അനുശോചിച്ച് പ്രമുഖര്‍ വീരേന്ദ്രകുമാറിന്റെ സംഭാവനകള്‍ നിസ്തുലം: രാഷ്ട്രപതി ദരിദ്രര്‍ക്കും നിരാലംബര്‍ക്കും വേണ്ടി നിലകൊണ്ടു: പ്രധാനമന്ത്രി
കോഴിക്കോട്: എം.പി വീരേന്ദ്രകുമാറിന്റെ നിര്യാണത്തില്‍ സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയരംഗത്തെ പ്രമുഖര്‍ അനുശോചിച്ചു. അടിയുറച്ച സോഷ്യലിസ്റ്റായ വീരേന്ദ്രകുമാറിന്റെ സംഭാവനകള്‍ നിസ്തുലമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
മികച്ച പാര്‍ലമെന്റേറിയനായിരുന്ന വീരേന്ദ്രകുമാര്‍ ദരിദ്രര്‍ക്കും നിരാലംബര്‍ക്കുംവേണ്ടി നിലകൊണ്ടുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. മഹാനായ നേതാവിനെയാണ് നഷ്ടമായതെന്ന് ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു പറഞ്ഞു. കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നതായി രാഹുല്‍ ഗാന്ധി എം.പി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
സോഷ്യലിസ്റ്റെന്ന നിലയില്‍ സാധാരണക്കാരുടെ പ്രശ്‌നങ്ങളില്‍ കൂടുതല്‍ താല്‍പര്യം കാട്ടിയ വ്യക്തിയായിരുന്നു വീരേന്ദ്രകുമാറെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. വീരേന്ദ്രകുമാറിന്റെ വിയോഗം ജനാധിപത്യ, മതേതര ചേരിക്ക് കനത്ത നഷ്ടമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
അതുല്യരായ ഇന്ത്യന്‍ സോഷ്യലിസ്റ്റ് നേതാക്കളുടെ നിരയിലെ അവസാനത്തെ കണ്ണിയെയാണ് വീരേന്ദ്രകുമാറിന്റെ മരണത്തിലൂടെ നഷ്ടമായിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. വീരേന്ദ്രകുമാറിന്റെ വിയോഗം വലിയൊരു ശൂന്യതയുണ്ടാക്കിയെന്ന് ഭരണപരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക, സാഹിത്യ മണ്ഡലങ്ങളില്‍ നിറസാന്നിധ്യമായിരുന്ന വീരേന്ദ്രകുമാറിന്റെ വിയോഗം കേരളത്തിന് തീരാനഷ്ടമെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.
വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തകനായിരുന്ന കാലംമുതല്‍ വളരെ അടുത്തിടപഴകിയിട്ടുള്ള വലിയ വ്യക്തിത്വത്തിന് ഉടമയാണ് വീരേന്ദ്രകുമാറെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി അനുസ്മരിച്ചു. എം.പി വീരേന്ദ്രകുമാറിന്റെ വിയോഗം സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന് മാത്രമല്ല, പൊതുരംഗത്തിനും കനത്ത നഷ്ടമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.
സോഷ്യലിസ്റ്റ് നേതാവും രാജ്യസഭാംഗവുമായ വീരേന്ദ്രകുമാറിന്റെ വിയോഗം മതേതര കേരളത്തിന് തീരാനഷ്ടമെന്ന് മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് പറഞ്ഞു.
വളരെ ദുഃഖത്തോടെയാണ് വീരേന്ദ്രകുമാറിന്റെ നിര്യാണ വാര്‍ത്ത കേട്ടതെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
പലകാര്യങ്ങളിലും അദ്ദേഹത്തിന്റെ ഉപദേശം തേടാറുണ്ടായിരുന്നു. ഭൗതികദേഹത്തില്‍ ആദരാഞ്ജലി അര്‍പ്പിക്കാന്‍ സാധിക്കാത്തതില്‍ ദുഃഖമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
യൂസഫലിക്ക് വേണ്ടി ലുലു ഗ്രൂപ്പ് റീജ്യനല്‍ ഡയരക്ടര്‍ പി.പി പക്കര്‍ കോയ, മീഡിയ കോര്‍ഡിനേറ്റര്‍ എന്‍.ബി സ്വരാജ് എന്നിവര്‍ വീട്ടിലെത്തി റീത്ത് സമര്‍പ്പിച്ചു. സാധാരണക്കാര്‍ക്കും തൊഴിലാളികള്‍ക്കും കര്‍ഷകര്‍ക്കും വേണ്ടി നിരന്തരം ശബ്ദമുയര്‍ത്തിയ മനുഷ്യസ്‌നേഹിയായ നേതാവായിരുന്നു വീരേന്ദ്രകുമാറെന്ന് യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹ്‌നാന്‍ പറഞ്ഞു.
മന്ത്രിമാരായ ടി.പി രാമകൃഷ്ണന്‍, കെ. കൃഷ്ണന്‍ കുട്ടി, ജി.സുധാകരന്‍, എ.കെ ശശീന്ദ്രന്‍, കെ. രാജു, സി.രവീന്ദ്രനാഥ്, ഇ.ചന്ദ്രശേഖരന്‍, ഇ.പി ജയരാജന്‍, എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍, അബ്ദുസമദ് സമദാനി, കേന്ദ്രമന്ത്രി വി.മുരളീധരന്‍, മിസോറാം ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍ പിള്ള, എം.ഇ.എസ് പ്രസിഡന്റ് ഫസല്‍ ഗഫൂര്‍, നടന്‍ മമ്മൂട്ടി, കെ.മുരളീധരന്‍ എം.പി തുടങ്ങിയവരും അനുശോചിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."