കരിപ്പൂര്‍ വിമാനത്താവളത്തില്‍ 3.2കിലോ സ്വര്‍ണവും വിദേശ കറന്‍സിയും പിടികൂടി
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ 90 ലക്ഷം രൂപവിലവരുന്ന 3.2 കിലോഗ്രാം സ്വര്‍ണവും 33 ലക്ഷത്തിന്റെ വിദേശ കറന്‍സിയും പിടികൂടി. കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗമാണ് രണ്ട് യാത്രക്കാരില്‍ നിന്നായി ഇവ പിടിച്ചെടുത്തത്.
കഴിഞ്ഞ ദിവസം രാത്രി ദമാമില്‍ നിന്ന് കോഴിക്കോട്ടെത്തിയ ജെറ്റ് എയര്‍വേസ് യാത്രക്കാരനായ കിനാലൂര്‍ സ്വദേശി കെ.പി മിദിലാജാണ് (24) സ്വര്‍ണവുമായി പിടിയിലായത്. ഹൈപ്രഷര്‍ കാര്‍ വാഷറിന്റെ ആര്മേച്ചറിനുള്ളിലും മറ്റുമായിരുന്നു സ്വര്‍ണം സൂക്ഷിച്ചിരുന്നത്. വിമാനത്തില്‍ നിന്ന് ടെര്‍മിനലിനു പുറത്തേക്കു വരുന്നതിനിടെ കാര്വാഷര് കസ്റ്റംസ് സംഘം പരിശോധിച്ചു.
സാധാരണയിലും കൂടുതല്‍ ഭാരം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നു നടത്തിയ പരിശോധനയിലാണു സ്വര്‍ണം കണ്ടെത്തിയത്. ബിസ്ക്കറ്റ് രൂപത്തിലും പൈപ്പുകള്‍ക്കുള്ളിലും സ്വര്‍ണം ഒളിപ്പിച്ച നിലയിലായിരുന്നു. 33 ലക്ഷത്തിന്റെ വിദേശ കറന്‍സിയുമായി മലപ്പുറം വേങ്ങര സ്വദേശി സി.എം ഷൈജു (31) ആണ് പിടിയിലായത്.
സ്പൈസ് ജെറ്റ് എയര്‍ലൈന്‍സില്‍ ദുബൈയിലേക്കു പോകാനായി കരിപ്പൂരില്‍ എത്തിയതായിരുന്നു ഇയാള്‍. സഊദി റിയാല്‍, യു.എ.ഇ ദിര്‍ഹം, കുവൈത്ത് ദിനാര്‍ എന്നീ കറന്‍സികളാണ് കണ്ടെത്തിയത്.
20,000 രൂപയാണു ഷൈജുവിന് ഇവ വിദേശത്ത് എത്തിക്കാനായി ലഭിച്ചത്. ഹാര്‍ഡ്ബോര്‍ഡ് പെട്ടിക്കുള്ളില്‍ ചക്കയുടേയും മാങ്ങയുടേയും ഇടയിലായിരുന്നു പണം സൂക്ഷിച്ചിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."