ഉദ്യോഗസ്ഥ ലോബിക്കെതിരെ തുറന്നടിച്ച് ഒരു ജനപ്രതിനിധി ചോദിക്കുന്നു, 'ഇനി ഞാന്‍ ആരോടു പറയാന്‍'
കാസര്‍കോട്: പദ്ധതി നിര്‍വ്വഹണത്തില്‍ സംസ്ഥാനത്ത് ഒന്നാം സ്ഥാനത്തെത്തിയ ജില്ലാ പഞ്ചായത്താണ് കാസര്‍കോട്. സര്‍ക്കാര്‍ സംവിധാനത്തിന്റെ സര്‍വ്വ സൗകര്യങ്ങളും ഹനിക്കപ്പെട്ടിട്ടും ഈ നേട്ടത്തിലെത്തിയതിനു പിന്നില്‍ ജനപ്രതിനിധികളുടെ ശ്രമമുണ്ട്. എന്നാല്‍ ഉദ്യോഗസ്ഥ ലോബിയില്‍ നിന്ന് സദാ അവഗണന നേരിടേണ്ടി വരുന്നുവെന്നാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീറിനു പറയാനുള്ളത്.
ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് എ.ജി.സി ബഷീര്‍ ശക്തമായി വിമര്‍ശനമുന്നയിച്ച് രംഗത്തെത്തിയിട്ടുള്ളത്. ജില്ലാ പഞ്ചായത്ത് റോഡുകളെല്ലാം മെക്കാഡം ടാറുകള്‍ ചെയ്ത് ഗുണനിലവാരം ഉറപ്പുവരുത്തുകയെന്ന പദ്ധതിക്കു വേണ്ടി മാസങ്ങളോളം കഷ്ടപ്പെട്ടെങ്കിലും വീണ്ടും കളിപ്പിക്കുകയാണെന്നാണ് അദ്ദേഹത്തിന്റെ പരാതി.
അഴിമതിക്കു കൂട്ടുനില്‍ക്കുന്നില്ലെങ്കില്‍ ഇവിടെ ഒരു ജനപ്രതിനിധിക്കും നേരെചൊവ്വേ പ്രവര്‍ത്തിക്കാനാവില്ലെന്ന് തുറന്നുകാണിക്കുകയാണ് അദ്ദേഹം. മന്ത്രിതല ഇടപെടലിലൂടെ പദ്ധതിക്ക് അനുമതി ലഭിച്ചെങ്കിലും തുടങ്ങാന്‍ ഒരുങ്ങവേ ചീഫ് എന്‍ജിനിയര്‍ ഓഫിസില്‍ നിന്ന് തടസ്സവാദങ്ങള്‍ നേരിടുന്നുവെന്നാണ് അദ്ദേഹത്തിന്റെ പരാതി. ഒരു പ്രാവശ്യം സാങ്കേതികാനുമതി ലഭിച്ച പദ്ധതിക്ക് വീണ്ടും തടസ്സവാദം ഉന്നയിക്കുന്നത് എന്തിനാണെന്ന് മനസ്സിലാവുന്നില്ലെന്നാണ് എ.ജി.സി ബഷീര്‍ പറയുന്നത്.
''ഇനി ഞാന്‍ ആരോട് പറയാന്‍''
ജില്ലാ പഞ്ചായത്തിന്റെ റോഡ് അഞ്ച് വര്‍ഷം ഗ്യാരണ്ടിയില്‍ മെക്കാഡം ചെയ്ത് സുഗമമാക്കാനുള്ള തീരുമാനമെടുത്ത തെറ്റേ ഞാന്‍ ചെയ്തുള്ളൂ.. തിരുവനന്തപുരത്തെ ഉദ്യോഗസ്ഥ തമ്പ്രാക്കള്‍ക്ക് അത് പിടിച്ചില്ല.. അവരാല്‍ കഴിയുന്ന തടസ്സവാദങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.. വകുപ്പ് മന്ത്രിക്കും വകുപ്പ് സെക്രെട്ടറിക്കും പരാതികള്‍ അയച്ചു..ഇനിയും പരിഹാരം കണ്ടില്ല.. കേരളത്തില്‍ ആദ്യമായി ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനം സ്വന്തം റോഡുകള്‍ മെക്കാഡം ചെയ്യാന്‍ തീരുമാനിച്ചതായിരുന്നു കാസര്‍ഗോഡ് ജില്ലാ പഞ്ചായത്ത്. തുടക്കം മുതല്‍ എതിര്‍പ്പായിരുന്നു..കാലങ്ങളായി ചെയ്തു വരുന്ന മാമ്മൂല്‍ റിപ്പേറുകള്‍ ചെയ്ത് കുഴി അടച്ച് പോയാല്‍ മതി, കൂടെ ഒരു ഉപരിതലം പുതുക്കലും.