താനെയില്‍ നിന്നുള്ള പ്രത്യേക ട്രെയിനിനുള്ള യാത്രാനുമതി കേരള സര്‍ക്കാര്‍ തടഞ്ഞു
തിരുവനന്തപുരം: മഹാരാഷ്ട്ര താനെയില്‍ നിന്നും കേരളത്തിലേക്ക് പുറപ്പെടാനിരുന്ന പ്രത്യേക ട്രെയിനുള്ള യാത്രാനുമതി കേരള സര്‍ക്കാര്‍ തടഞ്ഞു. യാത്രക്കാരുടെ വിവരം നേരത്തെ ലഭ്യമാക്കാത്തതിനാലാണ് ട്രെയിന്‍ പുറപ്പെടുന്നതിന് അനുമതി നല്‍കാതിരുന്നതെന്നും എല്ലാ യാത്രക്കാരും കൊവിഡ്-19 ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് പാസ് നേടുന്ന മുറയ്ക്ക് ട്രെയിന്‍ യാത്ര അനുവദിക്കുമെന്നും സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. എന്നാല്‍ താനെയില്‍ നിന്നും കേരളത്തിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ ഞായറാഴ്ച പുറപ്പെടുന്ന വിവരം സംസ്ഥാന സര്‍ക്കാരിന് ലഭ്യമാക്കിയിട്ടില്ലായിരുന്നുവെന്നും അതിനാലാണ് ട്രെയിന്‍ അനുവദിക്കാഞ്ഞതെന്നുമാണ് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ അറിയിച്ചിരുന്നത്. അതേസമയം വളരെ കുറച്ചുപേര്‍ മാത്രമേ കൊവിഡ്-19 ജാഗ്രത പോര്‍ട്ടലില്‍ തങ്ങളുടെ വിശദാംശം രജിസ്റ്റര്‍ ചെയ്ത് പ്രവേശന പാസ് നേടിയിരുന്നുള്ളൂ എന്ന് മനസിലാക്കിയാണ് കേരള സര്‍ക്കാര്‍ യാത്ര മാറ്റിവെക്കാന്‍ അഭ്യര്‍ഥിച്ചതെന്നാണ് പുതിയ വിശദീകരണം. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ട്രെയിന്‍ മാര്‍ഗം കേരളത്തിലേക്ക് വരുന്ന യാത്രക്കാരുടെ വിശദവിവരങ്ങള്‍ സര്‍ക്കാരിന് മുന്‍കൂട്ടി ലഭിച്ചാല്‍ മാത്രമേ നിര്‍ബന്ധിത ഹോം ക്വാറന്റീന്‍ സൗകര്യം ആര്‍ക്കെല്ലാം എന്നതു സംബന്ധിച്ച് വിലയിരുത്താനും മറ്റുള്ളവര്‍ക്ക് ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റിന്‍ ഒരുക്കാന്‍ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനത്തിന് മുന്‍കൂര്‍ വിവരം നല്‍കാനും സാധിക്കുകയുള്ളൂ. സംസ്ഥാനത്തേക്ക് മടങ്ങിവരുന്നവരെല്ലാം കൊവിഡ്-19 ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.
കൊവിഡ്19 ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത ആളുകളുടെ ആവശ്യപ്രകാരം ട്രെയിനുകള്‍ സര്‍വിസ് നടത്താനുള്ള സംസ്ഥാന സര്‍ക്കാരിന്റെ അനുമതി കാലതാമസമില്ലാതെ തന്നെ ലഭ്യമാക്കുമെന്ന് സംസ്ഥാനന്തര യാത്രയുടെ ചുമതലയുള്ള പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ അറിയിച്ചു. എല്ലാ മലയാളികള്‍ക്കും കേരളത്തിലേക്ക് മടങ്ങി വരുവാനുള്ള അവകാശമുണ്ട്. എന്നാല്‍ സ്വന്തം ആരോഗ്യവും കുടുംബത്തിന്റെ ആരോഗ്യവും സമൂഹത്തിന്റെ ആരോഗ്യവും സംരക്ഷിച്ചു നിര്‍ത്താനുള്ള ഒരു സംവിധാനമായി മാത്രം കണ്ട് കേരളത്തിലേക്ക് വരുന്നവര്‍ നിര്‍ബന്ധമായും കൊവിഡ്-19 ജാഗ്രത പോര്‍ട്ടലില്‍ തങ്ങളുടെ വിവരങ്ങള്‍ രേഖപ്പെടുത്തണം. പൊതുനന്മ മുന്നില്‍ കണ്ടു ക്രമമായി ആളുകളെ കൊണ്ടുവരാന്‍ സര്‍ക്കാര്‍ ഒരുക്കിയ സംവിധാനവുമായി സഹകരിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."