'അമ്മ'യെന്ന ജീര്‍ണതയുടെ കൂടാരത്തിന് തീകൊളുത്തുക: റവല്യൂഷനറി യൂത്ത്
വടകര: സഹപ്രവര്‍ത്തകയെ അക്രമിച്ച കേസില്‍ പ്രതിയായ നടനെ തിരിച്ചെടുത്തതിലൂടെ വേട്ടക്കാരന്റെ പക്ഷം ചേര്‍ന്ന താരസംഘടന ജനാധിപത്യ കേരളത്തിന് അപമാനമാണെന്നും സംഘടന പിരിച്ചുവിട്ട് പൊതുസമൂഹത്തോട് മാപ്പ് പറയണമെന്നും റവല്യൂഷനറി യൂത്ത് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
സഹപ്രവര്‍ത്തകയെ ബലാത്സംഗം ചെയ്യാന്‍ ക്വട്ടേഷന്‍ നല്‍കിയെന്ന ഗുരുതരമായ കുറ്റാരോപണം നേരിടുന്ന നടനെ പിന്തുണക്കുകയും അതിക്രമത്തെ അതിജീവിച്ച നടിയെ നിരന്തരം അവഹേളിക്കുകയും ചെയ്യുന്നത് നവോത്ഥാന സമൂഹത്തിന് പൊറുക്കാനാവില്ല.
അത്യന്തം ഗൗരവമായ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങള്‍ ചുമത്തിയ നടനെ നിരപരാധിയെന്ന മുന്‍വിധിയോടെ താരസംഘടന പിന്തുണക്കുന്നത് സിനിമാ മേഖലയില്‍ എക്കാലവും നിലനില്‍ക്കുന്ന പുരുഷമേധാവിത്വത്തിന്റെ തെളിവാണ്. എം.പിയും എം.എല്‍.എമാരും ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ നേതൃത്വം നല്‍കുന്ന സംഘടനയാണ് ഇത്തരത്തില്‍ സ്ത്രീവിരുദ്ധവും കുറ്റകൃത്യങ്ങളെ പ്രോത്സാഹിപ്പിക്കുന്നതുമായ നിലപാട് സ്വീകരിക്കുന്നത്. സിനിമകളെ സാംസ്‌കാരിക ഇടപെടല്‍ എന്നതിലപ്പുറം സാംസ്‌കാരിക വ്യവസായമായി മാറ്റിയിരിക്കുന്നു.
മാനവിക ജനാധിപത്യ മൂല്യങ്ങള്‍ക്കുനേരെ ആക്രോശിക്കുന്ന അമ്മയെന്ന ജീര്‍ണതയുടെ കൂടാരത്തിന് തീകൊളുത്തി ജനാധിപത്യ ബോധമുള്ള ചലച്ചിത്ര പ്രവര്‍ത്തകര്‍ സിനിമയുടെ സര്‍ഗാത്മക സാധ്യതയുടെ പുതിയ വഴിതുറന്ന് മുന്നോട്ടു വരണമെന്നും റവല്യൂഷനറി യൂത്ത് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."