പരമാവധി രണ്ട് വര്‍ഷം കാലാവധി ... ഇത് തുടര്‍ന്ന് കൊണ്ടേയിരിക്കണം.. ഇത് മാറ്റി അഞ്ച് വര്‍ഷത്തെ കാലാവധിയില്‍ റോഡ് പണി മെക്കാഡം ചെയ്യാന്‍ നിങ്ങള്‍ക്കെന്തധികാരം??? തലസ്ഥാനത്തെ ഉദ്യോഗസ്ഥ മേലാധികാരികളുടെ അവസാന വാക്ക് അതായിരുന്നു.. ഞങ്ങള്‍ പിന്നോട്ട് പോവാന്‍ തയ്യാറല്ലായിരുന്നു, സംസ്ഥാനതല കോര്‍ഡിനേഷന്‍ കമ്മിറ്റി മുമ്പാകെ ഞങ്ങള്‍ അപ്പീല്‍ പോയി, ഇക്കഴിഞ്ഞ മാര്‍ച്ച് ഒന്നിന് ബഹു: തദ്ദേശ സ്വയംഭരണ വകുപ്പ് ശ്രീ: മന്ത്രി കെ.ടി ജലീല്‍, വകുപ്പ് സെക്രെട്ടറി ശ്രീ: ടി.കെ. ജോസ് ഐ.എ.എസ് ഇവരുടെ ആത്മാര്‍ത്ഥമായ ഇടപെടലിലൂടെ ഞങ്ങളുടെ പദ്ധതിക്ക് അംഗീകാരമായി. അങ്ങനെ സംസ്ഥാനത്ത് തന്നെ ആദ്യമായി ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന് 8 മീറ്റര്‍ വീതിയുള്ള റോഡുകള്‍ മെക്കാഡം ചെയ്യാന്‍ അനുമതി ലഭിച്ചു. മാര്‍ച്ച് 15 ന് ചീഫ് എഞ്ചിനീയര്‍ സാങ്കേതികാനുമതിയും തന്നു. വര്‍ക്ക് ഞങ്ങള്‍ ടെന്‍ഡര്‍ ചെയ്തു. മാര്‍ച്ച് 29 ന് ടെന്‍ഡര്‍ ഓപ്പണ്‍ ചെയ്തു. വര്‍ക്കെടുത്ത കരാറുകാരന്‍ എഗ്രിമെന്റ് വെക്കാനിരിക്കെയാണ് ചീഫ് എഞ്ചിനീയര്‍ ഓഫീസ് വീണ്ടും തടസ്സവാദങ്ങള്‍ സൃഷ്ടിക്കുന്നത്. ഒരു തവണ സാങ്കേതിക്കാനുമതി തന്ന വര്‍ക്കിനാണ് ഈ ഒരു തടസ്സ വാദം . റോഡിലെ ട്രാഫിക് സര്‍വ്വേ എടുക്കണം ( ഓടുന്ന വാഹനത്തിന്റെ കണക്കെടുപ്പ് ), ബെന്‍ഗില്‍ മാന്‍ ബീം അനാലിസിസ് ചെയ്യണം 'സാങ്കേതിക പദം', (വിശദീകരണം തരാന്‍ ഞാന്‍ അശക്തന്‍) ഇതു ചെയ്താലേ റോഡു പണി തുടങ്ങാവൂ... ഇതാണ് തിട്ടൂരം. ഈ പരിശോധന ചെയ്യാന്‍ തിരുവനന്തപുരത്തെ നാറ്റ്പാക് എന്ന ഏജന്‍സിക്ക് കത്തയച്ചു.അവരുടെ ചാര്‍ജറിഞ്ഞാല്‍ അതിനുമൊരു പുതിയ പ്രോജക്ട് തയ്യാറാക്കണം!!!! ചുമതലപ്പെടുത്തി പരിശോധന കഴിഞ്ഞു റിപ്പോര്‍ട്ട് കിട്ടാന്‍ മാസങ്ങള്‍ പിന്നെയും... തല്‍ക്കാലം ഞങ്ങളുടെ മെക്കാഡം എന്ന സ്വപ്നം പാതി വഴിയില്‍... ഇനി ഇതൊക്കെ ആരോട് പറയാന്‍ ? ഒന്നും നേരെയാക്കാന്‍ അനുവദിക്കില്ലെന്ന ഒരുതരം ധാര്‍ഷ്ട്യം! 'കാട്ടിലെ മരം തേവരുടെ ആന. വലിയെടാ വലി' വലിയവനും ചെറിയവനും ഒരുപോലെ കയ്യിട്ട് വാരുന്ന ചക്കരക്കുടമായി ഈ നാട് മാറുന്നു. കൂട്ടത്തില്‍ കൂടാത്തവന്‍ പമ്പര വിഡ്ഢിയായി മാറുന്ന ഗതികേട്...അഴിമതിയുടെ അഗാധ ഗര്‍ത്തിലേക്കുള്ള ഈ പ്രയാണം എവിടെ ചെന്നവസാനിക്കും.. ദൈവത്തിന്റെ സ്വന്തം നാടേ നേരും നെറിയുമുള്ളവന്റെ കാലം വരില്ലേ.. ദൈവ കൃപയില്‍ മാത്രം പ്രതീക്ഷ...
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."