മറക്കാനാവാത്ത പ്രസംഗം
1993 ജനുവരി മാസത്തിലെ വെളുത്തവാവ് ദിവസം എനിക്കിന്നും ഓര്‍മയുണ്ട്.
നിഴലും നിലാവും കെട്ടുപിണഞ്ഞു കിടക്കുകയാണ്. അറബിക്കടലിന്റെ റാണിയായ ലക്ഷദ്വീപിലെ ആന്ത്രോത്ത് ദ്വീപിലായിരുന്നു പ്രിയങ്കരനായ ഞങ്ങളുടെ നേതാവ് പി.എം സഈദിന്റെ പാര്‍ലമെന്റ് ജീവിതത്തിലെ സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ സംഘടിപ്പിച്ചത്്. മൂന്നു ദിവസങ്ങള്‍ നീണ്ടുനിന്ന ആഘോഷങ്ങളുടെ സമാപന ദിവസം ഇന്നും എന്റെ മനസില്‍ മായുന്നില്ല.
വിവിധ ദ്വീപുകളില്‍ നിന്നുള്ള സ്ത്രീകളും കുട്ടികളും പുരുഷന്മാരും തങ്ങളുടെ നേതാവിനെ കാണുവാനും ആശംസകള്‍ അര്‍പി
ക്കാനുമായി മനോഹരമായ ആ കടല്‍ത്തീരത്ത് ഒത്തുകൂടിയിരിക്കുക.
നാലു ദിവസങ്ങള്‍ക്ക് മുന്‍പാണ് ഞങ്ങള്‍ ആന്ത്രോത്തില്‍ കപ്പല്‍ ഇറങ്ങിയത്. ഏറ്റവും മുന്തിയ ആഡംബരക്കപ്പലായ ടിപ്പുസുല്‍ത്താനിലെ രണ്ടു ദിവസത്തെ കടല്‍യാത്ര എത്രവര്‍ണിച്ചാലും ഏറെയാവില്ല. അത്രയ്ക്ക് അവിസ്മരണീയമായിരുന്നു. സില്‍വര്‍ ജൂബിലി ആഘോഷ പരിപാടികളിലെ മുഖ്യ ശ്രദ്ധാകേന്ദ്രം കോഴിക്കോട്ട് നിന്നെത്തിയ മാപ്പിള കലാകാരികളായിരുന്നു. യുവജനോത്സവത്തില്‍ വര്‍ഷങ്ങളോളം അജയ്യരായിരുന്ന കാലിക്കറ്റ് ഗേള്‍സ് സ്‌കൂളിലെ ഒപ്പനക്കാരികളും പാട്ടുകാരികളും അടങ്ങിയ ഇരുപതംഗ സംഘത്തിന്റെ കടിഞ്ഞാണ്‍ എന്റെ കൈകളിലായിരുന്നു. കേരള സംസ്ഥാന മാപ്പിള സോങ് ലവേഴ്‌സ് അസോസിയേഷന്റെ കീഴില്‍ എത്തിയ കലാകാരികളോടൊപ്പം, മാപ്പിളപ്പാട്ടിലെ ഭീഷ്മാചാര്യനായ എന്‍.പി അബ്ദുല്‍ ഹമീദ്, ബീരാന്‍ മാസ്റ്റര്‍, ഖദീജ ടീച്ചര്‍ തുടങ്ങിയവരും അസോസിയേഷന്‍ പ്രവര്‍ത്തകരുമാണ്്. കരയില്‍ കാല്‍വെക്കുന്നതോടുകൂടി ഏതോ വിചിത്രനഗരിയില്‍ പ്രവേശിച്ചതുപോലെ തോന്നി. ലോകത്തിലെ ഏറ്റവും മനോഹരമായ കടല്‍ക്കരകളില്‍ ഒന്നിലാണ് നില്‍ക്കുന്നതെന്ന ബോധം പുളകമണിയിച്ചു. സ്വഭാവശുദ്ധിയിലും പെരുമാറ്റത്തിലും ഔദാര്യത്തിലും ആതിഥ്യമര്യാദകളിലുമെല്ലാം ഉന്നതനിലവാരം പുലര്‍ത്തുന്ന ഒരു ജനത.
