അനിശ്ചിതത്വം നീങ്ങി: കേരളത്തിലുള്ള തൊഴിലാളികള്‍ക്ക് മടങ്ങാന്‍ 28 ട്രെയിനുകള്‍ അനുവദിച്ച് പശ്ചിമബംഗാള്‍
കൊല്‍ക്കത്ത: തൊഴിലാളികളെ മടക്കിക്കൊണ്ടു പോകുന്നതിലുള്ള അനിശ്ചിതത്വം നീക്കി പശ്ചിമബംഗാള്‍. കേരളത്തിലുള്ള തൊഴിലാളികളെ തിരിച്ച് നാട്ടിലെത്തിക്കാന്‍ 28 ട്രെയിനുകള്‍ക്ക് അനുമതി നല്‍കിയിരിക്കുകയാണ് പശ്ചിമബംഗാള്‍ സര്‍ക്കാര്‍. ഇക്കാര്യത്തില്‍ കേരളത്തിന്റെ ആവശ്യംകൂടി പരിഗണിച്ചാണ് ബംഗാള്‍ സര്‍ക്കാര്‍ നടപടി.
19നാണ് ആദ്യ ട്രെയിന്‍ കേരളത്തില്‍ നിന്ന് പുറപ്പെടുക.കോഴിക്കോട്ട് നിന്ന് മാത്രം അഞ്ച് ട്രെയിനുകളുണ്ടാവും.
കേരളത്തിന് പുറമെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി ലക്ഷകണക്കിന് കുടിയേറ്റ തൊഴിലാളികളാണ് അടുത്ത മുപ്പത് ദിവസങ്ങള്‍ക്കുള്ളില്‍ ബംഗാളിലേക്ക് തിരിച്ചെത്തുക. റെയില്‍വേ സ്റ്റേഷനുകളില്‍ എത്തിയാലുടന്‍ ഇവര്‍ക്കുള്ള വിദഗ്ധമായ കൊറോണ സ്‌ക്രീനിങ്ങും അതനുസരിച്ച് നെഗറ്റീവ് ആയ മുഴുവന്‍ പേരെയും വീടുകളിലേക്കു എത്തിക്കുവാനുള്ള നടപടികള്‍ എടുത്തിട്ടുണ്ടെന്നും മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ സെക്രട്ടറിയും കുടിയേറ്റ തൊഴിലാളികളുടെ സംസ്ഥാന നോഡല്‍ ഓഫീസറുമായ ഡോ. പി.ബി സലിം ഐ.എ.എസ് അറിയിച്ചു.
സ്വദേശത്ത് തിരിച്ചെത്തുന്ന ബംഗാളികള്‍ക്ക് തിരിച്ച് പോവാന്‍ ആഗ്രഹമില്ലെങ്കില്‍ നാട്ടില്‍ തന്നെ പുനരധിവസിപ്പിക്കാനുള്ള വിപുലമായ പദ്ധതിയും സര്‍ക്കാര്‍ തയ്യാറാക്കിയിട്ടുണ്ട്. ബംഗാളിലേക്ക് ഇത്തരത്തില്‍ മടങ്ങി എത്തുന്നവരുടെ കഴിവും വൈദഗ്ധ്യവും അനുസരിച്ച് മുഴുവന്‍ ആളുകളെയും പുനരധിവസിപ്പിക്കാനുള്ള പദ്ധതികള്‍ക്ക് സംസ്ഥാനത്തുടനീളം തുടക്കം കുറിക്കുമെന്ന് മുന്‍ കോഴിക്കോട് കലക്ടര്‍ കൂടിയായ സലിം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."