വെല്ലുവിളിയുയര്‍ത്തുന്ന കുട്ടിക്കുറ്റവാളികള്‍
#റഹ്മാന്‍ മധുരക്കുഴി
9446378716
സംസ്ഥാനത്തെ വിദ്യാര്‍ഥികളില്‍ കുറ്റകൃത്യപ്രവണത വര്‍ധിക്കുന്നതായി കണ്ടെത്തിയിരിക്കുന്നു. ലൈംഗികാതിക്രമം, കവര്‍ച്ച തുടങ്ങിയ കുറ്റകൃത്യങ്ങള്‍ അമ്പരിപ്പിക്കുംവിധം വര്‍ധിച്ചതായി ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ വ്യക്തമാക്കുന്നു. 2011 ഓഗസ്റ്റ് വരെ സ്ത്രീപീഡനക്കേസുകളില്‍ പ്രതികളായ 1092 പേരില്‍ 412 പേര്‍ 18 വയസിനു താഴെയുള്ളവരാണ്. ഇവരില്‍ ബലാത്സംഗത്തിനു പിടിയിലായവര്‍ 308 പേര്‍.
അടിച്ചുപൊളിച്ചു ജീവിക്കാനും, ബൈക്ക്, മൊബൈല്‍, മൊബൈല്‍ റീചാര്‍ജിങ്, ഇന്റര്‍നെറ്റ് കഫേ സന്ദര്‍ശനം, മദ്യം, ലഹരി വസ്തുക്കള്‍ എന്നിവയ്ക്കായി പണം കണ്ടെത്താനും കവര്‍ച്ച നടത്തിയ 216 കുട്ടിക്കവര്‍ച്ചാ സംഘങ്ങള്‍ കഴിഞ്ഞവര്‍ഷം പിടിയിലായി. സംസ്ഥാനത്ത് സൈബര്‍ക്രൈം ഒരു വര്‍ഷത്തിനുള്ളില്‍ രണ്ടിരട്ടി വര്‍ധിച്ചതായി ഹൈടെക് ക്രൈം എന്‍ക്വയറി വിഭാഗത്തിന്റെ കണക്കുകള്‍ പറയുന്നു.
നാലുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു കൊന്നു മൃതദേഹം മരപ്പൊത്തിലൊളിപ്പിച്ച പതിമൂന്നു വയസുകാരന്റെ പരാക്രമം പത്രത്തിലുണ്ടായിരുന്നു. പീഡനശ്രമം എതിര്‍ത്ത യു.കെ.ജി വിദ്യാര്‍ഥിനിയെ പത്തുവയസുകാരന്‍ കുളത്തിലേക്ക് തള്ളിയിട്ടെന്നതാണ് മറ്റൊരു വാര്‍ത്ത. കൊല്ലത്ത് അഞ്ചുവയസുകാരിയും തൃശൂരില്‍ ഏഴു വയസുകാരിയും കൗമാരപ്രായക്കാരുടെ ലൈംഗിക പീഡനത്തിനിടയില്‍ 2006ല്‍ ക്രൂരമായി കൊലചെയ്യപ്പെട്ടു. പന്ത്രണ്ടുവയസുകാരന്‍ മൂന്നു വയസുമാത്രമുള്ള അയലത്തെ പെണ്‍കുഞ്ഞിനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസ് തനിക്കു കൈകാര്യം ചെയ്യേണ്ടിവന്ന സംഭവം ഒരു ഐ.പി.എസ് ഉദ്യോഗസ്ഥ എഴുതിയത് ഓര്‍ക്കുന്നു.
പത്തും പന്ത്രണ്ടും വയസുമാത്രം പ്രായമുള്ള കുട്ടികളുടെ മനസുകളില്‍ ഇത്ര നേരത്തേ ലൈംഗികാസക്തി എങ്ങനെ മുളപൊട്ടുന്നുവെന്നു ചിന്തിക്കുമ്പോഴാണു ദൃശ്യ, ശ്രവ്യ മാധ്യമങ്ങളുടെ അതിശക്തമായ സ്വാധീനം വെളിച്ചത്തു വരുന്നത്. കൗമാരപ്രായക്കാരെപ്പോലും വഴിവിട്ട ചിന്തകളിലേക്കും പ്രവൃത്തികളിലേക്കും തള്ളിവിടുന്നതില്‍ ടി.വി, ഇന്റര്‍നെറ്റ്, മൊബൈല്‍, ബ്ലൂ ഫിലിം എന്നിവക്കുള്ള സ്വാധീനം വളരെയേറെയാണെന്നു മനഃശാസ്ത്രഞ്ജന്മാരും സാമൂഹിക ശാസ്ത്രജ്ഞരും ചൂണ്ടിക്കാണിക്കുന്നു.