ഇന്ന് സമാപന ദിവസമാണ്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലെ ഞങ്ങളുടെ കലാപ്രകടനം ദ്വീപ് നിവാസികളെ ഒന്നടങ്കം ആനന്ദഭരിതരാക്കിയിരുന്നു.
സമാപനച്ചടങ്ങില്‍ ഇന്ത്യയിലെയും വിശിഷ്യാ കേരളത്തിലെയും സാമൂഹിക-രാഷ്ട്രീയ മണ്ഡലങ്ങളിലെ പ്രമുഖരുടെ നീണ്ടനിര തന്നെയുണ്ടായിരുന്നു. പരിപാടികള്‍ ആരംഭിച്ചു. ആശംസാപ്രസംഗങ്ങളുടെ ഒരു ഘോഷയാത്ര.
ഞാന്‍ വാച്ചില്‍നോക്കി. കൃത്യം ഒന്‍പതു മണി. ആശംസാ പ്രസംഗങ്ങള്‍ അവസാനിച്ചിരിക്കുകയാണ്. അടുത്ത പരിപാടിയുടെ അനൗണ്‍സ്‌മെന്റ് തുടങ്ങിയിരിക്കുന്നു. മാപ്പിളകലാരംഗത്തെ മുടിചൂടാമന്നന്മാരായ കേരള സംസ്ഥാന മാപ്പിള സോങ് ലവേഴ്‌സിന്റെ നേതൃത്വത്തില്‍ അവതരിപ്പിക്കുന്ന ഒപ്പനയും കോല്‍ക്കളിയും സദസിനെ ഇളക്കിമറിക്കുകയാണ്. ഞാന്‍ സഈദ്് സാഹിബിനെ നോക്കി. ഞങ്ങളുടെ പരിപാടിയിലെ ആദ്യത്തെ ഇനം സഈദ് സാഹിബിനെ വര്‍ണിച്ചുകൊണ്ടുള്ള മാപ്പിള യുഗ്മഗാനമായിരുന്നു.
'ജയിക്കാനായി ജനിച്ചവന്‍ സഈദ് സാഹിബ്...' ആളുകളുടെ കരഘോഷത്തില്‍ പാട്ടുമുങ്ങിപോവുന്നു. രണ്ടാമത്തെ ഇനം മാപ്പിളമങ്കമാരുടെ ഒപ്പനയായിരുന്നു.
പെട്ടെന്ന് സദസില്‍ അസാധാരണമായ ഇളക്കം. മുന്‍സീറ്റിലുണ്ടായിരുന്ന പലരും അങ്ങോട്ടുമിങ്ങോട്ടും ഓടുന്നു. ചെറിയ ചെറിയ ഗ്രൂപ്പുകളായി സംസാരിക്കുന്നു. സഈദ് സാഹിബിന്റെ ചുറ്റും ആളുകള്‍ വട്ടംകൂടിനില്‍ക്കുന്നു. എവിടെ നിന്നാണെന്നറിയില്ല, ഹമീദ് ഓടിക്കിതച്ച് അരികില്‍ വന്നു. രണ്ട് കൈകളും എന്റെ ചുമലില്‍ ബലമായി അമര്‍ത്തി, ചെവിയില്‍ മന്ത്രിച്ചു. പരിപാടി ഉടനെ അവസാനിപ്പിക്കണം. സഈദ് സാഹിബിന് ഡല്‍ഹിയില്‍ നിന്നു നരസിംഹറാവുവിന്റെ ഫാക്‌സ് വന്നിരിക്കുന്നു. ഉടനെ ഡല്‍ഹിയിലേക്കു പുറപ്പെടണം. കേന്ദ്രമന്ത്രിസഭ പുന:സംഘടിപ്പിച്ചിരിക്കുകയാണ്. സഈദ് സാഹിബിനെ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയായി തെരഞ്ഞെടുത്തിരിക്കുന്നു. നാളെയാണ് സത്യപ്രതിജ്ഞ. ഹമീദ് ഇത്രയും പറഞ്ഞുകൊണ്ട് ആള്‍ക്കൂട്ടത്തില്‍ അപ്രത്യക്ഷനായി.
