ഇന്ത്യന്‍ പ്രദേശം ഉള്‍പ്പെടുത്തി നേപ്പാള്‍ ഭൂപടം; ബില്‍ പാര്‍ലമെന്റില്‍
കാഠ്മണ്ഡു: ഇന്ത്യയുടെ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി പുതിയ ഭൂപടം പാര്‍ലമെന്റില്‍ അവതരിപ്പിച്ച് നേപ്പാള്‍. നിയമമന്ത്രി ശിവമായ തുംബഹങ്‌ഫെയാണ് ഇതിനായുള്ള ഭരണഘടനാ ഭേദഗതി അവതരിപ്പിച്ചത്.
ബില്ലിന് അനുകൂലമായി വോട്ട് ചെയ്യുമെന്ന് നേപ്പാളിലെ പ്രതിപക്ഷ പാര്‍ട്ടിയായ നേപ്പാളി കോണ്‍ഗ്രസ് അറിയിച്ചിട്ടുണ്ട്. പ്രതിപക്ഷത്തിന്റെ പിന്തുണ ഉറപ്പായതോടെ ബില്ല് പാര്‍ലമെന്റില്‍ പാസാകുമെന്ന കാര്യം ഉറപ്പായി. ഒലി സര്‍ക്കാരിന്റെ നീക്കത്തിനു പിന്നില്‍ ചൈനയാണെന്ന് ഇന്ത്യ കരുതുന്നു.
ഇന്ത്യയുടെ ഭൂപടത്തില്‍ ഉള്‍പ്പെട്ട 370 ചതുരശ്ര കിലോമീറ്റര്‍ വരുന്ന ലിംപിയാദുര, കാലാപാനി, ലിപുലേഖ് എന്നീ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിയുള്ളതാണ് നേപ്പാളിന്റെ പുതിയ ഭൂപടം. ഇന്ത്യ, ചൈന, നേപ്പാള്‍ അതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശമാണ് ലിപുലേഖ്. 1962ലെ ചൈനായുദ്ധം മുതല്‍ ഇന്ത്യ കാവല്‍ നില്‍ക്കുന്ന വളരെ തന്ത്രപ്രധാനമായ മേഖലയാണിത്. നേപ്പാളിന്റെ നീക്കത്തിനെതിരെ ഇന്ത്യ ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.
നേപ്പാളിന്റെ വാദം ചരിത്രവസ്തുതകള്‍ക്കെതിരാണെന്ന് പറഞ്ഞ ഇന്ത്യ ഈ നടപടിയില്‍ നിന്ന് പിന്മാറാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
നേപ്പാളിലെ ഭരണകക്ഷിയായ നേപ്പാളി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഈ മാസം ആദ്യം തന്നെ പുതിയ രാഷ്ട്രീയ ഭൂപടത്തിന് അംഗീകാരം നല്‍കിയുന്നു.
ലിപുലേഖുമായി ഉത്തരാഖണ്ഡിലെ ധര്‍ച്ചുലയെ ബന്ധിപ്പിക്കുന്ന 80 കിലോമീറ്റര്‍ റോഡ് ഇന്ത്യ തുറന്നതിനു പിന്നാലെയാണ് ഭൂപടപരിഷ്‌കരണ നടപടികളുമായി നേപ്പാള്‍ രംഗത്തെത്തിയത്.
ഇന്ത്യയില്‍ നിന്നുള്ള ആളുകള്‍ കൃത്യമായ പരിശോധനയില്ലാതെയാണ് രാജ്യത്തേക്ക് വരുന്നതെന്നും ഇത് കൊവിഡ് വ്യാപനത്തിനു കാരണമായെന്നുമാണ് നേപ്പാള്‍ പ്രധാനമന്ത്രി കെ.പി ശര്‍മ ഒലി പറഞ്ഞത്. ഇന്ത്യന്‍ വൈറസ് ചൈനീസ് വൈറസിനേക്കാളും മാരകമാണെന്നും ഒലി പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."