പത്തോ പതിനൊന്നോ വയസാകുമ്പോഴേക്കും കുട്ടി ശരാശരി 8000 കൊലപാതകങ്ങളും പതിനായിരത്തോളം മറ്റു കുറ്റകൃത്യങ്ങളും ടി.വി, സിനിമ എന്നിവയില്‍നിന്നായി കണ്ടുകഴിഞ്ഞിരിക്കുമെന്ന് അമേരിക്കയില്‍ നടന്ന പഠനം വെളിപ്പെടുത്തുന്നു. ടെലിവിഷന്‍ കാണുന്ന കൗമാരപ്രായക്കാര്‍ ലൈംഗികാഭാസ പ്രവണതയുള്ളവരാണെന്ന അമേരിക്കയിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചൈല്‍ഡ് ഹെല്‍ത്ത് ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്‌മെന്റ് നടത്തിയ പഠനത്തില്‍ പറയുന്നു.
'പെണ്‍കുട്ടികള്‍ ടെലിവിഷന്‍ ചാനലുകളിലും സിനിമകളിലും മുലയും ചന്തിയും തുടയും വെളിയില്‍ കാണിച്ചു പ്രത്യക്ഷപ്പെടുന്ന കാഴ്ചകളാണ് പന്ത്രണ്ടു വയസുകാരികള്‍ മുതലുള്ള പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെടുന്നതിനും കൗമാരപ്രായക്കാര്‍ പീഡകരാകുന്നതിനുമൊക്കെ കാരണം' എന്ന ജസ്റ്റിസ് ഡി. ശ്രീദേവിയുടെ ഈ നിരീക്ഷണം പ്രസക്തമാണ്.
തിരുവന്തപുരം ലയോള കോളജിലെ സോഷ്യോളജി വിഭാഗം സ്‌കൂള്‍ കുട്ടികള്‍ക്കിടയില്‍ നടത്തിയ സര്‍വേയില്‍ ഇന്റര്‍നെറ്റ് കഫേകള്‍ സന്ദര്‍ശിക്കുന്ന 90 ശതമാനം കുട്ടികളും അശ്ലീലവെബ്‌സൈറ്റുകള്‍ക്കു മുന്നിലിരിക്കുന്നവരാണെന്നു കണ്ടെത്തി. കേരളത്തിലെ ഒരു പ്രമുഖ നഗരത്തില്‍ പകുതിയിലധികം സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികളും ഒരിക്കലെങ്കിലും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടവരാണെന്നാണ് മറ്റൊരു പഠനം പറയുന്നത്. കവയത്രി സുഗതകുമാരി 8,000 വിദ്യാര്‍ഥികളില്‍ നടത്തിയ സര്‍വേയില്‍ 6,000 പേരും പതിവായി ബ്ലൂ ഫിലിം കാണുന്നവരാണെന്നു സമ്മതിച്ചു.
പത്തു വയസുകാരന്റെ പീഡനശ്രമം എതിര്‍ത്ത പെണ്‍കുട്ടിയെ കുളത്തിലേക്കു തള്ളിയിട്ട സംഭവത്തെക്കുറിച്ചു പൊലിസ് നടത്തിയ അന്വേഷണത്തില്‍, വീട്ടില്‍ അച്ഛന്‍ നീലച്ചിത്രം കാണുന്നതു പതിവായിരുന്നെന്നും ഒളിച്ചുനിന്ന് ആ ദൃശ്യങ്ങള്‍ കണ്ടതിലൂടെ കിട്ടിയ ആവേശമാണ് പെണ്‍കുട്ടിയെ ഉപദ്രവിക്കാന്‍ പ്രേരണയായതെന്നും കണ്ടെത്തി. കുട്ടികള്‍ക്കിടയില്‍ നീലച്ചിത്രാഭിനിവേശം വര്‍ധിച്ചുവരികയാണ്. അതിന് വീട്ടുകാര്‍ തന്നെ അറിഞ്ഞോ അറിയാതെയോ കാരണക്കാരാവുന്നു.
