വ്യാജമദ്യ വില്‍പനയും വാറ്റ് വില്‍പനയും സജീവം; നിരീക്ഷിക്കാന്‍ പ്രത്യേക നിര്‍ദേശം
ചങ്ങരംകുളം: വ്യാജമദ്യ വില്‍പനയും വാറ്റും സജീവമായതോടെ നിരീക്ഷിക്കാന്‍ പ്രത്യേക നിര്‍ദേശം. മദ്യശാലകള്‍ പലതും പൂട്ടിയതോടെ ജില്ലയില്‍ വാറ്റും വ്യാജ മദ്യവില്‍പനയും സജീവമായി.
മദ്യത്തിന്റെ ലഭ്യത കുറഞ്ഞതോടെ വീടുകള്‍ കേന്ദ്രീകരിച്ചും ഒഴിഞ്ഞ കെട്ടിടങ്ങള്‍ക്ക് മറവിലുമായി വ്യാജവാറ്റ് സംഘങ്ങള്‍ വിപണി കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്. ജില്ലയില്‍ ഏറ്റവും തിരക്കേറിയ എടപ്പാളിലെയും പൊന്നാനിയിലെയും മദ്യശാലകള്‍ പൂട്ടിയതോടെയാണ് മദ്യ സേവകര്‍ നെട്ടോട്ടം തുടങ്ങിയത്. സ്ഥിരമായി മദ്യപിക്കുന്നവര്‍ക്ക് മദ്യം ലഭിക്കാതെ വന്നതോടെ വലിയ വിലക്ക് വ്യാജമദ്യ വില്‍പന നടത്തുന്ന സംഘങ്ങള്‍ക്ക് ഇപ്പോള്‍ കൊയ്ത്ത് കാലമാണ്.
ഈ അവസരം മുതലെടുത്താണ് മദ്യവിപണി കീഴടക്കാന്‍ ഒരു ഇടവേളക്ക് ശേഷം വ്യാജവാറ്റ് സംഘങ്ങള്‍ തയാറെടുക്കുന്നത്. ഇതിനിടെ വ്യാജ മദ്യവില്‍പനയും വ്യാജവാറ്റും തടയുന്നതിനുള്ള പൊലിസ്, എക്‌സൈസ് നിരീക്ഷണങ്ങള്‍ കര്‍ശനമാക്കിയിട്ടുണ്ട്. വ്യാജവാറ്റിന് വലിയ കുക്കര്‍ ഉപയോഗിക്കുന്നതായി അധികൃതര്‍ക്ക് വിവരം ലഭിച്ചതോടെ വലിയ കുക്കര്‍ വില കൊടുത്ത് വാങ്ങുന്നവരുടെ വിവരങ്ങള്‍ പൊലിസിന് കൈമാറാന്‍ കച്ചവടക്കാര്‍ക്ക് പൊലിസ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇത്തരക്കാരുടെ പേരുവിവരങ്ങള്‍ ശേഖരിക്കാന്‍ സ്‌പെഷല്‍ ബ്രാഞ്ചിനും നിര്‍ദേശം കിട്ടിയിട്ടുണ്ട്. വിഷു അടുത്തതോടെ ജില്ലയില്‍ വ്യാജന്‍ ഒഴുകുമെന്നാണ് സൂചന. വിഷുവിന് ഏതാനും ദിവസം മാത്രം അവശേഷിക്കേ എക്‌സൈസ് അധികൃതരും വ്യാജമദ്യ പരിശോധന ശക്തമാക്കിയിട്ടുണ്ട്. അന്യസംസ്ഥാന തൊഴിലാളികളും താമസസ്ഥലത്ത് മദ്യം നിര്‍മിച്ച് വില്‍പന നടത്തുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. വ്യക്തമായ തെളിവ് ഇല്ലാത്തതിനാല്‍ പൊലിസിനെ ഇത്തരം സംഘങ്ങളെ പിടികൂടാന്‍ കഴിയാറില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."