്ങളില്‍നിന്ന് മടങ്ങിയെത്തിയത് 35,355 മലയാളികള്‍
തിരുവനന്തപുരം: ലോക്ക്ഡൗണില്‍ ഇളവുകള്‍ അനുവദിച്ച സാഹചര്യത്തില്‍ ഇതുവരെ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് 35,355 പേര്‍ നാട്ടില്‍ തിരിച്ചെത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇതുവരെ 33,116 പേര്‍ റോഡ് മാര്‍ഗവും 1406 പേര്‍ വ്യോമ മാര്‍ഗവും 833 പേര്‍ കപ്പല്‍ മാര്‍ഗവും സംസ്ഥാനത്തെത്തിയിട്ടുണ്ട്. ഇതില്‍ 19,000 പേരും റെഡ്‌സോണ്‍ ജില്ലകളില്‍ നിന്നാണ് വന്നത്. ആകെ പാസിനുവേണ്ടി അപേക്ഷിച്ച 1.33 ലക്ഷം പേരില്‍ 72,800 പേര്‍ റെഡ് സോണ്‍ ജില്ലകളില്‍ നിന്നുള്ളവരാണ്. 89,950 പാസുകളാണ് ഇതുവരെ നല്‍കിയത്.
അതിലും 45,157 പേര്‍ റെഡ്‌സോണ്‍ ജില്ലകളില്‍ നിന്നുള്ളവരാണ്. മെയ് 7 മുതല്‍ വിദേശത്തുനിന്നു വന്ന 7 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതുകൊണ്ടുതന്നെ ആ വിമാനങ്ങളില്‍ യാത്ര ചെയ്ത മുഴുവന്‍ പേരെയും പ്രത്യേക നിരീക്ഷണത്തിലാക്കിയിരിക്കയാണെന്നും അവരുടെ കാര്യത്തില്‍ വലിയ ജാഗ്രത ആരോഗ്യവിഭാഗം പുലര്‍ത്തുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
മറ്റു സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരെ കൊണ്ടുവരാന്‍ പോകുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ രോഗലക്ഷണമില്ലെങ്കില്‍ ക്വാറന്റൈനില്‍ പോകേണ്ടതില്ല. അതിര്‍ത്തിയിലൂടെ റോഡ് മാര്‍ഗം ആളുകള്‍ ധാരാളമായി വരുന്നതുകൊണ്ട് ചെക്ക്‌പോസ്റ്റുകളില്‍ കൂടുതല്‍ സൗകര്യവും സജ്ജീകരണവും ഉണ്ടാക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.
അതിഥി തൊഴിലാളികളുമായി 26 ട്രെയിനുകള്‍ കേരളത്തില്‍നിന്ന് പോയിട്ടുണ്ട്. ആകെ 29,366 പേര്‍ തിരിച്ചുപോയിട്ടുണ്ട്. ബീഹാറിലേക്കാണ് കൂടുതല്‍ ട്രെയിനുകള്‍ പോയത്. ഒന്‍പത് ട്രയിനുകളാണ് ബീഹാറിലേക്ക് പോയതെന്നും മുഖ്യമന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."