സഊദി ജയിലിൽ കഴിഞ്ഞിരുന്ന മലയാളികളടക്കമുള്ള 210 പേ൪ നാളെ ഇന്ത്യയിലേക്ക് മടങ്ങും
ജിദ്ദ: കൊവിഡ് പശ്ചാത്തലത്തിൽ സഊദിയിൽ നിന്നു തർഹീലുകളിൽ കഴിയുന്ന മലയാളികളടക്കമുള്ള 210 പേരെ ശനിയാഴ്ച റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിൽ നിന്ന് ഹൈദരാബാദിലേക്ക് കൊണ്ടുപോകും. റിയാദ് തർഹീലിൽ നിന്നുള്ള 150 പേരും ദമാം തർഹീലിൽ നിന്നുള്ള 60 പേരുമാണ് വിമാനത്തിലുണ്ടാവുക. ഇവരിൽ 30 ഓളം പേർ മലയാളികളാണ്.
രാവിലെ ഒമ്പത് മണിക്കാണ് വിമാനം പുറപ്പെടുകയെന്ന് ഇന്ത്യൻ എംബസി അധികൃതർ അറിയിച്ചു. കഴിഞ്ഞ ജനുവരി മുതൽ തൊഴിൽ, താമസ നിയമലംഘനത്തിന് പിടിയിലായ ഇവർക്ക് സഊദി സർക്കാറാണ് ഇന്ത്യയിലേക്കുള്ള ടിക്കറ്റ് നൽകുന്നത്. നിലവിൽ 400 ലധികം ഇന്ത്യക്കാരാണ് സഊദിയിലെ വിവിധ തർഹീൽ കേന്ദ്രങ്ങളിലുള്ളത്. കൊവിഡ് പശ്ചാത്തലത്തിൽ അന്താരാഷ്ട്ര വിമാനസർവീസ് റദ്ദാക്കിയതിനെ തുടർന്നാണ് ഇവരുടെ ഇന്ത്യയിലേക്കുള്ള യാത്ര തടസ്സപ്പെട്ടത്. അതിനിടെ പലപ്പോഴായി ഇവരെ പ്രത്യേക വിമാനത്തിൽ നാട്ടിലെത്തിക്കാൻ ശ്രമങ്ങൾ നടന്നിരുന്നു. എന്നാൽ കേന്ദ്രസർക്കാറിന്റെ അനുമതി ലഭിക്കാത്തതിനാൽ യാത്ര അനിശ്ചിതമായി നീണ്ടു. കഴിഞ്ഞ ദിവസമാണ് ഈ സർവീസിന് അനുമതി ലഭിച്ചത്. അടുത്ത സർവീസിൽ ബാക്കിയുള്ളവരെ കൂടി നാട്ടിലെത്തിക്കും.
ദമാം തർഹീലിലെ 30 പേരെയും റിയാദിലേക്ക് കൊണ്ടുവന്ന് ഒറ്റവിമാനത്തിലാണ് യാത്ര. ഇവരിൽ പാസ്‌പോർട്ടില്ലാത്തവർക്കെല്ലാം എംബസി ഇന്നലെ ഔട്ട് പാസുകൾ വിതരണം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."