ഞാന്‍ സ്‌ക്രീന്‍ പെട്ടെന്ന് താഴ്ത്തുവാന്‍ ആവശ്യപ്പെട്ടു. അങ്ങേയറ്റത്തുണ്ടായിരുന്ന ബീരാന്‍ മാസ്റ്ററും ഖദീജ ടീച്ചറും എന്നെ തുറിച്ചുനോക്കി. സ്‌റ്റേജിലെ കലാകാരികള്‍ ഒരു നിമിഷം അന്താളിച്ചു. പിന്നെ ഇരുകൈയാലും മുഖംമറച്ച് പൊട്ടിക്കരയാന്‍ തുടങ്ങി. ഒരു പക്ഷേ അവരുടെ പ്രകടനം മോശമായതിലാവണം സ്‌ക്രീന്‍ താഴ്ത്തുവാന്‍ നിര്‍ദേശം കൊടുത്തതെന്ന് കരുതിയിട്ടുണ്ടാവാം.
സ്‌റ്റേജിലും പുറത്തുമുണ്ടായിരുന്ന സംഘത്തിലെ എല്ലാവരോടും പിന്‍വശത്തെ ഞങ്ങളുടെ അസോസിയേഷന്‍ ബാനറിനു ചേര്‍ന്ന് വരിവരിയായി നില്‍ക്കാന്‍ പറഞ്ഞുകൊണ്ട് മൈക്ക് കൈയിലെടുത്ത് സ്‌ക്രീന്‍ ഉയര്‍ത്താന്‍ നിര്‍ദേശം നല്‍കി.
എന്താണ് പറയേണ്ടത്്്, എങ്ങനെയാണ് പറയേണ്ടത് എന്നറിയാതെ ഞാന്‍ ചുറ്റുംനോക്കി. സഈദ് സാഹിബിനോട് സ്‌റ്റേജില്‍ കയറിവരാന്‍ രണ്ടും കല്‍പ്പിച്ച്് പറഞ്ഞു.
തികഞ്ഞ ചിരിയോട് കൂടി ആ വലിയ മനുഷ്യന്‍ ഓടിവന്നു.
സഈദ് സാഹിബിനെ എന്റെയരികിലേക്ക് അടുപ്പിച്ചുനിര്‍ത്തി സദസിനെ നോക്കി ഞാന്‍ പറഞ്ഞു. ഞങ്ങള്‍ ഒരു പ്രഖ്യാപനം നടത്തുകയാണ്. സദസ് ഒന്നടങ്കം എഴുന്നേറ്റു നില്‍ക്കണം. സദസിലുള്ളവര്‍ ആട്ടിന്‍കുട്ടികളെപ്പോലെ എന്റെ ആജ്ഞ സ്വീകരിച്ചു.
സര്‍വത്ര നിശബ്ദത.
സഈദ് സാഹിബിന് ലഭിച്ച ഈ അപൂര്‍വ ബഹുമതിയിലുള്ള ഞങ്ങളുടെ സന്തോഷം അറിയിക്കുന്നുവെന്നും അദ്ദേഹത്തിന് ഇപ്പോള്‍ ലഭ്യമായ ഈ സ്ഥാനം ഞങ്ങളുടെ കൂടി പ്രാര്‍ഥനയുടെ ഫലമാണ് കേരള സംസ്ഥാന മാപ്പിള സോങ് ലവേഴ്‌സ് അസോസിയേഷന്റെ മുഖ്യരക്ഷാധികാരിയായി ഞങ്ങള്‍ അവരോധിക്കുന്നുവെന്നും ഇതിന്റെ ഓര്‍മയ്്ക്കായി എന്റെ കഴുത്തിലെ ബാഡ്ജ് അദ്ദേഹത്തിന് ചാര്‍ത്തുകയാണെന്നും ഞാന്‍ പറഞ്ഞു തീരുന്നതിന് മുന്‍പ്് സദസില്‍ നിന്നു ഉച്ചത്തില്‍ ഒരാള്‍വിളിച്ചു പറഞ്ഞു.
'ബോലോ തക്ബീര്‍-അല്ലാഹു അക്ബര്‍
മാപ്പിള കലാ സംഘം വിജയിക്കട്ടെ'
സദസ് ഒന്നടങ്കം അതേറ്റു പറഞ്ഞു. ആ വരികള്‍ ഇന്നും എന്റെ ഉള്ളില്‍ ഉച്ചത്തില്‍ മുഴങ്ങുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."