ദിര്ആ സമാധാനം: റഷ്യയുമായി ജോര്‍ദാന്‍ ചര്‍ച്ചയ്ക്ക്
അമ്മാന്: ദക്ഷിണ സിറിയയിലെ ദിര്ആയില് സമാധാനത്തിനായി റഷ്യയുമായി ചര്‍ച്ചയ്ക്കൊരുങ്ങി ജോര്‍ദാന്‍. വിമതപ്രദേശമായ ദിര്ആ പിടിച്ചെടുക്കാന്‍ സിറിയന്‍ സേന നടത്തുന്ന ആക്രമണം നിര്‍ത്തി മേഖലയില്‍ സമാധാനം തിരിച്ചുകൊണ്ടുവരാനാണ് ശ്രമം. നേരത്തെ, വിമതരും റഷ്യന്‍ അധികൃതരും ചര്‍ച്ച നടത്തിയിരുന്നുവെങ്കിലും പരാജയപ്പെട്ടിരുന്നു.
ജോര്‍ദാന്‍ ഇടപെട്ടാണ് നേരത്തെ വിമത- റഷ്യന്‍- സര്‍ക്കാര്‍ തല ചര്‍ച്ച നടത്തിയത്. എന്നാല്‍ ഇത് വിജയംകണ്ടില്ല. ഇതോടെയാണ് ജോര്‍ദാന്‍ തന്നെ നേരിട്ട് രംഗത്തിറങ്ങാന്‍ തീരുമാനിച്ചത്. ചര്‍ച്ചയ്ക്കായി മോസ്കോയിലെത്തി വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവിനെ കാണുമെന്ന് ജോര്‍ദാനിയന്‍ വിദേശകാര്യ മന്ത്രി അയ്മന് സഫാദി പറഞ്ഞു.
ജോര്‍ദാന്‍ അതിര്‍ത്തി പ്രദേശമായ ദിര്ആയിലാണ് സര്‍ക്കാര്‍ ആക്രമണം ശക്തമാക്കിയിരിക്കുന്നത്. ഇതേത്തുടര്‍ന്ന് ദിര്ആയില് നിന്ന് ലക്ഷക്കണക്കിനു പേര് ജോര്‍ദാന്‍ ഭാഗത്തേക്ക് പാലായനവും തുടങ്ങി. വിമതരുടെ കൈവശമുള്ള ദിര്ആ, ഖുനൈത്തറ, സ്വീദ എന്നിവ പിടിച്ചെടുക്കാനാണ് സര്‍ക്കാര്‍ സൈന്യത്തിന്റെ ഇപ്പോഴത്തെ നീക്കം.
റഷ്യയുടെ വ്യോമായുധങ്ങളുടെ പിന്‍ബലത്തോടെ നടത്തുന്ന ആക്രമണത്തില്‍ ദിര്ആയുടെ ഒരു ഭാഗം പിടിച്ചെടു കഴിഞ്ഞിട്ടുണ്ട്.
കുടിയേറ്റം കാരണം ആളുകള്‍ അധികമാവുമെന്ന ഭയമാണ് ജോര്‍ദാനെ ചര്‍ച്ചയ്ക്ക് പ്രേരിപ്പിച്ചത്. ജോര്‍ദാനില്‍ ഇപ്പോള്‍ തന്നെ 1.3 മില്യണ്‍ സിറിയക്കാരുണ്ടെന്നും താങ്ങാവുന്നതിന്റെ പരമാവധി ആണിതെന്നും അയ്മന് സഫാദി പറഞ്ഞു. ജോര്‍ദാന്‍ ഇതിന്റെ ഉത്തരവാദിത്തം ജോര്‍ദാന്റെ ചുമലില്‍ ഏല്‍പ്പിക്കപ്പെട്ടു. ഒറ്റയ്ക്കാണ് ഇത് ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."