ഇന്റര്‍നെറ്റ് വ്യാപകമായ ഇക്കാലത്ത് അതിലൂടെ എളുപ്പത്തില്‍ അശ്ലീല ചിത്രങ്ങള്‍ ലഭിക്കും. അതാണ് ഏറ്റവും അപകടകരം. അമേരിക്കന്‍ ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ കണക്കനുസരിച്ചു കൊച്ചുകുട്ടികളുടെ ദശലക്ഷത്തിലേറെ അശ്ലീല ചിത്രങ്ങള്‍ ഇന്റര്‍നെറ്റിലുണ്ട്. ദശലക്ഷമാളുകള്‍ ഈ സൈറ്റ് സന്ദര്‍ശിക്കുന്നു. കൈസര്‍ ഫൗണ്ടേഷന്‍ റിപ്പോര്‍ട്ടനുസരിച്ച് 70 ശതമാനം കുട്ടികളും അവിചാരിതമായാണ് ഇത്തരം സൈറ്റുകളിലെത്തിപ്പെടുന്നത്. കുട്ടികള്‍ തങ്ങള്‍ക്കു താല്‍പ്പര്യമുള്ള ഏതെങ്കിലും സൈറ്റ് ഇന്റര്‍നെറ്റില്‍ സെര്‍ച്ച് ചെയുബോഴാ അശ്ലീല ചിത്രങ്ങള്‍ മുന്നിലെത്തുന്നത്. അറിയാതെ അവര്‍ അതിന്് അടിപ്പെടുന്നു.
ചെറുപ്പത്തില്‍ അശ്ലീല ചിത്രം കാണാനിട വന്നാല്‍ അതു മാനസികവും ശാരീരികവുമായ വളര്‍ച്ചയില്‍ ഗുരുതര പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. അശ്ലീല ചിത്രങ്ങള്‍ കാണുന്ന കുട്ടികള്‍ പഠനത്തെക്കാളും കളികളെക്കാളും ലൈംഗികതയെക്കുറിച്ചു ചിന്തിക്കും. കുട്ടികളെ ലൈംഗിക പീഡനത്തിനു വിധേയമാക്കിയതിനു ശിക്ഷിക്കപ്പെട്ട കുട്ടികളില്‍ 87 ശതമാനം പേരും പെണ്‍കുട്ടികളെ പീഡിപ്പിച്ചതിനു പിടിയിലായവരില്‍ 77 ശതമാനവും സ്ഥിരമായി നീലച്ചിത്രങ്ങള്‍ കണ്ടിരുന്നതായി വെളിപ്പെടുത്തിയിരുന്നു.
പതിനാലു വയസിനു മുന്‍പു ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ ഇടയാവുന്ന കുട്ടികള്‍ ലൈംഗിക അത്യാസക്തിയുള്ളവരായി മാറാനുള്ള സാധ്യത കൂടുതലാണ്. ലൈംഗിക അത്യാസക്തിയുള്ള 932 പേരില്‍ നടത്തിയ പഠനത്തില്‍ 90 ശതമാനം പുരുഷന്മാരും 77 ശതമാനം സ്ത്രീകളും തങ്ങളുടെ അത്യാസക്തിക്കു കാരണം അശ്ലീല ചിത്രങ്ങളാണെന്നു സമ്മതിച്ചുവത്രെ.
കുട്ടികള്‍ അനുകരണ ശീലക്കാരാണ്. അക്കാരണത്താല്‍ അശ്ലീല ചിത്രങ്ങളില്‍ തങ്ങള്‍ കാണുന്ന കാര്യങ്ങള്‍ പരീക്ഷിച്ചു നോക്കാന്‍ അവര്‍ തുനിഞ്ഞേക്കാം. നീലച്ചിത്രങ്ങള്‍ കാണുന്ന കുട്ടികളില്‍ 66 ശതമാനം ആണ്‍കുട്ടികളും 40 ശതമാനം പെണ്‍കുട്ടികളും തങ്ങള്‍ കണ്ട സീനുകള്‍ പരീക്ഷിച്ചു നോക്കാന്‍ താല്‍പ്പര്യമുള്ളവരാണെന്ന് ഒരു സര്‍വേയില്‍ സമ്മതിക്കുകയുണ്ടായി. വളര്‍ച്ചയുടെ ഒരു സുപ്രധാനഘട്ടത്തില്‍ കുട്ടികളുടെ മനസില്‍ പതിയുന്ന ലൈംഗിക വൈകൃതങ്ങളുടെ ചിത്രങ്ങള്‍ വളര്‍ന്നു വലുതായാലും മനസില്‍ നിന്നു മാഞ്ഞുപോകില്ല.
