പുതുക്കാട് താലൂക്ക് ആശുപത്രിയില്‍ കുടിവെള്ളമില്ല; രോഗികളെ നിര്‍ബന്ധിച്ച് ഡിസ്ചാര്‍ജ് ചെയ്യിപ്പിച്ചു
പുതുക്കാട്: പുതുക്കാട് താലൂക്ക് ആശുപത്രിയില്‍ കുടിവെള്ളം ഇല്ലാത്തതിനാല്‍ രോഗികളെ നിര്‍ബന്ധിച്ച് ഡിസ്ചാര്‍ജ് ചെയ്യിപ്പിച്ചതായി ആക്ഷേപം. കുടിവെള്ള പ്രശ്‌നം രൂക്ഷമായതോടെ നാല് ദിവസത്തിനുള്ളില്‍ പതിനേഴ് രോഗികളെ പുതുക്കാട് താലൂക്ക് ആശുപത്രിയില്‍ നിന്ന് നിര്‍ബന്ധിച്ച് ഡിസ്ചാര്‍ജ് ചെയ്തതായാണ് ആരോപണം. രണ്ട് ദിവസമായി കിടത്തി ചികില്‍സയ്ക്ക് വിധേയരാകേണ്ട രോഗികളെ വെള്ളത്തിന്റെ പ്രശ്‌നം മൂലം അഡ്മിഷന്‍ കൊടുക്കാതെയാണ് വിട്ടയയ്ക്കുന്നത്. രണ്ടാഴ്ചയിലേറെയായി കുടിവെള്ളക്ഷാമം രൂക്ഷമായിട്ടും ആശുപത്രി അധികൃതര്‍ നടപടികള്‍ സ്വീകരിച്ചിരുന്നില്ല. ആശുപത്രിയിലെ കിണര്‍ വറ്റി വരണ്ടതാണ് പ്രശ്‌നത്തിന് കാരണം. വേനല്‍ ആരംഭിച്ച സമയത്തു തന്നെ കിണറിലെ വെള്ളം വറ്റി തുടങ്ങിയിരുന്നു.
രണ്ട് മാസത്തിലേറെയായിട്ടും കുടിവെള്ളത്തിനായുള്ള ബദല്‍ സംവിധാനം ഒരുക്കാന്‍ അധികൃതര്‍ ഇതുവരെയും തതയാറായിട്ടില്ല. കൊടകര ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള ആശുപത്രിയില്‍ ആഴ്ചകളായി തുടരുന്ന കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനുള്ള നടപടികളെടുക്കാന്‍ ഇതുവരെയും ബ്ലോക്ക് പഞ്ചായത്തും തയ്യാറായില്ല. മലയോര മേഖലകള്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ നിന്ന് ദിനംപ്രതി ആയിരത്തോളം രോഗികളാണ് ചികിത്സതേടി താലൂക്ക് ആശുപത്രിയില്‍ എത്തുന്നത്. കിലോമീറ്ററുകള്‍ താണ്ടിയെത്തുന്ന രോഗികള്‍ക്ക് ആശുപത്രിയില്‍ കുടിവെള്ളം ഇല്ലെന്ന പേര് പറഞ്ഞ് ചികിത്സ നിക്ഷേധിക്കുന്ന അവസ്ഥയാണ് നിലനില്‍ക്കുന്നത്. നിലവില്‍ പന്ത്രണ്ട് പേരാണ് കിടത്തി ചികിത്സയിലുള്ളത്. ആവശ്യത്തിനുള്ള വെള്ളം പണം കൊടുത്താണ് രോഗികള്‍ വാങ്ങുന്നത്. ചില രോഗികള്‍ വീടുകളില്‍ നിന്നു വെള്ളം കൊണ്ടുവന്നാണ് ആവശ്യത്തിന് ഉപയോഗിക്കുന്നത്. ദൈനംദിന ആവശ്യങ്ങള്‍ക്ക് പോലും വെള്ളം കിട്ടാതെ രോഗികള്‍ വലയുകയാണ്.
എഴുപത്തിയഞ്ച് രോഗികളെ കിടത്തി ചികിത്സിക്കാന്‍ സൗകര്യമുള്ള ആശുപത്രിയില്‍ നൂറിലേറെ ജീവനക്കാരാണുള്ളത്. സര്‍ക്കാരിന്റെ പെയിന്‍ ആന്റ് പാലിയേറ്റിവ് കെയറും, സുസ്ഥിര പാലിയേറ്റിവ് സൊസൈറ്റിയും ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."