സോളാറിനെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസിലെ പെണ്‍പട
കൊച്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വീണ്ടും തലപൊക്കിയ സോളാര്‍ പ്രതിസന്ധിയെ മറികടക്കാന്‍ കോണ്‍ഗ്രസിലെ പെണ്‍പട. സി.പി.എം സാരിത്തുമ്പില്‍ പിടിച്ച് തെരഞ്ഞെടുപ്പിനെ നേരിടാന്‍ ശ്രമിക്കുകയാണെന്ന് എ.ഐ.സി.സി അംഗം ദീപ്തി മേരി വര്‍ഗീസ് പറഞ്ഞു. ഇതിന്റെ ഭാഗമായാണ് സോളാര്‍ ഇടപാടുമായി ബന്ധപ്പെട്ട് മൂന്ന് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്കെതിരേ ക്രൈംബ്രാഞ്ച് കേസ് എടുത്ത നടപടിയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
മഹിള കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം എറണാകുളം പ്രസ്‌ക്ലബ്ബില്‍ വാര്‍ത്താസമ്മേളനം നടത്തിയാണ് പുതിയ സോളാര്‍ പ്രതിസന്ധിക്കെതിരേ അവര്‍ ആഞ്ഞടിച്ചത്. സി.പി.എം സ്ത്രീസുരക്ഷയ്ക്കു വേണ്ടിയുള്ള നിയമങ്ങള്‍ ദുരുപയോഗം ചെയ്ത് തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയലാഭം കൊയ്യാന്‍ ശ്രമിക്കുകയാണ്. കേരളത്തിലെ രാഷ്ട്രീയ സംസ്‌കാരത്തിന് ചേരാത്ത ഇത്തരം ബ്ലാക്‌മെയിലിങ് രാഷ്ട്രീയം സി.പി.എം അവസാനിപ്പിച്ചില്ലെങ്കില്‍ ശക്തമായി നേരിടും.
സംസ്ഥാന സര്‍ക്കാരിന്റെ കൂടി പ്രവര്‍ത്തനം വിലയിരുത്തുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ പോരാട്ടത്തില്‍നിന്ന് ഒളിച്ചോടുകയാണ് സി.പി.എം. രണ്ടര വര്‍ഷം മുന്‍പ് മുഖ്യമന്ത്രിക്കു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഇപ്പോള്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനുശേഷം എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത് ദുരൂഹമാണ്. ചെങ്ങന്നൂര്‍ ഉപതെരഞ്ഞടുപ്പിനു തലേദിവസം മുഖ്യമന്ത്രി സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് വാര്‍ത്താസമ്മേളനം നടത്തി പുറത്തുവിട്ട രാഷ്ട്രീയ അപചയം തന്നെയാണ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ക്രൈംബ്രാഞ്ചിനെ മുന്നില്‍ നിര്‍ത്തി ആവര്‍ത്തിക്കുന്നത്.
കുറച്ചുനാളുകളായി സോളാര്‍കേസിലെ പരാതിക്കാരിയാണ് സി.പി.എമ്മിന്റെ താരപ്രചാരക. ഹൈക്കോടതി തന്നെ വിശ്വാസയോഗ്യമല്ലെന്ന് നിരീക്ഷിച്ച കേസാണ് സോളാര്‍ കേസ്. രണ്ടുപ്രഗത്ഭരായ അന്വേഷണോദ്യോഗസ്ഥര്‍ കേസിന് ഒരു അടിസ്ഥാനവുമില്ലെന്നു പറഞ്ഞ് അന്വേഷണത്തില്‍നിന്ന് പിന്മാറിയിട്ടുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സാധ്യതാപട്ടികയില്‍ ഇടം നേടിയവര്‍ക്കെതിരേ ഇപ്പോള്‍ കേസ് രജിസ്റ്റര്‍ ചെയ്തത് പരാജയഭീതി കൊണ്ടാണ്. ഇവര്‍ക്കെതിരേ നിയമസഭാ തെരഞ്ഞെടുപ്പിലും സി.പി.എം പോസ്റ്റര്‍ ഒട്ടിച്ചു വരെ ഇതേവിഷയത്തില്‍ പ്രചാരണം നടത്തിയിരുന്നു. എന്നാല്‍ ഇതു ജനങ്ങള്‍ പുച്ഛത്തോടെയാണ് തള്ളിയതെന്ന് സി.പി.എം ഓര്‍ക്കണം. തെരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യുന്നത് സി.പി.എമ്മിന്റെ അക്രമരാഷ്ട്രീയവും പ്രളയദുരിതാശ്വാസ പ്രവര്‍ത്തന പരാജയവുമാണ്. എന്നാല്‍ അതില്‍ നിന്നൊക്കെ ശ്രദ്ധതിരിക്കാനാണ് ഇത്തരം തരംതാഴ്ന്ന നടപടികളെന്നും അവര്‍ പറഞ്ഞു. മഹിളകോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി മാലിനി കുറുപ്പ്, വി.കെ മിനിമോള്‍ എന്നിവരും ദീപ്തിക്കൊപ്പമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."