വിജ്ഞാന വിസ്‌ഫോടനത്തിന്റെയും ഉന്നത സാങ്കേതിക വിദ്യയുടെയും കാലത്ത് ടി.വി, സിനിമ, ഇന്റര്‍നെറ്റ്, മൊബൈല്‍ തുടങ്ങി സമൂഹത്തില്‍ ആഴത്തില്‍ സ്വാധീനം ചെലുത്തുന്ന മാധ്യമങ്ങളെ അപ്പാടെ ബഹിഷ്‌ക്കരിക്കുക പ്രായോഗികമല്ല. ഇവയുടെ ദുരുപയോഗത്തില്‍ നിന്നു കുട്ടികളെ പിന്തിരിപ്പിക്കുകയും നിയന്ത്രിക്കുകയും ചെയ്യുക എന്നതാണു വിവേകത്തിന്റെ മാര്‍ഗം. വഴിതെറ്റുന്ന കുട്ടികളെ ശരിയായ ദിശയിലേക്കു വഴി നടത്താനുള്ള സ്‌നേഹപൂര്‍വമായ സമീപനങ്ങളാണു ഭാവിയുടെ വാഗ്ദാനങ്ങളായ കൗമാരങ്ങളെ ദൂരവ്യാപക പ്രത്യാഘാതം സൃഷ്ടിച്ചേക്കാവുന്ന വിപത്തില്‍ നിന്നു മോചിപ്പിക്കാനുള്ള ഏക മാര്‍ഗം.
രക്ഷിതാക്കള്‍ കുട്ടികള്‍ക്കു മാതൃകയായി പ്രവര്‍ത്തിക്കേണ്ടതുണ്ട്. അശ്ലീലതയുടെയും വഴിവിട്ട ജീവിത ശൈലിയുടെയും ദൂഷിതവലയങ്ങള്‍ സ്വഗൃഹത്തില്‍ തന്നെ സൃഷ്ട്ടിച്ചുകൊണ്ടിരിക്കുന്ന രക്ഷിതാക്കളുടെ സദാചാരോപദേശം മക്കളില്‍ വിപരീതഫലമാണു സൃഷ്ടിക്കുക. ശിക്ഷയുടെയും ശിക്ഷണത്തിന്റെയും ചുറ്റുവട്ടത്തില്‍ കുട്ടികളെ തളച്ചിടുന്നതാവട്ടെ ദുഃസഹമായ നിയന്ത്രണങ്ങളുടെ വേലിക്കെട്ടു തല്ലിപ്പൊളിച്ചു സ്വതന്ത്രരായി അനാശാസ്യത്തിന്റെ മേച്ചില്‍പ്പുറങ്ങളെ ശരണം പ്രാപിക്കാന്‍ അവര്‍ക്കു പ്രചോദനമാവുമെന്നു മനസിലാക്കപ്പെടാതെ പോവരുത്.
കുട്ടികളുടെ മാനസികാവസ്ഥയും കൗമാരത്തിന്റെ സവിശേഷതകളും കണ്ടറിഞ്ഞു പെരുമാറാനുള്ള വിവേകം മാതാപിതാക്കള്‍ക്കുണ്ടാകണം. കുട്ടികള്‍ക്കാവശ്യമായ സന്ദര്‍ഭങ്ങളിലെല്ലാം വഴികാട്ടികളായി നിലകൊള്ളുകയും ഗുണകാംക്ഷികളായ കൂട്ടുകാരെപ്പോലെ വര്‍ത്തിക്കുകയും ചെയുകയെന്നതാണു കരണീയം. സംതൃപ്തമായ ഗൃഹാന്തരീക്ഷവും സ്‌നേഹവാത്സല്യപൂര്‍ണമായ സമീപനവുമായിരിക്കണം വഴിതെറ്റുന്ന കുട്ടികള്‍ക്കു വഴികാട്ടികളാവേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."